പാലാ യൂണിവേഴ്സൽ തിയേറ്റർ ഡയമണ്ട് ജൂബിലി നിറവിലാണ്. പാലായുടെ നഗര ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ഈ തീയറ്റർ മഹാറാണി യുവറാണി തീയേറ്റർ സമുച്ചയങ്ങൾക്കൊപ്പം പാലായിലെ പഴയ തലമുറയുടെ സിനിമ സ്വപ്നങ്ങൾക്ക് നിറക്കാഴ്ച സമ്മാനിച്ച ഇടത്താവളമായിരുന്നു. മഹാറാണിയും യുവറാണിയും പ്രവർത്തനവും അവസാനിപ്പിച്ചെങ്കിലും പാലായിൽ ആധുനിക ശബ്ദ ദൃശ്യ സംവിധാനങ്ങളുമായി പുതിയ കാലത്തിന്റെ ട്രെൻഡിന് ഒത്തുള്ള മൾട്ടിപ്ലക്സുകളുടെ കടന്നു വരവിലും യൂണിവേഴ്സൽ തിയറ്റർ പഴമയുടെ പ്രൗഢി നഷ്ടപ്പെടാതെ നിലനിൽക്കുന്നു.

ദീർഘകാലം പാലായുടെ നഗരസഭ അധ്യക്ഷനായിരുന്ന യശശരീരനായ ജോസ് തോമസ് പടിഞ്ഞാറേക്കര ആരംഭിച്ച് ഇന്ന് അദ്ദേഹത്തിൻറെ മക്കൾ പാലായുടെ നഗരസഭയുടെ മുൻ അധ്യക്ഷൻ ആന്റോ ജോസ്, പ്രമുഖ അഭിഭാഷകൻ ടോം ജോസ് എന്നിവരുടെ ഉടമസ്ഥതയിൽ ആണ് യൂണിവേഴ്സൽ തിയേറ്റർ. രണ്ടോ മൂന്നോ മൾട്ടിപ്ലക്സ് തീയറ്ററുകൾക്ക് ഉൾക്കൊള്ളാവുന്നത്ര ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒറ്റ തീയറ്റർ എന്നതാണ് യൂണിവേഴ്സലിന്‍റെ പ്രത്യേകത. ആധുനികകാല സംവിധാനങ്ങൾ അല്ല മറിച്ച് ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളാണ് യൂണിവേഴ്സിലിലെ സിനിമ അനുഭവങ്ങൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നത്തെ തീയറ്റർ സമുച്ചയങ്ങൾ പലപ്പോഴും നഗരങ്ങളുടെ പ്രാന്ത പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്നത് പാർക്കിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലക്ഷ്യമിട്ടാണ്. അതുകൊണ്ടുതന്നെ യൂണിവേഴ്സൽ പോലുള്ള തീയേറ്ററുകളുടെ പാർക്കിങ്ങിലെ പോരായ്മകൾ പലപ്പോഴും ഇന്നത്തെ തലമുറ ഒരു കുറവായി പറയാറുണ്ട്. എന്നാൽ ഇത്രമാത്രം യാത്രാസൗകര്യങ്ങളും സ്വകാര്യവാഹനങ്ങളും ഇല്ലാതിരുന്ന കാലത്ത് നഗര ഹൃദയത്തിൽ ബസ് സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു തീയേറ്റർ എന്നത് ദീർഘവീക്ഷണമുള്ള ഒരു വ്യാപാര ബുദ്ധിയും അതേസമയം തന്നെ ജനങ്ങൾക്ക് സിനിമ കാണാൻ കൂടുതൽ സൗകര്യമൊരുക്കുന്ന ഒരു തീരുമാനവും ആയിരുന്നു.

തീയറ്ററുകളിൽ നിന്ന് ഒടിടിയിലേക്ക് സിനിമയെന്ന മാധ്യമം പറിച്ചു നടപ്പെടുമ്പോഴും, പാലാ പോലൊരു ചെറു നഗരത്തിൽ പോലും തീയറ്റർ എന്നത് സിനിമയ്ക്ക് അപ്പുറം സ്നാക്സുകളുടെ വൈവിധ്യം ഒരുക്കുന്ന ഫുഡ് കോർട്ടുകൾ കൂടി തേടിയെത്തുന്നവർക്ക് വേണ്ടിയുള്ളതാകുമ്പോഴും, ഫൈസ്റ്റാർ ഹോട്ടലുകളെ അനുസ്മരിപ്പിക്കുന്ന ശുചിമുറികളും, റസ്റ്റ് റൂമുകളും ഒരുക്കുന്ന ഇടത്താവളങ്ങളും ആയി തിയേറ്റർ പരിണമിക്കുമ്പോഴും യൂണിവേഴ്സൽ തിയേറ്ററിലെ സിനിമാ അനുഭവം ഇന്നും 70കളുടെയും 80 കളുടെയും 90കളുടെയും കൗമാരക്കാർക്കും ചെറുപ്പക്കാർക്കും ഗൃഹാതുരത്വം ഉണർത്തുന്ന അനുഭവമാണ്. അതുകൊണ്ടുതന്നെ കാലഘട്ടത്തിന്റെ കുത്തൊഴുക്കിൽ പ്രസക്തി നഷ്ടപ്പെടാതെ പിടിച്ചുനിൽക്കാൻ യൂണിവേഴ്സൽ തിയേറ്റർ ഉടമകൾ നടത്തുന്ന ശ്രമങ്ങളും അഭിനന്ദനങ്ങൾ അർഹിക്കുന്നു. പ്രേക്ഷകരിൽ വലിയ പ്രതീക്ഷ ഉണർത്തുന്ന മോഹൻലാൽ ലിജോ ജോസ് പല്ലിശ്ശേരി കോംബോയുടെ ആദ്യചിത്രം മലൈക്കോട്ടെ വാലിഭനാണ് ഡയമണ്ട് ജൂബിലി ആഘോഷവേളയിൽ പാലായുടെ സിനിമ പാരമ്പര്യം ഉറങ്ങുന്ന ഈ തിയേറ്ററിൽ പ്രദർശനത്തിന് എത്തുന്നത് എന്നതും ഒരു പ്രത്യേകതയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക