സർക്കാർ ഗ്യാരന്റിക്ക് റിസർവ് ബാങ്ക് കൊണ്ടുവന്ന നിയന്ത്രണം സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ തകർക്കും. സാമ്ബത്തിക പ്രതിസന്ധിയില്‍ തളരുന്ന കേരളത്തിന് ഇത് ഇരട്ട തിരിച്ചടിയാണ്. കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പകള്‍ക്ക് അതിശക്തമായ നിയന്ത്രണം വരും. വായ്പ കുറയുമ്ബോള്‍ കേരളം തളരുമെന്നാണ് വിലയിരുത്തല്‍.

വായ്പകള്‍ കണക്കില്ലാതെ പെരുകുന്നതു സംബന്ധിച്ച്‌ ജൂലായ് 7ന് സംസ്ഥാനങ്ങളിലെ ധനവകുപ്പ് സെക്രട്ടറിമാരുടെ യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനങ്ങള്‍. വികസനത്തിന് മാത്രമല്ല ക്ഷേമ പെൻഷൻ കൊടുക്കാൻ പോലും വായ്പയെ ആണ് കേരളം ആശ്രയിക്കുന്നത്. ഇതെല്ലാം പുതിയ തീരുമാനത്തോടെ തകിടം മറിയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കിഫ്ബിയെ പൂർണ്ണമായും തകർക്കുന്നതാകും തീരുമാനം. സാമൂഹ്യക്ഷേമ പെൻഷൻ കമ്ബനിയുടെ വായ്പയെയും ബാധിക്കും. ഇതുമൂലം പെൻഷൻ വിതരണം പ്രതിസന്ധിയിലാകും. കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി അടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കും. അങ്ങനെ കേരളത്തെ വെട്ടിലാക്കുന്നതാണ് പുതിയ തീരുമാനം. കേരളത്തിന്റെ പൊതുകടം 3.57ലക്ഷം കോടിയാണ്. ഇതില്‍ 46, 391 കോടിയും സർക്കാർ ഗാരന്റിയില്‍ മറ്റ് സ്ഥാപനങ്ങള്‍ എടുത്ത വായ്പയാണ്.

ഓരോ സംസ്ഥാനത്തിന് പ്രതിവർഷം നേരിട്ട് എടുക്കാവുന്ന വായ്പയ്ക്ക് പരിധിയുണ്ട്. ഇത് മറികടക്കാനായിരുന്നു ഗാരന്റി തന്ത്രത്തിലൂടെ സംസ്ഥാനങ്ങള്‍ വായ്പ എടുത്തത്. ഇത്തരം വായ്പകള്‍ സർക്കാരിന്റെ വായ്പാ പരിധിയില്‍ കേന്ദ്രം കൊണ്ടു വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് പല വിവാദത്തിനും കാരണമായി. ഈ സാഹചര്യത്തിലാണ് ഗാരന്റി വായ്പകള്‍ക്ക് തന്നെ നിയന്ത്രണം കൊണ്ടു വരുന്നത്. ഇത് കേരളത്തെ ഏറെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്.

പുതിയ വ്യവസ്ഥ പ്രകാരം കേരള സർക്കാരിന് വർഷം 5000 കോടിയുടെ വായ്പകള്‍ക്കു മാത്രമേ ഗ്യാരന്റി നല്‍കാനാവൂ. പുതിയ ബഡ്ജറ്റിലും ഇതനുസരിച്ച്‌ വികസന പദ്ധതികള്‍ക്കടക്കമുള്ള തുക ചുരുക്കേണ്ടിവരും. കിഫ്ബി പോലുള്ള സംവിധാനങ്ങളിലൂടെ പരമാവധി വായ്പകള്‍ എടുക്കുകയും അതിന് സർക്കാർ ഗാരന്റി നില്‍ക്കുകയുമാണ് കേരളത്തിന്റെ രീതി. വികസനത്തിന് മാത്രമല്ല. ഏത് സ്ഥാപനം പ്രതിസന്ധിയിലായാലും സർക്കാർ ഗാരന്റി നിന്ന് അവരെ കൊണ്ട് വായ്പ എടുപ്പിക്കും. അതും ഇനി നടക്കില്ല.

കെടിഡിഎഫ്സിക്ക് ഗാരന്റി നിന്നെങ്കിലും വാഗ്ദാനം പാലിക്കാൻ കേരളത്തിനായില്ല. ഈ സാഹചര്യത്തിലാണ് റിസർവ്വ് ബാങ്ക് കടുത്ത തീരുമാനം എടുത്തത്. കേന്ദ്രസർക്കാർ നിയോഗിച്ച വർക്കിങ് ഗ്രൂപ്പിന്റെ റിപ്പോർട്ട് അംഗീകരിച്ചാണ് സംസ്ഥാന സർക്കാരുകള്‍ക്കാകെ ബാധകമാകുന്ന റിസർവ് ബാങ്ക് തീരുമാനം. പദ്ധതിക്കായി വായ്പയെടുക്കുമ്ബോള്‍ സംസ്ഥാന സർക്കാരുകള്‍ മൊത്തം തുകയുടെ 80ശതമാനത്തില്‍ കൂടുതല്‍ തുകയ്ക്ക് ഗ്യാരന്റി നല്‍കരുത്. സ്വകാര്യ പങ്കാളിത്തമുള്ള പദ്ധതികളുടെ വായ്പകള്‍ക്ക് ഗ്യാരന്റി നില്‍ക്കരുത്. ഒരുവർഷം പരമാവധി നല്‍കാവുന്ന ഗ്യാരന്റി മൊത്ത റവന്യു വരുമാനത്തിന്റെ 5 ശതമാനം അല്ലെങ്കില്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 0.5 ശതമാനം ഇതില്‍ ഏതാണോ കുറവ് അതായിരിക്കണം വാർഷിക ഗ്യാരന്റി പരിധി എന്നാണ് വ്യവസ്ഥ.

കെ.ടി.ഡി.എഫ്.സിയില്‍ നിന്നുള്ള കെ.എസ്.ആർ.ടി.സി വായ്പയ്ക്ക് സർക്കാർ ഗ്യാരന്റി നല്‍കിയിരുന്നു. എന്നാല്‍ കെ.എസ്.ആർ.ടി.സി തുക തിരിച്ചടയ്ക്കാത്ത സാഹചര്യത്തില്‍ ഗ്യാരന്റി പ്രകാരം പണം നല്‍കാൻ കഴിയില്ലെന്ന് സംസ്ഥാനം ഹൈക്കോടതിയെ അറിയിച്ചു. ഇതുമൂലം കെ.ടി.ഡി.എഫ്.സിയില്‍ പണം നിക്ഷേപിച്ചവർക്ക് തിരിച്ചുകൊടുക്കാനായില്ല. ഇത്തരം സംഭവങ്ങള്‍ പരിഗണിച്ചാണ് റിസർവ് ബാങ്ക് തീരുമാനം.

വിവിധ സംസ്ഥാനങ്ങള്‍ ഗ്യാരന്റി നിന്നെങ്കിലും തിരിച്ചടയ്ക്കാൻ കഴിയാത്ത തുക 7.40 ലക്ഷം കോടിയാണ്. 11സംസ്ഥാനങ്ങള്‍ ഒരു കരുതലുമില്ലാതെയാണ് ഗ്യാരന്റി നല്‍കുന്നത്. ഇത് കേന്ദ്രസർക്കാരിന് വൻ ബാദ്ധ്യതയാകും. പരിധിയില്ലാത്ത വായ്പയും ഗ്യാരന്റിയും നിയന്ത്രിക്കാൻ ഈവർഷം സംസ്ഥാനങ്ങളുടെ വായ്പാപരിധിയില്‍ 41,000 കോടിയാണ് കേന്ദ്രം വെട്ടിക്കുറച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക