വഴിയോരത്ത് എല്ലും തോലുമായി കിടന്നിരുന്ന യുവാവിന്റെ പാസ്‌പോര്‍ട് കണ്ട് ഞെട്ടിയിരിക്കയാണ് അധികൃതര്‍. കാരണം ഇയാള്‍ സന്ദര്‍ശിച്ചിരിക്കുന്നത് 20 ലേറെ രാജ്യങ്ങളാണ്. മുംബൈയില്‍ ഉയര്‍ന്ന കംപനിയില്‍ ജോലിയും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് വീടും സ്വന്തക്കാരുമില്ലാതെ എല്ലാം നഷ്ടപ്പെട്ട് എല്ലും തോലുമായി വഴിയരികില്‍ കിടക്കുന്ന അവസ്ഥയിലാണ് കാണാന്‍ കഴിഞ്ഞത്.

തൃശ്ശൂര്‍ നഗരത്തിലെ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് സമീപം വഴിയോരത്ത് എല്ലും തോലുമായി കിടന്നിരുന്ന മഹേഷ് അയ്യരുടെ (46) കഥയാണിത്. ഒരു കാലത്ത് ഇദ്ദേഹം വിമാന കംപനിയുടെ ‘ഫ്രീക്വന്റ് ഫ്ളൈയര്‍’ ആനുകൂല്യങ്ങള്‍ നേടിയ വ്യക്തിയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പാസ്‌പോര്‍ട് സാക്ഷ്യപ്പെടുത്തുന്നു. മുംബൈയിലെ ഋദ്ദി സിദ്ധി സ്റ്റീല്‍ കോര്‍പറേഷന്‍ കംപനിയില്‍ ഓവര്‍സീസ് ഓപറേഷന്‍ മാനേജര്‍ ആയിരുന്നു മഹേഷ്. ജോലിയുടെ ഭാഗമായി മിഡില്‍ ഈസ്റ്റ് ഉള്‍പെടെ ഇരുപതില്‍പ്പരം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മുംബൈയില്‍ ബൃഹത്തായ സൗഹൃദവലയത്തിന് ഉടമയുമായിരുന്നു മഹേഷ് എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏറ്റക്കുറച്ചിലുകളുടെ ഗ്രാഫാണ് സ്വാമി എന്ന് വിളിക്കുന്ന മഹേഷ് അയ്യരുടെ ജീവിതമെന്നാണ് സഹപാഠിയും അയല്‍വാസിയുമായ ബംഗ്ലൂരുവിലെ ജിന്‍സന്റെ അഭിപ്രായം. ബി കോം ജയിച്ചശേഷം ചാലക്കുടി ടൗണില്‍ ഓടോ റിക്ഷ ഓടിച്ച്‌ ഉപജീവനം നടത്തിയാണ് തുടക്കം. വെള്ളാഞ്ചേരിയിലെ വീട്ടില്‍ മാതാപിതാക്കള്‍ മുറുക്ക് ഉണ്ടാക്കുന്നത് ഓടോ റിക്ഷയില്‍ കൊണ്ടുപോയി വില്‍ക്കുകയായിരുന്നു പതിവ്. കുറച്ച്‌ സമ്ബാദ്യമൊക്കെ കയ്യില്‍ വന്നപ്പോള്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത് വീടുപണി തുടങ്ങി. എന്നാല്‍ പണി പൂര്‍ത്തിയാകും മുമ്ബുതന്നെ അച്ഛന് അര്‍ബുദം ബാധിച്ചു. ഇതായിരുന്നു കഷ്ടകാലത്തിന്റെ തുടക്കം. പിതാവിന് അസുഖം വന്നതോടെ വീടുപണി നിലച്ചു. വായ്പ തിരിച്ചടവു മുടങ്ങി. പലയിടങ്ങളില്‍നിന്നും വന്‍പലിശയ്ക്ക് പണം വാങ്ങി പിതാവിനെ ചികിത്സിച്ചു.

തിരിച്ചടവ് മുടങ്ങിയതോടെ വീട് ജപ്തിയായി. ഇതിനിടെ പിതാവ് മരിക്കുകയും ചെയ്തു. കൊടകരയിലെ ആശുപത്രിയില്‍നിന്ന് അച്ഛന്റെ മൃതദേഹം കൊണ്ടുവരാന്‍ ആംബുലന്‍സിന് പണമില്ലാതെ കഷ്ടപ്പെട്ടപ്പോള്‍ ജിന്‍സണാണ് സ്വന്തം ജീപില്‍ മൃതദേഹം വീട്ടിലെത്തിച്ചത്.അച്ഛനും വീടും നഷ്ടപ്പെട്ടതോടെ മഹേഷ് അമ്മയോടൊപ്പം ജോലി തേടി മുംബൈയിലേക്ക് പോയി. അവിടെ നല്ല കംപനിയില്‍ നല്ലനിലയിലും നല്ല ശമ്ബളത്തിലുമുള്ള ഉയര്‍ന്ന ജോലി കിട്ടുകയും ചെയ്തു. സ്വന്തമായി ഫ് ളാറ്റ് വാങ്ങി ജീവിതം നല്ലരീതിയില്‍ മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. ഇരുമ്ബുകമ്ബികള്‍ കയറ്റുമതിചെയ്യുന്ന സ്ഥാപനത്തിന്റെ വിദേശവിപണി കൈകാര്യംചെയ്യുന്ന മാനേജര്‍ ആയിരുന്നു മഹേഷ്. ഇതിന്റെ ഭാഗമായി നിരന്തരം വിമാനയാത്രകള്‍ നടത്തി.

വിദേശവിപണിയുടെ സാധ്യത മനസ്സിലാക്കിയ മഹേഷ് മുംബൈയില്‍ സ്വന്തമായി ഇതേ ബിസിനസ് തുടങ്ങി. അതിനിടെയാണ് കോവിഡ് കാലം എത്തിയത്. ഇതോടെ കംപനി പൂട്ടി. ജോലി നഷ്ടപ്പെട്ടതോടെ മഹേഷ് മുംബൈയില്‍നിന്ന് അമ്മയെയും കൂട്ടി നാട്ടിലേക്ക് മടങ്ങി. എറണാകുളത്തെ വാടകവീട്ടില്‍ താമസിച്ചു. എന്നാല്‍ നല്ലൊരു ജോലിയില്ലാത്തതിനാല്‍ വാടക കൊടുക്കാനോ ഭക്ഷണം കഴിക്കാനോ പണമില്ലാത്ത അവസ്ഥ വന്നു. ഇതിനിടെ അമ്മ മരിക്കുകയും ചെയ്തു. വാടക കൊടുക്കാത്തതിനാല്‍ ഉടമ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. ജോലിയൊന്നുമില്ലാതെ മഹേഷ് എങ്ങും പോകാനാകാതെ തെരുവിലേക്കിറങ്ങി.

കുറച്ചുനാള്‍ തൃശ്ശൂരില്‍ വാടകയ്ക്ക് ഓടോറിക്ഷ ഓടിച്ച്‌ ജീവിച്ചു. അതിനിടെയാണ് ക്ഷയരോഗം ബാധിച്ച്‌ തളര്‍ന്നത്. ഇതോടെ തെരുവില്‍ അഭയം തേടി. സുമുഖനായ ഒരു യുവാവ് മൂന്നുവര്‍ഷത്തിനിടെയാണ് എല്ലും തോലുമായി വഴിയരികില്‍ ജീവച്ഛവമായി കിടക്കുന്ന അവസ്ഥയില്‍ എത്തിയത്. ഒടുവില്‍ തെരുവോരം മുരുകന്‍ ഏറ്റെടുത്ത് ആലപ്പുഴ മെഡികല്‍ കോളജില്‍ എത്തിച്ച്‌ ചികിത്സ നല്‍കുകയായിരുന്നു. ഇപ്പോള്‍ മഹേഷ് സുഖംപ്രാപിച്ചുവരുന്നു. മഹേഷിന് സഹായവും വാഗ്ദാനങ്ങളുമായി നിരവധി സംഘടനകളാണ് രംഗത്തെത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക