ആർ.എം.പി സ്ഥാപകനേതാക്കളിലൊരാളായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല. അതേസമയം, ഏറ്റവുമൊടുവില്‍ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കെ.കെ.കൃഷ്ണൻ, ജ്യോതിബാബു എന്നിവർക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചു. 20 വർഷം കഴിയാതെ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്ബ്യാരും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കേസിലെ ഒൻപത് പ്രതികള്‍ക്ക് ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളുടെയും 11-ാം പ്രതിയുടെയും ശിക്ഷ വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതിക്രൂരമായ കൊലപാതകത്തിന് ജീവപര്യന്തം അപര്യാപ്തമാണ്. ആർക്ക് വേണ്ടിയും എന്തിന് വേണ്ടിയുമാണ് ടി.പിയെ കൊന്നതെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. പ്രതികളുടെ ആരോഗ്യപ്രശ്നം വധശിക്ഷ ഒഴിവാക്കാനുള്ള കാരണമല്ല. പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന് കാരണം. വർഷങ്ങള്‍ നീണ്ട വലിയ ഗൂഢാലോചനയും വൈരാഗ്യവും ഇതിന് പിന്നിലുണ്ട്. ജയില്‍ റിപ്പോർട്ടില്‍ പലതും മറച്ചുവച്ചു. കോടതി ഇക്കാര്യം പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ചൊവ്വാഴ്ച മൂന്നുമണിക്കൂറോളമാണ് ഹൈക്കോടതിയില്‍ വാദം നടന്നത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടർ കുമാരൻകുട്ടി, ടി.പി.യെ എന്തിനുവേണ്ടി കൊലപ്പെടുത്തിയെന്ന കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കോടതിയില്‍ പറഞ്ഞു. ജയിലില്‍ കഴിഞ്ഞ കാലത്ത് പ്രതികള്‍ ഏർപ്പെട്ട ക്രിമിനല്‍പ്രവർത്തനങ്ങളും പ്രോസിക്യൂഷൻ കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രതികളെക്കുറിച്ച്‌ ജയിലുകളില്‍നിന്ന് നല്‍കിയ റിപ്പോർട്ട് പൂർണമല്ലെന്നും ഇത്തരം ക്രിമിനല്‍പ്രവർത്തനങ്ങളെക്കുറിച്ച്‌ റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.

അതേസമയം, ടി.പി. ചന്ദ്രശേഖരന്റേത് ആദ്യത്തെ രാഷ്ട്രീയ കൊലപാതകമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിചാരണ കോടതിയില്‍ എല്ലാ കാര്യങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അതില്‍കൂടുതലായി പ്രോസിക്യൂഷൻ ഒന്നും അവതരിപ്പിച്ചിട്ടില്ല. അതിനാല്‍ പരമാവധി ശിക്ഷയായ വധശിക്ഷയിലേക്ക് പോകരുതെന്നും പ്രതിഭാഗം ചൊവ്വാഴ്ച കോടതിയില്‍ പറഞ്ഞു.

ശിക്ഷ വർധിപ്പിക്കുന്നതില്‍ തീരുമാനം എടുക്കുന്നതിനായി പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ട്, പ്രതികള്‍ ജയിലില്‍ ചെയ്ത ജോലികള്‍ സംബന്ധിച്ച്‌ കണ്ണൂർ, തൃശ്ശൂർ, തവനൂർ ജയില്‍ സൂപ്രണ്ടുമാരുടെ റിപ്പോർട്ട്, പ്രതികളുടെ മാനസികാരോഗ്യാവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട് എന്നിവയും കോടതി പരിശോധിച്ചു. ഇവയുടെ പകർപ്പ് തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന തർക്കം പ്രതിഭാഗം ഉന്നയിച്ചതിനെത്തുടർന്നാണ് ഹർജികള്‍ ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക