2006 മുതൽ തുടർച്ചയായ നാല് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി മത്സരിക്കാൻ അവസരം കിട്ടിയ നേതാവാണ് ജോസഫ് വാഴയ്ക്കൽ. സംസ്ഥാന രാഷ്ട്രീയത്തിൽ രമേശ് ചെന്നിത്തലയുടെ വലം കൈ കൂടിയാണ് ഇദ്ദേഹം. നാലുതവണ മത്സരിച്ചെങ്കിലും ഒരുതവണ മാത്രമാണ് അദ്ദേഹത്തിന് ജയിക്കാൻ കഴിഞ്ഞത്. 2006 കോൺഗ്രസിന് താരതമ്യേന മുൻതൂക്കം ഉണ്ടായിരുന്ന കാഞ്ഞിരപ്പള്ളിയിൽ വാഴക്കൻ മത്സരിച്ചപ്പോൾ അന്ന് ഇടത് സ്വതന്ത്രനായി രംഗത്തെത്തിയ അൽഫോൺസ് കണ്ണന്താനത്തോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു.

പിന്നീട് 2011ൽ സുരക്ഷിത മണ്ഡലമായ മൂവാറ്റുപുഴയിലേക്ക് ചേക്കേറിയ വാഴക്കൻ അവിടെ നിന്ന് വിജയിച്ചു. സ്വന്തം കയ്യിലിരിപ്പ് കൊണ്ട് അഞ്ചുവർഷങ്ങൾക്കപ്പുറം മൂവാറ്റുപുഴയിൽ പതിനായിരകണക്കിന് വോട്ടിന് തോറ്റ വാഴക്കനെയാണ് 2016ൽ കാണാനായത്. 2021ൽ മൂവാറ്റുപുഴ സീറ്റിന് വേണ്ടി ചരട് വലിച്ചെങ്കിലും വാഴക്കൻ നിന്നാൽ സീറ്റ് നഷ്ടപ്പെടും എന്ന് മനസ്സിലാക്കിയ ഹൈകമാൻഡ് മൂവാറ്റുപുഴ തിരിച്ചു പിടിക്കാൻ മാത്യു കുഴൽനാടനെ നിയോഗിക്കുകയായിരുന്നു. മൂവാറ്റുപുഴ കുഴൽനാടൻ തിരികെ പിടിച്ചു. പകരം കാഞ്ഞിരപ്പള്ളിയിൽ മത്സരിച്ച വാഴക്കൻ ദയനീയമായി പരാജയപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാർട്ടിയെ നിരന്തരമായി പരാജയത്തിലേക്ക് നയിക്കുന്ന നേതാവായിട്ടും ഗ്രൂപ്പ് മാനേജർ എന്ന നിലയിൽ വാഴക്കൻ പാർട്ടിയിൽ ശക്തനാണ്. വർഷങ്ങളായി എറണാകുളത്ത് സ്ഥിരതാമസമാക്കിയ ഇദ്ദേഹം കോട്ടയം രാഷ്ട്രീയത്തിൽ സജീവമായി ഇടപെടൽ നടത്തുകയും ഗ്രൂപ്പ് പറഞ്ഞു കോട്ടയത്തെ പാർട്ടി പുനഃസംഘടനയിൽ പാർട്ടിയോട് കൂറില്ലാത്ത സ്വന്തം ആസ്മാദികൾക്ക് നിർണായക പദവികൾ നേടിയെടുക്കുന്നതിൽ വിദഗ്ധനാണ്. ഇവരെ ഉപയോഗിച്ച് നാമ മാത്രമായ ആളുകളെ കൂട്ടി കോട്ടയത്തും സ്വന്തം നാടായ പാലായിലും എല്ലാം പാർട്ടി പരിപാടികൾ എന്ന പേരിൽ ചില തട്ടിക്കൂട്ട് പരിപാടികൾ നടത്തി ഉദ്ഘാടകൻ ആകുകയാണ് അദ്ദേഹത്തിന്റെ പ്രധാന പാർട്ടി പ്രവർത്തനം.

പാമ്പിനെ പോലെ പകയുള്ള വാഴക്കൻ മൂവാറ്റുപുഴ സീറ്റ് തന്നിൽ നിന്ന് കവർന്നെടുത്ത മാത്യു കുഴൽനാടനോട് ഇതുവരെ ക്ഷമിച്ചിട്ടില്ല. പാലായിൽ പിടി തോമസിന്റെ സുഹൃത്തുക്കൾ സംഘടിപ്പിച്ച രണ്ടാമത് പിടി തോമസ് അവാർഡ് ഇത്തവണ നൽകിയത് മാത്യു കുഴൽനാടന് ആയിരുന്നു. അവാർഡ് സമ്മാനിക്കാൻ മുഖ്യാതിഥിയായി ക്ഷണിച്ചത് രമേശ് ചെന്നിത്തലയെ ആണ്. എന്നാൽ കുഴൽനാടന് സ്വന്തം നാട്ടിൽ വച്ച് സ്വന്തം നേതാവ് അവാർഡ് കൊടുക്കുന്നത് വാഴക്കന് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലായിരുന്നു. അതുകൊണ്ടുതന്നെ നേരിട്ട് ഇടപെട്ട് രമേശ് ചെന്നിത്തലയെ പരിപാടിയിൽ എത്തുന്നതിൽ നിന്ന് വിലക്കി എന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ സംസാരം.

ഇപ്പോൾ കോട്ടയം ജില്ലയിൽ കരുനീക്കങ്ങൾ നടത്താൻ വാഴക്കന് തുണയായി നിൽക്കുന്നത് മുൻപ് ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായിരുന്നു മുൻമന്ത്രി കെ സി ജോസഫ് ആണ്. എ-ഐ ഗ്രൂപ്പ് സംയുക്ത നീക്കത്തിലൂടെ ജില്ലയിലെ വിവിധ കമ്മിറ്റികളിൽ നിർണായക പദവികൾ പിടിച്ചെടുക്കാൻ ഈ സഖ്യത്തിനായി. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലും ഈ അച്ചുതണ്ട് കോട്ടയം ജില്ലയിൽ നീക്ക് പോക്ക് സഖ്യം ഉണ്ടാക്കിയെങ്കിലും ഉമ്മൻചാണ്ടി വികാരത്തെ മറികടക്കാൻ ഇവർക്ക് കഴിയാതെ പോയി. എന്നാൽ പാർട്ടി പുനസംഘടനയിലൂടെ പാർട്ടിക്കുള്ളിൽ കൂടുതൽ സ്ഥാനമാനങ്ങൾ പിടിച്ചെടുത്ത് ഈ അച്ചുതണ്ട് ശക്തി പ്രാപിക്കുകയാണ്. പക്ഷേ അത് കോൺഗ്രസിന് വിനയാകും എന്ന കാര്യത്തിൽ തർക്കമില്ല. കാരണം ഇവരുടെ നോമിനുകളായി എത്തുന്നത് ജന സ്വീകാര്യതയിലും, പാർട്ടി കൂറിലും പിന്നോക്കം നിൽക്കുന്നവരും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ തീവ്ര വക്താക്കളും ആണ്. വാഴക്കൻ ഉന്നതാധികാര സമിതിയിൽ എത്തിയതോടെ അങ്ങനെ ചത്താലും നാത്തൂന്റെ കണ്ണുനീർ കണ്ടാൽ മതി എന്ന നിലയിൽ പാർട്ടിയെ നമസ്കരിച്ചുള്ള ഗ്രൂപ്പുകളിക്ക് ആക്കം കൂട്ടുമെന്നതും ഉറപ്പാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക