കുണ്ടറ: ഭര്‍ത്തൃപിതാവിന്റെ മാനസിക പീഡനമാണ് രേവതി ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍. നിര്‍ദ്ധന കുടുംബാംഗമായ രേവതിക്ക് സ്ത്രീധനം പേരിനുമാത്രമായിരുന്നു. ഇതേച്ചൊല്ലിയുള്ള കുത്തുവാക്കുകള്‍ രേവതിയെ വേദനിപ്പിച്ചിരുന്നു.

ബന്ധുക്കള്‍ പറയുന്നത്:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രേവതിയുടെ വെള്ളിക്കൊലുസ് എത്ര പവനാണെന്ന് ചോദിച്ച്‌ സൈജുവിന്റെ പിതാവ് പതിവായി കളിയാക്കുമായിരുന്നു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് വിവാഹ സഹായമായി ലഭിച്ച 70,000 രൂപയ്ക്ക് അമ്മ ശശികല സ്വര്‍ണ്ണക്കൊലുസ് വാങ്ങി നല്‍കി. പിന്നീട് സ്വര്‍ണ്ണമാലയെച്ചൊല്ലിയായി പീഡനം. രേവതി ഭര്‍ത്താവിന് അവസാനം അയച്ച വാട്ട്സ്‌ആപ്പ് മെസേജിലും ഭര്‍ത്തൃപിതാവിന്റെ പരിഹാസത്തെപ്പറ്റി പറയുന്നുണ്ട്.

സൈജുവിന്റെ സഹോദരന്റെ ഭാര്യയും ഭര്‍ത്തൃപിതാവിന്റെ മാനസിക പീഡനം കാരണം സ്വന്തം വീട്ടിലാണ് കഴിയുന്നത്.

ഡയറിത്താളുകളില്‍ കണ്ണീര്‍ക്കണങ്ങള്‍

സ്വര്‍ണം കുറഞ്ഞതിന് ഭര്‍ത്തൃപിതാവ് കുത്തുവാക്കുകള്‍ പറഞ്ഞിരുന്നതായി രേവതി കൃഷ്ണയുടെ ഡയറിക്കുറിപ്പുകളില്‍ സൂചനയുണ്ട്. ‘എന്റെ ഭര്‍ത്താവിന് എന്നെക്കാളും സമ്ബത്തുള്ള പെണ്‍കുട്ടിയെ കിട്ടുമായിരുന്നു, ഞാന്‍ ഈ വീട്ടിലേക്ക് വരേണ്ടവളായിരുന്നില്ല…’

ഈ കുറിപ്പുകള്‍ രേവതി മറ്റൊരു വിസ്മയയാണെന്ന് വ്യക്തമാക്കുന്നു. വില്ലന്‍ ഭര്‍ത്താവല്ലെന്ന് മാത്രം. ഭര്‍ത്താവ് സൈജുവിനെ അവള്‍ പ്രാണനെപ്പോലെ സ്‌നേഹിച്ചിരുന്നു. ജീവനൊടുക്കുന്നതിന് മുമ്ബ് രേവതി വാട്സ്‌ആപ്പില്‍ ചാറ്റ് ചെയ്തത് സൈജുവിനോടായിരുന്നു. ‘എനിക്ക് വല്ലാത്ത വിഷമം’ അവള്‍ പറഞ്ഞു. എന്താ കാര്യമെന്ന് സൈജു ആവര്‍ത്തിച്ച്‌ ചോദിച്ചിട്ടും മറുപടിയില്ല. രേവതിയുടെ അമ്മയെ വീട്ടിലേക്ക് അയയ്ക്കാമെന്ന് സൈജു പറഞ്ഞു. അതിനവള്‍ കാത്തുനിന്നില്ല. രാവിലെ 9.30 ഓടെ ആരംഭിച്ച വാട്സ്‌ആപ്പ് ചാറ്റ് പത്ത് മണിയോടെ അവസാനിച്ചു.

പിന്നീട് സൈജു ഫോണില്‍ വിളിച്ചുകൊണ്ടിരുന്നു. എടുക്കാതിരുന്നതോടെ രേവതിയുടെ അമ്മയെ വിളിച്ച്‌ പറഞ്ഞു. അമ്മ ഓട്ടോറിക്ഷയില്‍ സൈജുവിന്റെ വീട്ടിലെത്തി. രേവതി വീട്ടില്‍ നിന്നിറങ്ങിയെന്നും എവിടെയാണെന്ന് അറിയില്ലെന്നുമാണ് ഭര്‍ത്തൃവീട്ടുകാര്‍ അറിയിച്ചത്. തുടര്‍ന്ന് അമ്മ കിഴക്കേകല്ലട പൊലീസ് സ്റ്റേഷനിലെത്തി. അവിടെ പൊലീസുകാര്‍ കല്ലടയാറ്റില്‍ ചാടി മരിച്ച യുവതിയെ തിരിച്ചറിയാനുള്ള തിരക്കിലായിരുന്നു. യുവതിയുടെ ചിത്രം കാണിച്ചതോടെ പൊട്ടിക്കരച്ചിലായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക