ബാർകോഴ കേസിൽ കെ എം മാണിയെ അർദ്ധ രാത്രിയിൽ അറസ്റ്റ് ചെയ്യുവാൻ ഇടതു ഭരണകൂടം ശ്രമിച്ചു? ശക്തമായ തെളിവുകൾ ശേഖരിക്കാതെ മാണിയെ അറസ്റ്റ് ചെയ്യുന്നതിനെ എതിർത്തതു മൂലം ജേക്കബ് തോമസ് സർക്കാരിന് അനഭിമതനായി? തനിക്കെതിരെ സർക്കാർ നടത്തിയ അറസ്റ്റ് നീക്കം യുഡിഎഫിലേക്ക് തിരികെ പോകുവാൻ കെഎം മാണിയെ പ്രേരിപ്പിച്ചു? വിവാദങ്ങൾ അവസാനിപ്പിക്കാതെ ബാർകോഴ കേസ് കേരള രാഷ്ട്രീയത്തിൽ അലയടിക്കുമ്പോൾ…

ബാര്‍ കോഴ കേസിന്‍റെ പിന്നാമ്പുറങ്ങളിലെ ഏറ്റവും നിര്‍ണായക നാടകങ്ങളിലൊന്നാണ് കെ.എം മാണിയെ അറസ്റ്റ് ചെയ്യാന്‍ വിജിലന്‍സ് നടത്തിയ നീക്കം. കെ.എം മാണി പ്രതിപക്ഷത്തായിരിക്കെ ആയിരുന്നു അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പോലുമറിയാതെ നിര്‍ണായക നീക്കം നടന്നത്.ബാര്‍ കോഴ വിവാദത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കേസെടുത്തപ്പോള്‍ വിജിലന്‍സ് ഉപമേധാവിയായിരുന്ന ജേക്കബ് തോമസ് അന്നുതന്നെ ധനമന്ത്രിയായിരുന്ന കെ.എം മാണിയെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പിന്നീട് പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ വിജിലന്‍സ് ഡയറക്ടറായതും ജേക്കബ് തോമസായിരുന്നു. ഇതോടെ ബാര്‍ കോഴ കേസ് ശക്തമായി അന്വേഷിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു.

ജേക്കബ് തോമസിന് കെ.എം മാണിയോടുള്ള വ്യക്തിവിരോധം സ്വാഭാവികമായും കേസില്‍ പ്രതിഫലിക്കും എന്നായിരുന്നു ഇടതുപക്ഷത്തിന്‍റെ നിരീക്ഷണം. എന്നാൽ തെളിവുണ്ടെങ്കില്‍ മാത്രമേ നടപടി പാടുള്ളു, തെളിവുണ്ടെങ്കില്‍ നിയമപരമായി തന്നെ മുന്നോട്ട് പോകണം എന്നും, ശക്തമായ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാൻ പാടുള്ളൂ എന്ന നിർദേശമാണ് വിജിലൻസ് മേധാവി അന്വേഷണസംഘത്തിന് നൽകിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ ഇടതുപക്ഷത്തെ ചിലരുടെ രാഷ്ട്രീയ വിരോധം മൂലം വിജിലൻസ് മേധാവി പോലുമറിയാതെ സംസ്ഥാനത്തെ പ്രമുഖനായ നേതാവിനെ അറസ്റ്റ് ചെയ്യാന്‍ സ്പെഷ്യല്‍ ടീമിനെ നിയോഗിച്ചു. ഇതുപ്രകാരം വിജിലന്‍സിന്‍റെ 8 വാഹനങ്ങളിലായി 32 അംഗ സംഘം ഒരു ദിവസം പാലായിലും കോട്ടയത്തുമായി തമ്പടിച്ചു. കോട്ടയം വിജിലന്‍സ് എസ്.പി പോലും അറിയാതെയായിരുന്നു നീക്കം. പുലര്‍ച്ചെ വീട്ടിലെത്തി കെ.എം മാണിയെ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. എന്തായാലും രാത്രി വൈകി ഈ അറസ്റ്റ് നീക്കം കെഎം മാണിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉള്ള ചിലർക്ക് ലഭിക്കുകയും അവർ കെ എം മാണിയെ വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു. വിജിലൻസ് സംഘം പാലായിൽ തങ്ങിയ ഗസ്റ്റ് ഹൗസിൽ നിന്നാണ് വിവരം ചോർന്നത്.

കെഎം മാണിയുടെ അടുപ്പക്കാർ എല്ലാവരും അദ്ദേഹത്തോട് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴും അദ്ദേഹം അതിന് തയ്യാറായില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ഇടതുപക്ഷം അത്തരം ഒരു നീക്കം നടത്തിയാൽ അതിനെ രാഷ്ട്രീയമായി നേരിടാനുള്ള ആത്മവിശ്വാസം പാലാ വിജയത്തിലൂടെ അദ്ദേഹം കൈവരിച്ചിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള തൻറെ അടുത്ത രാഷ്ട്രീയ സുഹൃത്തുക്കളോടും കെഎം മാണി വിവരങ്ങൾ പങ്കു വച്ചു എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നത്. അതിനു വേണ്ട വിധമുള്ള തയ്യാറെടുപ്പുകളും രാത്രി തന്നെ നടന്നു. ഇടതുപക്ഷത്തെ വിശ്വസിക്കാൻ കഴിയില്ല എന്ന നിലപാടിലേക്ക് അദ്ദേഹം പൂർണമായി എത്തിയത് ഈ ഒരു സംഭവത്തോടെ കൂടിയാണ് എന്നും വിലയിരുത്തലുകൾ ഉണ്ട്.

നാട്ടുകാരൻ എന്ന നിലയ്ക്ക് പാലായിലുള്ള ചില ബന്ധങ്ങളിലൂടെയാണ് വിജിലൻസ് ഡയറക്ടർ വിവരമറിയുന്നത്. ഉടനടി വിജിലൻസ് ഡയറക്ടർ ഇത്തരമൊരു നീക്കം നടത്തിയാൽ അത് രാഷ്ട്രീയമായി വലിയ തിരിച്ചടി സൃഷ്ടിക്കുമെന്ന മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുനൽകി. താൻ ഇത്തരമൊരു നീക്കത്തിന് അനുകൂലമല്ല എന്നും, തന്നെ അറിയിക്കാതെ ഭരണനേതൃത്വം ഇത്തരമൊരു നീക്കം നടത്തിയതിനുള്ള അതൃപ്തിയും ജേക്കബ് തോമസ് തുറന്നടിച്ചു എന്നാണ് അറിയാൻ കഴിയുന്നത്.കാര്യങ്ങൾ കൈവിട്ടു പോകും എന്ന് മനസ്സിലാക്കിയ സർക്കാർ അറസ്റ്റ് നീക്കത്തിൽ നിന്ന് പിന്നോട്ട് പോവുകയായിരുന്നു. ഇതോടുകൂടി ജേക്കബ്തോമസ് എന്ന ഉദ്യോഗസ്ഥൻ ഒരുനിലക്കും തങ്ങളുടെ വരുതിക്ക് നിൽക്കില്ല എന്ന് ഇടതുപക്ഷം മനസ്സിലാക്കുകയും അദ്ദേഹത്തെ സ്ഥാനത്തുനിന്ന് തെറിപ്പിച്ച് രാഷ്ട്രീയ പകപോക്കൽ നടത്തുകയും ചെയ്തു.

തൻറെ പ്രതിസന്ധിഘട്ടത്തിൽ യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച പിന്തുണയാണ് പിന്നീട് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് നടന്ന വേളയിൽ യുഡിഎഫിലേക്ക് മടങ്ങുവാൻ കെ എം മാണിക്ക് ആത്മവിശ്വാസം നൽകിയത്.അതിനു മുന്നേ തന്നെ ഇ അഹമ്മദ് മരിച്ചതിനെത്തുടർന്ന് പി കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച ലോക്സഭാ തിരഞ്ഞെടുപ്പിൽ നിരുപാധിക പിന്തുണ അദ്ദേഹത്തിന് കെഎംമാണി നൽകിയതിന് പിന്നിലും രാഷ്ട്രീയ പ്രതിസന്ധിയിൽ തനിക്ക് ലഭിച്ച പിന്തുണ തന്നെയാണ് കാരണം എന്ന് ന്യായമായും കരുതാം.

എങ്കിലും യുഡിഎഫ് പക്ഷത്തേക്ക് മടങ്ങുവാൻ ജോസ് കെ മാണിക്ക് താൽപര്യമില്ലായിരുന്നു. ഏതുവിധേനയും ഇടതുമുന്നണിയിലേക്ക് എന്ന രാഷ്ട്രീയ ലക്ഷ്യമാണ് അദ്ദേഹത്തിനു മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ കെഎം മാണി ഒരു രീതിയിലും അതിനു തയ്യാറായില്ല. ജോസ് കെ മാണിയെ അനുനയിപ്പിച്ച് യുഡിഎഫിൽ എത്തിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം കോൺഗ്രസിന് അർഹതപ്പെട്ട രാജ്യസഭാ സീറ്റ് വിലപേശി വാങ്ങുവാൻ നിർബന്ധിതനായത്. എന്നാൽ കെഎം മാണിയുടെ നിര്യാണത്തോടെ ഇടതുപാളയത്തിലേക്ക് നീങ്ങാനുള്ള നീക്കങ്ങൾ ജോസ് കെ മാണി വീണ്ടും സജീവമാക്കി. ആ നീക്കങ്ങളുടെ ഫലമായി ഇടതുമുന്നണിയിൽ എത്തുകയും കേരള കോൺഗ്രസിന് ഭരണ പങ്കാളിത്തം ലഭിക്കുകയും ചെയ്യുന്നു സാഹചര്യങ്ങളാണ് പിന്നീട് കേരള രാഷ്ട്രീയത്തിൽ കണ്ടത്.

നിയമസഭ ആക്രമണക്കേസിൽ കെഎം മാണിയെ മറന്നുകൊണ്ട് ഇടതുമുന്നണിയെ ന്യായീകരിക്കുന്ന രാഷ്ട്രീയ നിലപാട് കേരള കോൺഗ്രസ് സ്വീകരിക്കുമ്പോൾ കാര്യങ്ങൾ തുറന്നടിക്കാൻ തന്നെയാണ് യുഡിഎഫ് യുഡിഎഫ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾ വരുംദിവസങ്ങളിൽ കേരളരാഷ്ട്രീയത്തിൽ സജീവമാകും. കെഎം മാണിയെ കേരള കോൺഗ്രസ് വഞ്ചിച്ചു എന്ന പ്രചരണം യുഡിഎഫും കോൺഗ്രസും ശക്തമാക്കാനുള്ള സാധ്യതയാണ് ഇപ്പോൾ പ്രതിപക്ഷ നേതാവ് നടത്തുന്ന പരാമർശങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഉമ്മൻചാണ്ടി ഉൾപ്പെടെ കെഎം മാണിയോട് ആത്മബന്ധം സൂക്ഷിച്ചിരുന്ന നേതാക്കൾ ഇക്കാര്യത്തിൽ പരസ്യ നിലപാടുമായി രംഗത്തു വരാനുള്ള സാധ്യതയും രാഷ്ട്രീയ വൃത്തങ്ങൾ കാണുന്നു. ഏതായാലും ഇത്തരത്തിൽ ഒരു പ്രചാരണം സജീവമായാൽ നടത്തേണ്ട മറു പ്രചരണങ്ങളെ കുറിച്ച് സിപിഎമ്മും കേരളകോൺഗ്രസും കൂടിയാലോചനകൾ നടത്തുന്നുണ്ട് എന്നും വിവരമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക