സര്‍ക്കാറിനും മുന്നണിക്കും രാഷ്ട്രീയമായി നേട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത നവകേരള സദസ്സ് സമാപിക്കുമ്ബോള്‍ അത് പ്രതിപക്ഷത്തിന് ഉണര്‍ത്തുപാട്ടായി എന്നു പറയുന്ന അവസ്ഥയിലേക്കാണ് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പിടിവാശികള്‍ തന്നെയാണ് വെറുതേ കരിങ്കൊടി കാട്ടി പോകാൻ ഇറങ്ങിയ യൂത്ത് കോണ്‍ഗ്രസുകാരെ വാശിയോടെ അതു ചെയ്യാൻ പ്രേരിപ്പിച്ചത്. ഇന്നലെ നവകേരള സദസ്സ് സമാപിക്കുമ്ബോല്‍ വരെ അജണ്ട നിശ്ചയിക്കുന്ന കാര്യത്തില്‍ വിജയമായത് പ്രതിപക്ഷമാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നായി അണിനിരന്ന് പ്രക്ഷോഭം നയിക്കുന്ന കാഴ്‌ച്ചയും നവകേരള സദസ്സെന്ന പരിപാടിയോടെ കേരളം കണ്ടു.

ധൂര്‍ത്തും ആഡംബര ബസും മാത്രമായിരുന്നു സദസ്സ് തുടങ്ങുന്നതിനു മുൻപു പ്രതിപക്ഷത്തിന്റെ പക്കലുണ്ടായിരുന്ന ആയുധങ്ങള്‍. നിയമസഭാ മണ്ഡലങ്ങളില്‍ കുറ്റവിചാരണാ സദസ്സ് നടത്തി ബദല്‍ പ്രചാരണം എന്നതായിരുന്നു അവരുടെ പദ്ധതി. എന്നാല്‍, കണ്ണൂര്‍ കല്യാശ്ശേരിയില്‍ പ്രകോപനമില്ലാതെ പൊലീസ് പ്രതിപക്ഷ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയതോടെയാണു കരിങ്കൊടി കയ്യിലെടുത്തത്. കരിങ്കൊടിക്കാരെ ഡിവൈഎഫ്‌ഐക്കാര്‍ കായികമായി നേരിട്ടതോടെ തുടര്‍പ്രതിഷേധമായി. ഡിവൈഎഫ്‌ഐ നടത്തിയതു ‘രക്ഷാപ്രവര്‍ത്തനം’ ആണെന്നു ന്യായീകരിച്ച മുഖ്യമന്ത്രിക്ക് ആ പ്രയോഗം ഒടുവില്‍ ബാധ്യതയായി. വാവിട്ട വാക്കിനെ തള്ളിപ്പറയാതിരുന്നതോടെ ഡിവൈഎഫ്‌ഐക്ക് അടിക്കാനുള്ള ലൈസൻസായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വഴി നീളെ അടി കൊണ്ടിട്ടും ഓരോ കേന്ദ്രത്തിലും പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം മികച്ച പോരാട്ടവീര്യമാണു പ്രകടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസിനു താഴേത്തട്ടുമുതൽ പുതിയ നേതൃത്വമുണ്ടായതു പ്രഹരശേഷി കൂട്ടി.യൂത്ത് കോൺഗ്രസും കെഎസ്‌യുവും കോൺഗ്രസും ചേർന്ന് 4 ദിവസത്തെ ഇടവേളയില്‍ തലസ്ഥാനത്തു 3 വമ്ബൻ പ്രതിഷേധ മാര്‍ച്ചുകളാണു സംഘടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനെ മുന്നില്‍നിന്നു നയിച്ച്‌ വി.ഡി.സതീശൻ തെരുവിലിറങ്ങിയതും കെഎസ്‌യു മാര്‍ച്ചിനിടെ മാത്യു കുഴല്‍നാടൻ എംഎല്‍എക്ക് പൊലീസിന്റെ അടിയേറ്റതുമെല്ലാം പൊതുസമൂഹം മറ്റു വിധത്തിലാണ് കണ്ടത്. മാസപ്പടി വിവാദം ഉയര്‍ത്തിയ മാത്യുവിനെ തല്ലിയൊതുക്കി എന്ന ധ്വനിയാണ് ഇതോടെ ഉണ്ടായത്.

പ്രതിപക്ഷനിരയിലെ ഈ ഉണർവ് കോൺഗ്രസിന് വലിയ പാഠമാണ്. യഥാർത്ഥത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ മികവല്ല മറിച്ച് യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും പോരാട്ടവീര്യമാണ് ഇടതുപക്ഷത്തെ പിന്നോട്ട് അടിച്ചത്. പലപ്പോഴും യൂത്ത് കോൺഗ്രസിനെയും കെഎസ്‌യുവിനെയും കോൺഗ്രസ് നേതൃത്വം ഇക്കാര്യങ്ങളിൽ തള്ളിപ്പറഞ്ഞെങ്കിലും അവർ സ്വന്തം ശൈലിയിൽ കാര്യങ്ങൾ മുന്നോട്ടു നീക്കിയതാണ് ഇപ്പോൾ പിണറായി വിജയൻ എന്ന അതികായനെ പ്രതിരോധത്തിൽ ആക്കിയത്. അതുകൊണ്ടുതന്നെ യുവനിരയെ ആശ്രയിച്ചു മുന്നോട്ടുപോകുക മാത്രമേ കോൺഗ്രസിന് പിടിച്ചുനിൽക്കുവാൻ കഴിയണമെങ്കിൽ മാർഗ്ഗമുള്ളൂ.

ഡിജിപി ഓഫിസ് മാര്‍ച്ചിനെ പൊലീസ് നേരിട്ട രീതിയില്‍ കടുത്ത അമര്‍ഷം സംസ്ഥാന വ്യാപകമായുണ്ട്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ആശുപത്രിയില്‍ കയറ്റിയ പൊലീസിനെതിരെയുള്ള വികാരം സര്‍ക്കാരിനുനേര്‍ക്കുള്ള തുടര്‍സമരങ്ങളായി മാറ്റും. ഇതിന് ഇന്നലെ ചേര്‍ന്ന കെപിസിസി നേതൃയോഗം തീരുമാനമെടുത്തിട്ടുണ്ട്.മറുവശത്ത് പ്രതിപക്ഷത്തിന്റെ കലാപാഹ്വാനം തള്ളി കേരള ജനതയാകെ പരിപാടി ഏറ്റെടുത്തുവെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ സര്‍ക്കാറിനോടുള്ള ജനത്തിന്റെ എതിര്‍പ്പ് കൂടിയെന്നാണ് പ്രതിപക്ഷ വിലയിരുത്തല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക