ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടരികെ നില്‍ക്കെ ഇന്റർനെറ്റില്‍ വോട്ടർമാരെ ലക്ഷ്യമിട്ട് കഴിഞ്ഞ ഒരു മാസം മാത്രം ബി.ജെ.പി വാരിയെറിഞ്ഞത് കോടികള്‍. ഗൂഗിളിന്റെയും മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെയും വിവിധ പ്ലാറ്റ്‌ഫോമുകളില്‍ മാത്രം ജനുവരി 29നും ഫെബ്രുവരി 29നും ഇടയില്‍ രാജ്യം ഭരിക്കുന്ന പാർട്ടി ചെലവാക്കിയത് 29.7 കോടി രൂപയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ കൂട്ടാനും കേന്ദ്ര സർക്കാർ പദ്ധതികള്‍ക്കു പ്രചാരം നല്‍കാനുമായാണ് ഇത്രയും ഭീമമായ തുക ഗൂഗിളില്‍ മാത്രം ചെലവിട്ടിരിക്കുന്നത്. മലയാളം ഉള്‍പ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ടർമാരെയും മുന്നില്‍കണ്ടും കോടികള്‍ മുടക്കിയിട്ടുണ്ടെങ്കിലും ബി.ജെ.പി പരസ്യങ്ങളുടെ പ്രധാന ലക്ഷ്യം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗൂഗിള്‍ ആഡ്‌സ് ട്രാൻസ്പരൻസി സെന്ററില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ‘ദി ന്യൂസ് മിനുട്ട്’ ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഗൂഗിള്‍ സെർച്ച്‌, യൂട്യൂബ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലായിരുന്നു ബി.ജെ.പി പരസ്യം നല്‍കിയത്. ലക്ഷക്കണക്കിനു വെബ്‌സൈറ്റുകള്‍, യൂട്യൂബ് ഉള്‍പ്പെടെയുള്ള വിഡിയോ പ്ലാറ്റ്‌ഫോമുകള്‍, വിവിധ ആപ്പുകള്‍ എന്നിവയിലൂടെയെല്ലാം വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കമുണ്ടായിട്ടുണ്ട്. 12,600 പരസ്യങ്ങളാണു പ്രസിദ്ധീകരിച്ചത്. ഇതില്‍ 75 ശതമാനവും വിഡിയോകളായിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലയളവില്‍ ചെലവാക്കിയതിന്റെ പതിന്മടങ്ങ് പണമാണ് ഇത്തവണ ഗൂഗിള്‍ പരസ്യങ്ങള്‍ക്കായി ചെലവിട്ടത്.

2019 തെരഞ്ഞെടുപ്പിനുമുൻപുള്ള നാലു മാസം ആകെ 12.3 കോടി രൂപ ചെലവിട്ടിടത്താണ് വെറും ഒരു മാസംകൊണ്ട് 30 കോടി രൂപ പൊടിച്ചിട്ടുള്ളത്.കേരളം, തമിഴ്‌നാട്, തെലങ്കാന, കർണാടക ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ സ്വാധീനമുറപ്പിക്കാൻ ബി.ജെ.പി പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കെ ഹിന്ദി ഹൃദയഭൂമിയില്‍ തന്നെയാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു വ്യക്തമാക്കുന്നതാണു കണക്കുകള്‍.

കഴിഞ്ഞ മാസത്തെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ തുക ചെലവിട്ടത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്‍ക്കു വേണ്ടിയായിരുന്നു. ഇതില്‍ തന്നെ ബി.ജെ.പിയോ സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണു പ്രധാന ശ്രദ്ധ നല്‍കിയിട്ടുള്ളത്. ഇതിനു പുറമെ ഡല്‍ഹി, പഞ്ചാബ് ഉള്‍പ്പെടെ പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനങ്ങള്‍ക്കായും ലക്ഷങ്ങള്‍ ചെലവാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക