പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പില്‍ വി എം സുധീരൻ തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. സംസ്ഥാനത്തെ എല്ലാ പാര്‍ലമെൻ്റ് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെക്കുറിച്ച്‌ മുന്നണികള്‍ ചര്‍ച്ച തുടങ്ങി കഴിഞ്ഞിട്ടുണ്ട്. യുഡിഎഫില്‍ ചില മണ്ഡലങ്ങള്‍ ഒഴിച്ച്‌ പല മണ്ഡലങ്ങളിലും നിലവിലെ എം പിമാര്‍ തന്നെ മത്സരിക്കുമെന്ന് ധാരണയായിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ തവണത്തെ പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ഭരണം കിട്ടിയില്ലെങ്കിലും കേരളത്തില്‍ 20ല്‍ 19 സീറ്റും നേടാൻ യുഡിഎഫിന് കഴിഞ്ഞു. ഇക്കുറിയും അത് ആവര്‍ത്തിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ കണക്കുകുട്ടുന്നത്.

ചില മണ്ഡലങ്ങളില്‍ ജനപ്രതിനിധികളുടെ മോശം പ്രകടനം കൊണ്ട് തന്നെ മണ്ഡലം കൈവിട്ടുപോകാനുള്ള സാഹചര്യവും ഉണ്ടെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആക്കുട്ടത്തില്‍ ഒന്നാണ് തൃശൂര്‍ പാര്‍ലമെൻ്റ് മണ്ഡലം. കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ മറന്ന് ഒന്നിച്ച്‌ നിന്നപ്പോള്‍ തൃശൂര്‍ തങ്ങളുടെ കൈപ്പിടിയിലാക്കാൻ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. അല്ലാത്തപ്പോഴൊക്കെ തോല്‍വിയുമുണ്ടായി. സാക്ഷാല്‍ കോണ്‍ഗ്രസ് ലീഡര്‍ കെ കരുണാകരനെയും അദ്ദേഹത്തിൻ്റെ പ്രിയ പുത്രൻ ഇന്നത്തെ സീനിയര്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെയും തോല്‍പ്പിച്ച മണ്ഡലം കൂടിയാണ് തൃശൂര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടുപേരെയും ഒരുപോലെ തോല്‍പ്പിച്ചത് അന്ന് പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഐയുടെ പ്രമുഖ നേതാവ് വി വി രാഘവൻ ആയിരുന്നു. എന്നാല്‍ തൃശൂരില്‍ പല സമയങ്ങളിലായി മുൻപ് കോണ്‍ഗ്രസിലായിരുന്ന പി സി ചാക്കോയും, കോണ്‍ഗ്രസ് നേതാവായകെ പി ധനപാലനുമൊക്കെ മത്സരിച്ചു വിജയിച്ച ചരിത്രവും തൃശൂരിനുണ്ട്. ബിജെപിയ്ക്കും നിര്‍ണായകമായ വോട്ട് ബാങ്കുള്ള മണ്ഡലം കൂടിയാണ് തൃശൂര്‍. അതുകൊണ്ട് തന്നെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മൂന്ന് മുന്നണികളും വളരെ പ്രതീക്ഷയോടെ തന്നെയാണ് തൃശൂരിനെ കാണുന്നത്.

തൃശൂര്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് യുഡിഎഫിനും എല്‍ഡിഎഫിനും ബിജെപിയ്ക്കുമുള്ളത്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി അവസാനം രംഗത്ത് എത്തിയ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് എത്തിയെങ്കിലും അദ്ദേഹം വലിയ നിലയില്‍ വോട്ട് പിടിച്ച്‌ മികച്ച പ്രകടനമാണ് നടത്തിയത്. അന്ന് ജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ ടി എൻ പ്രതാപൻ ആയിരുന്നു. സുരേഷ് ഗോപി തോറ്റ് പോയെങ്കിലും തൃശൂര്‍ കേന്ദ്രീകരിച്ചായിരുന്നു ഇക്കാലമത്രയും അദ്ദേഹം തൻ്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവൻ നടത്തിയത്. അതിനാല്‍ ഇക്കുറി തൃശൂരില്‍ സുരേഷ് ഗോപി മത്സരിച്ചാല്‍ തീര്‍ച്ചയായും ജയിക്കും എന്ന അമിത പ്രതീക്ഷയാണ് ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎയ്ക്ക് ഉള്ളത്.

യുഡിഎഫ് ആണെങ്കില്‍ തങ്ങളുടെ സിറ്റിംഗ് സീറ്റ് എങ്ങനെയും നിലനിര്‍ത്തുമെന്ന വാശിയിലാണ്. സിറ്റിംഗ് എംപി മാര്‍ തന്നെ അതാത് സീറ്റുകളില്‍ മത്സരിക്കുമെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തൃശൂരിലെ സിറ്റിംഗ് എം പി ടി എൻ പ്രതാപൻ വീണ്ടും മത്സരിച്ചാല്‍ ഫലം വിപരീതമാകുമെന്ന് കരുതുന്നവര്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ഒട്ടും കുറവല്ല. ടി എൻ പ്രതാപൻ തന്നെ തുടക്കം മുതല്‍ തൃശൂരില്‍ മത്സരിക്കാൻ വൈമുഖ്യം കാണിച്ചതും ശ്രദ്ധേയമാണ്. തനിക്ക് ഇനി തൃശൂരില്‍ നിന്ന് പാര്‍ലമെൻ്റിലേയ്ക്ക് മത്സരിക്കാൻ താല്‍പര്യമില്ലെന്ന് മുൻപ് തന്നെ ടി എൻ പ്രതാപൻ പ്രസ്താവന നടത്തിയിരുന്നു. ഇത് അദേഹം പരാജയം സ്വയം മണക്കുന്നത് കൊണ്ടാണെന്ന് കരുതുന്നവരും ഏറെയാണ്.

ഈയൊരു സാഹചര്യത്തില്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ടി എൻ പ്രതാപൻ പേരിന് മത്സരരംഗത്ത് വന്നുവെങ്കില്‍ കൂടി അത് എത്രമാത്രം വിജയം ആകുമെന്ന് ചിന്തിക്കാനുമാവില്ല. അങ്ങനെ വരുമ്ബോള്‍ തൃശൂരില്‍ പൊതു സ്വീകാര്യനായ ഒരു വ്യക്തിയെ പ്രതാപനു പകരം മത്സരരംഗത്ത് ഇറക്കേണ്ടത് യുഡിഎഫിന് അനിവാര്യമാണ്. മിക്കവരും ഇപ്പോള്‍ ചിന്തിക്കുന്നത് കോണ്‍ഗ്രസിലെ സീനിയര്‍ നേതാവും തൃശൂര്‍ മണ്ഡലത്തിന് സുപരിചിതനുമായ വി എം സുധീരനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തി തൃശൂര്‍ നിലനിര്‍ത്താമെന്നാണ്. ഉമ്മൻ ചാണ്ടിയുടെ മരണത്തിന് ശേഷം അത്തരത്തിലൊരു നേതാവിൻ്റെ അഭാവം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ നന്നായി ബാധിക്കുന്നുണ്ടെന്ന് വേണം പറയാൻ. അതിന് ഒരു പരിഹാരം ആകും സുധീരൻ വന്നാല്‍ എന്ന് കരുതുന്നവരും ഏറെയാണ്.

വി എം സുധീരൻ തൃശൂര്‍കാരൻ ആണ്. തൃശൂരിൻ്റെ എല്ലാ ഭാഗവും അടുത്ത് അറിയാവുന്നയാളുമാണ്. തൃശൂരിലെ ജനങ്ങളുമായി വലിയ ബന്ധമുണ്ട് സുധീരന്. തൃശൂരിലെ മണലൂരില്‍ നിന്ന് വളരെക്കാലംനിയമസഭാ പ്രതിനിധിയായിരുന്നു. സംസ്ഥാനത്ത് മന്ത്രിയും സ്പീക്കറുമൊക്കെയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒപ്പംആദര്‍ശധീരൻ എന്ന പരിവേഷവും സുധീരനുണ്ട്. ഇതൊക്കെ വോട്ടായി മാറുമെന്ന് വിചാരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ അനവധിയാണ്. സുധീരനും ഹൈക്കമാൻ്റും തമ്മില്‍ മികച്ച ബന്ധവുമുണ്ട്. ഒരിക്കല്‍ ഹൈക്കമാൻ്റ് നേരിട്ട് ഇടപെട്ടാണ് സുധീരനെ ആലപ്പുഴയില്‍ പാര്‍ലമെൻ്റിലേയ്ക്ക് മത്സരിപ്പിച്ചത്. അന്ന് അദേഹം ആലപ്പുഴയിലെ സിറ്റിംഗ് എംപിയായിരുന്ന ഇടതുമുന്നണിയിലെ ടി ജെ ആഞ്ചലോസിനെ പരാജയപ്പെടുത്തിയാണ് പാര്‍ലമെൻ്റില്‍ എത്തിയത്.

ഇക്കുറി സുധീരൻ തൃശൂരില്‍ മത്സരിച്ചാല്‍ അണികളില്‍ അത് ആവേശമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാൻ്റും കരുതുന്നു. തൃശൂര്‍ പാര്‍ലമൻ്റ് മണ്ഡലത്തിലെ ജാതി സമുദായം നോക്കുകയാണെങ്കില്‍ ഈഴവ സമുദായത്തിനാണ് വളരെ മുൻതൂക്കം. വി എം സുധീരൻ ഈഴവ സമുദായത്തില്‍പെട്ട ആളായതുകൊണ്ട് തന്നെ അത് വോട്ടില്‍ പ്രതിഫലിക്കും എന്നാണ് പാര്‍ട്ടി നേതൃത്വം വിശ്വസിക്കുന്നത്. തൃശൂരില്‍ ഇടതുമുന്നണിസ്ഥാനാര്‍ത്ഥിയായി വരാൻ സാധ്യതയുള്ളത് സിപിഐ യുടെ സീനിയര്‍ നേതാവും മുൻ മന്ത്രിയുമായ വി എൻ സുനില്‍ കുമാറാണ്. അദ്ദേഹം വളരെ ജനകീയനാണ്. വളരെക്കാലം യുഡിഎഫിൻ്റെ കയ്യിലിരുന്ന തൃശൂര്‍ നിയമസഭാ മണ്ഡലം സുനില്‍ കുമാറിനെ നിര്‍ത്തി ഇടതുമുന്നണി പിടിച്ചെടുക്കുകയായിരുന്നു. അന്ന് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമായിരുന്നു.

ഇക്കുറി സുനില്‍ കുമാര്‍ തന്നെ പാര്‍ലമെൻ്റ് സീറ്റില്‍ മത്സരിക്കാൻ ഇറങ്ങിയാല്‍ അദ്ദേഹത്തോട് പോരാടാൻ ടി എൻ പ്രതാപൻ മതിയോ എന്ന സംശയമാണ് ഇപ്പോള്‍ വി എം സുധീരനിലേയ്ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ എത്തി നില്‍ക്കുന്നത്. മറുവശത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി നടൻ സുരേഷ് ഗോപിയും എത്തിയാല്‍ മത്സരം പൊടിപാറുമെന്ന് തീര്‍ച്ചയാണ്. അങ്ങനെയെങ്കില്‍ തൃശൂര്‍ കാണാൻ പോകുന്നത് സുധീരൻ, സുനില്‍ കുമാര്‍, സുരേഷ് ഗോപി മത്സരമാകും. തൃശൂരിനെ ആര് എടുക്കുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക