ലോക്സഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സീറ്റ് വിഭജനം ഇന്നലെ പൂർത്തിയാകും എന്നാണ് രാവിലെ റിപ്പോർട്ടുകൾ പുറത്തുവന്നത്. മൂന്നാം സീറ്റ് അവകാശവാദത്തിൽ ലീഗ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും എന്ന രാഷ്ട്രീയ സന്ദേശമാണ് യുഡിഎഫ് വൃത്തങ്ങളിൽ നിന്ന് ലഭിച്ചത്. എന്നാൽ ഉച്ചയ്ക്കുശേഷം ലീഗ് മൂന്നാം സീറ്റ് വിഷയത്തിൽ പിന്നോട്ടില്ല എന്ന് പാർട്ടി യോഗം കൂടി തീരുമാനിച്ചതോടെ യുഡിഎഫ് സീറ്റ് വിഭജനം കീറാമുട്ടി ആകുകയാണ്. ലോക്സഭയിൽ മൂന്നാം സീറ്റ് ഇല്ലെങ്കിൽ രാജ്യസഭാ സീറ്റിന് ലീഗ് അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു.

നിലവിലെ രാഷ്ട്രീയ പരിതസ്ഥിതിയിൽ രണ്ട് അവകാശവാദങ്ങൾക്കും വഴങ്ങാൻ കോൺഗ്രസ് തയ്യാറല്ല. സംസ്ഥാനത്ത് കോൺഗ്രസിന് 21 എംഎൽഎമാർ ഉള്ളപ്പോൾ ലീഗിന് നിയമസഭയിൽ 15 എംഎൽഎമാർ ഉണ്ട്. അംഗസംഖ്യയിലെ ഈ ചെറിയ അന്തരം ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും ലീഗ് കോൺഗ്രസിനെക്കാൾ ശക്തമാണ് എന്ന നിലയിലുള്ള പ്രചാരണം നടക്കുന്നത്. പരസ്യമായി ഈ പ്രചാരണങ്ങളെ തള്ളുമെങ്കിലും പലപ്പോഴും ഈ പ്രചാരണങ്ങളുടെ ഗുണഭോക്താവ് ആകാനുള്ള നീക്കം ലീഗിൻറെ ഭാഗത്തുനിന്ന് രഹസ്യമായി ഉണ്ടാവാറുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരത്തിൽ ഉമ്മൻചാണ്ടി സർക്കാർ വെറും 2 സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഭരണം നടത്തി പോന്ന സമയത്താണ് മുസ്ലിം ലീഗ് വിലപേശി അഞ്ചാം മന്ത്രി സ്ഥാനം ഉറപ്പിച്ചത്. ഇത് കോൺഗ്രസിൽ നിന്നും മറ്റു വിഭാഗങ്ങൾ അകലാനിടയാക്കിയ സംഭവമാണ്. സമാനമായി ഇപ്പോൾ ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടുന്നതും, രാജ്യസഭയ്ക്ക് വേണ്ടി വിലപേശുന്നതും യുഡിഎഫ് അനുഭാവം പുലർത്തുന്ന മറ്റു വിഭാഗങ്ങൾക്കിടയിൽ ആശങ്കകൾ ഉണ്ടാക്കും.

ലീഗിന് കൂടുതൽ സീറ്റ് കിട്ടുമ്പോഴും കോൺഗ്രസിന് കുറവ് സീറ്റ് കിട്ടുമ്പോഴും യഥാർത്ഥത്തിൽ പഴിക്കേണ്ടത് ലീഗിനെയാണ് കോൺഗ്രസിനെ അല്ല. മുസ്ലിംലീഗ് എന്ന പാർട്ടിയിലേക്ക് മതേതര വോട്ടുകൾ എത്തിക്കുന്നത് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും ഘടകകക്ഷി എന്ന മേൽവിലാസമാണ്. എന്നാൽ തിരികെ ലീഗ് മത്സരിക്കുന്ന മണ്ഡലങ്ങൾക്കപ്പുറം കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ യുഡിഎഫിലേക്ക് മുസ്ലിം വോട്ടുകൾ എത്തിക്കുന്നതിൽ ലീഗ് പരാജയപ്പെടുന്നുണ്ട്. അതായത് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും വോട്ടുകൾ കൊണ്ട് മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ വിജയിക്കുന്നു എന്ന് മാത്രമല്ല കോൺഗ്രസ് സ്ഥാനാർത്ഥികൾ ലീഗ് വോട്ട്/ മുസ്ലിം വോട്ട് കൊണ്ട് വിജയിക്കുന്നുമില്ല.

ജനവികാരം വായിച്ചെടുക്കാൻ കഴിയാതെ പോകുന്ന, രാഷ്ട്രീയമായ അടിയൊഴുക്കുകൾ തിരിച്ചറിയാത്ത, ഗൗരവകരമായ തന്ത്രങ്ങൾ ഒരുക്കാത്ത, കാലഹരണപ്പെട്ട ശൈലിയിൽ മുന്നോട്ടുപോകുന്ന കോൺഗ്രസ് കാലത്തിനൊത്ത് ഉയർന്നില്ലെങ്കിൽ കേരളം യുഡിഎഫിനും കോൺഗ്രസിനും അന്യമായി തീരും എന്നതിൽ സംശയമില്ല. മുസ്ലിംലീഗിന് അർഹതപ്പെട്ടത് കൊടുത്തും അനർഹപ്പെട്ടത് നിഷേധിച്ചും വരുതിയിൽ നിർത്താനും, ഫ്രാൻസിസ് ജോർജിനും, എം കെ പ്രേമചന്ദ്രനും അപ്പുറം കേരള കോൺഗ്രസിനോ, ആർഎസ്പിക്കോ ലോക്സഭാ സീറ്റ് ഇല്ല എന്ന് ഇപ്പോൾ തന്നെ തുറന്നുപറയാനും ഹൈന്ദവ ക്രൈസ്തവ വിഭാഗങ്ങളെ വിശ്വാസത്തിൽ എടുത്ത് കൂടെ നിർത്താനും കോൺഗ്രസിന് കഴിയണം.

നിലവിൽ നിയമസഭയിൽ ഉള്ള 21 സീറ്റുകളിൽ നിന്ന് 45 സീറ്റുകളിലേക്ക് എങ്കിലും കോൺഗ്രസ് വളർന്നില്ലെങ്കിൽ യുഡിഎഫിന് ഭരണം പിടിക്കുക അസാധ്യമാണ്. എന്നാൽ നിലവിലുള്ള 21 സീറ്റുകൾക്കൊപ്പം പുതിയ 24 സീറ്റുകൾ കോൺഗ്രസ് എവിടെ നേടും എന്നതാണ് പ്രധാന പ്രശ്നം. ഏതൊക്കെ മണ്ഡലങ്ങൾ കേന്ദ്രീകരിക്കണമെന്നോ, ഇവിടങ്ങളിൽ ഏതൊക്കെ സ്ഥാനാർത്ഥികളെ നിർത്തണമെന്നോ കോൺഗ്രസ് നേതൃത്വം ഇതുവരെ ആലോചിച്ചിട്ടു പോലുമില്ല. കൃത്യമായ പദ്ധതി ഒരുക്കി ജയിക്കാൻ പര്യാപ്തരായ സ്ഥാനാർത്ഥികളെ ചില മണ്ഡലങ്ങളിലേക്ക് ഇപ്പോൾതന്നെ നിയോഗിച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണം മുതൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം നടത്തിയാൽ മാത്രമേ കോൺഗ്രസിന് ഒരു തിരിച്ചുവരവ് കേരളത്തിൽ സാധ്യമാകൂ.

സാധാരണക്കാരായ ജനങ്ങൾക്ക് വരെ അറിയാവുന്ന ഈ കാര്യങ്ങൾ അറിയില്ലാത്തത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഉന്നത നേതാക്കൾക്ക് മാത്രമാണ്. അവരുടെ പ്രവർത്തനം കാണുമ്പോൾ വീണ്ടും പിണറായി അധികാരത്തിൽ എത്തുമോ എന്ന് ജനങ്ങൾ പോലും ഭയപ്പെടുന്നുണ്ട്. പക്ഷേ മാസപ്പടി കേസിൽ പിണറായിയും മകളും പുറത്തു പോയാൽ ഇവരില്ലാത്ത ഒരു സിപിഎമ്മും ഇടതുമുന്നണിയും ആണ് പൊതു തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിൽ കേരളത്തിൽ യുഡിഎഫിനേക്കാൾ സാധ്യത എൽഡിഎഫിന് തന്നെയാകും എന്നും പറയേണ്ടിയിരിക്കുന്നു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നയിക്കുന്നത് ആര്, മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുന്നതാര് എന്നും കോൺഗ്രസ് വ്യക്തമാക്കേണ്ടതുണ്ട്. ഹൈക്കമാൻഡ് തീരുമാനിക്കും എന്ന പതിവ് പല്ലവി ആവർത്തിച്ചാൽ ജനങ്ങൾ അത് മുഖവിലയ്ക്കെടുക്കില്ല. ജനങ്ങൾക്ക് വിശ്വാസത്തിൽ എടുക്കാവുന്ന, കേരളത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പ്രാപ്തനായ ഒരു നേതാവിനെ തിരഞ്ഞെടുപ്പിൽ മുന്നിൽ നിർത്തേണ്ടതും അത്യന്താപേക്ഷിതമാണ്. എനിക്കില്ലെങ്കിൽ മറ്റാർക്കും വേണ്ട എന്ന് ശൈലി കോൺഗ്രസ് നേതൃത്വം ഉപേക്ഷിച്ചില്ലെങ്കിൽ മധ്യപ്രദേശിലും രാജസ്ഥാനിലും സംഭവിച്ചതുപോലെ ഇനിയൊരിക്കലും തിരിച്ചുവരവില്ലാത്ത രീതിയിൽ പാർട്ടി തകർന്നടിയും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക