തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ‘ഫോണ്‍ ചോര്‍ത്തല്‍’ വിവാദം. നവകേരള യാത്രയ്ക്കെതിരായ പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്ന പ്രതിപക്ഷ വിദ്യാര്‍ത്ഥിയുവജന സംഘടനാ നേതാക്കളുടെ ഫോണ്‍ പൊലീസ് ചോര്‍ത്തുന്നുവെന്നാണ് ആരോപണം. ബെംഗളൂരുവില്‍നിന്നു ഡ്രോണ്‍ വാങ്ങാൻ അന്വേഷണം നടത്തിയ എൻഎസ്യു ദേശീയ സെക്രട്ടറി എറിക് സ്റ്റീഫനെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഈ വിഷയം കോടതിയില്‍ ചര്‍ച്ചയാക്കാനാണ് കെ എസ് യു തീരുമാനം.

എറിക് ബെംഗളൂരുവില്‍ വിളിച്ച 4 ഏജൻസികളെ കണ്ടെത്തിയ പൊലീസ്, ഇദ്ദേഹത്തിനു ഡ്രോണ്‍ വില്‍ക്കാൻ പാടില്ലെന്ന നോട്ടിസും നല്‍കി. അതേസമയം, മാര്‍ ഇവാനിയോസ് കോളജിലെ പരിപാടിയുടെ ചിത്രീകരണത്തിനാണു ഡ്രോണ്‍ അന്വേഷിച്ചതെന്ന് എറിക് പറയുന്നു. ഇന്റലിജൻസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നു വലിയതുറ സ്റ്റേഷൻ ഹൗസ് ഓഫിസര്‍ (എസ്‌എച്ച്‌ഒ) അറിയിച്ചതായി എറിക് പറയുന്നു. .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫോണ്‍ ചോര്‍ത്തിയാണ് ഇത് പൊലീസ് അറിഞ്ഞത് എന്നാണ് എറിക് പറയുന്നത്. അല്ലാതെ കണ്ടെത്താൻ കഴിയില്ല. ഡ്രോണ്‍ വാങ്ങാൻ പോലും കഴിയാത്ത സാഹചര്യത്തിലേക്ക് കേരളം കടന്നുവെന്നാണ് എറിക് പറയുന്നത്. വളരെ നാടകീയമായാണ് എറിക്കിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അതിനിടെ കോണ്‍ഗ്രസില്‍ നിന്ന് തന്നെ ചോര്‍ന്നു കിട്ടിയതാണ് വിവരമെന്നും പൊലീസ് സൂചന നല്‍കുന്നുണ്ട്.

കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ ഇന്നലെ ഡിജിപി ഓഫിസിലേക്കു മാര്‍ച്ച്‌ നടത്താനിരിക്കെയാണ് ചൊവ്വാഴ്ച രാത്രി എറിക്കിനെ വീട്ടില്‍നിന്നു പിടിച്ചുകൊണ്ടുപോയി പുലര്‍ച്ചെ വരെ സ്റ്റേഷനില്‍ ഇരുത്തിയത്. ഫോണ്‍ ചോര്‍ത്തിയതു കൊണ്ടാണ് ഡ്രോണ്‍ വാങ്ങാനുള്ള ശ്രമം പൊലീസ് അറിഞ്ഞതെന്ന് എറിക് പറയുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി ഏത് എസ്‌എച്ച്‌ഒയ്ക്കും സംശയിക്കുന്നവരുടെ ഫോണ്‍ വിളി വിശദാംശം സൈബര്‍ സെല്‍ വഴി സര്‍വീസ് പ്രൊവൈഡറോട് ആവശ്യപ്പെടാൻ അനുമതിയുണ്ട്.

ഐജി മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുന്ന ആരുടെയും ഫോണ്‍ സംഭാഷണം 7 ദിവസം വരെ ചോര്‍ത്താം. ആഭ്യന്തര സെക്രട്ടറിക്കാകട്ടെ 2 മാസം വരെ ഫോണ്‍ ചോര്‍ത്തലിന് അനുമതി നല്‍കാം. പലപ്പോഴും 7 ദിവസമെന്നത് ആവശ്യമുള്ള ദിവസം വരെ പല ഉദ്യോഗസ്ഥരും നീട്ടിക്കൊണ്ടുപോകുന്നതായാണു വിവരം. പിന്നീട് ആഭ്യന്തര സെക്രട്ടറിക്ക് അയച്ച്‌ അനുമതി നേടും. ഇതിവിടേയും സംഭവിച്ചുവെന്നാണ് ആരോപണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക