ഗസ്സയില്‍ ഇസ്രായേല്‍ കര-വ്യോമാക്രമണത്തിന് ഇരകളായ ഫലസ്തീൻ ജനതയുടെ ദയനീയതയുടെ നിരവധി കണ്ണീര്‍കാഴ്ചകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കുരുന്നുകളുടെയും വയോധികരുടേയുമടക്കം അതിലുള്‍പ്പെടും. മക്കളെ നഷ്ടമായ മാതാപിതാക്കളുടെയും മാതാപിതാക്കളെ നഷ്ടമായ മക്കളുടേയുമൊക്കെ കരളലിയിക്കുന്ന ദൃശ്യങ്ങള്‍ ലോകം ഇതിനോടകം കണ്ടു. അവയില്‍ പലതും കാണുന്നവരുടെ കണ്ണു നനയിക്കുന്നതായിരുന്നു.

അത്തരത്തിലുള്ള രണ്ട് ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇസ്രായേല്‍ ക്രൂരതയില്‍ കൊല്ലപ്പെട്ട തന്റെ പിഞ്ചോമനയുടെ കുഞ്ഞുകൈകളില്‍ അവനായി താൻ വാങ്ങിയ ബിസ്‌കറ്റ് വച്ചുകൊടുത്ത് കരയുന്ന പിതാവ്, കൊല്ലപ്പെട്ട കുഞ്ഞു പേരക്കുട്ടിയുടെ കാലുകളില്‍ താൻ വാങ്ങിയ സോക്‌സ് ഇട്ടുകൊടുക്കുന്ന മുത്തച്ഛൻ എന്നിവരുടെ ദൃശ്യങ്ങളാണ് ഏവരുടേയും ഹൃദയം പിളര്‍ക്കുന്നത്. വെള്ളത്തുണിയില്‍ പൊതിഞ്ഞാണ് ഇരു കുഞ്ഞുങ്ങളേയും കിടത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുംമുമ്ബ് തന്റെ പൊന്നോമനയ്ക്കായി ആ പിതാവ് വാങ്ങിയ ബിസ്‌ക്കറ്റായിരുന്നു അത്. എന്നാല്‍ അത് അവന് നല്‍കാനുള്ള ഭാഗ്യം ആ പിതാവിനോ വാങ്ങി കഴിക്കാനുള്ള ഭാഗ്യം ആ കുരുന്നിനോ ഉണ്ടായില്ല. പിതാവ് വീട്ടിലെത്തുംമുമ്ബ് തന്നെ അധിനിവേശ സൈന്യത്തിന്റെ ആക്രമണത്തില്‍ ആ കുഞ്ഞുമോൻ ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞിരുന്നു.’ഞാനിത് നിനക്കുവേണ്ടി വാങ്ങിയതാണ് പൊന്നുമോനേ, ഞാനിത് ഇവിടെ വയ്ക്കുന്നുണ്ടേ, നീയിത് പിടിച്ചോളൂ പൊന്നേ’ എന്ന് പറഞ്ഞ് നെഞ്ചുപൊട്ടി കരഞ്ഞുകൊണ്ടാണ് ആ പിതാവ് വെള്ളത്തുണിയില്‍ പൊതിഞ്ഞുകിടത്തിയിരിക്കുന്ന മകന്റെ കുഞ്ഞുകരങ്ങളില്‍ അവനായി വാങ്ങിയ ബിസ്‌കറ്റ് വച്ചുകൊടുക്കുന്നത്.

സമാനമായി, വെള്ളത്തുണിയില്‍ പൊതിഞ്ഞ പേരക്കുട്ടിയുടെ മയ്യിത്തിനടുത്തിരുന്ന് അവന്റെ കാലുകളില്‍ പുതിയ സോക്‌സ് ധരിച്ചുകൊടുക്കുന്ന മുത്തച്ഛൻ, തുടര്‍ന്ന് അവനെ മാറോടണച്ച്‌ അന്ത്യ ചുംബനം നല്‍കുകയും പൊട്ടിക്കരയുകയും ചെയ്യുകയാണ്. ആ കുഞ്ഞിന്റെ മൃതദേഹത്തിനൊപ്പം സ്‌ട്രെക്ചറില്‍ വേറെ മൃതദേഹവും കാണാം.

സാക്ഷികളായവരുടേയും വീഡിയോ കാണുന്നവരുടേയും കണ്ണ് നനയിക്കുന്നതാണ് ഈ രണ്ട് സംഭവങ്ങളും.കൊല്ലപ്പെടുംമുമ്ബ് ആ കുരുന്നുകള്‍ പിതാവിനോടും മുത്തച്ഛനോടും പറഞ്ഞുവിട്ടതായിരിക്കാം ബിസ്‌കറ്റിനും സോക്‌സിനും. പക്ഷേ അതിന്റെ രുചിയും സുഖവും ആസ്വദിക്കാനുള്ള ഭാഗ്യം ആ പിഞ്ചു നാവിനും കാലുകള്‍ക്കും ഇല്ലാതെ പോയി.ഗസ്സയില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 8,800 കടന്നതായാണ് റിപ്പോര്‍ട്ട്. ഇതുവരെ 21,507 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 55,915 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക