രണ്ടര വര്‍ഷങ്ങള്‍ക്ക് മുൻപ് തെലങ്കാന മുഖ്യമന്ത്രിയായിരുന്ന കെസിആര്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനുഗൊലുവിനെ തന്റെ ഫാം ഹൗസിലേക്ക് വിളിപ്പിച്ചിരുന്നു. ബിആര്‍എസിന് വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിനായിരുന്നു ഇത്. ദിവസങ്ങളോളം കൂടിക്കാഴ്ച നീണ്ടെങ്കിലും ചര്‍ച്ച വിജയം കണ്ടില്ല.

ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു വാര്‍ത്തയെത്തി. എഐസിസി സുനില്‍ കനുഗൊലുവിനെ തന്ത്രരൂപീകരണ സമിതിയുടെ ചുമതലക്കാരനായി നിയമിച്ചിരിക്കുന്നുവെന്ന്. തെലങ്കാനയില്‍ കോണ്‍ഗ്രസ് കൂറ്റൻ വിജയം നേടി നില്‍ക്കുമ്ബോള്‍ അന്ന് കനുഗൊലുവിനെ ഒപ്പം നിര്‍ത്താൻ സാധിക്കാതിരുന്നതില്‍ ഒരുപക്ഷേ കെഎസിആര്‍ ഖേദിക്കുന്നുണ്ടാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ കനുഗൊലുവിന് ലഭിച്ച ആദ്യ ദൗത്യം കര്‍ണാടകയായിരുന്നു. ചിട്ടയായ പ്രവര്‍ത്തനം കാഴ്ച വെച്ച കനുഗൊലു കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വേണ്ടി മികച്ച വിജയം സ്വന്തമാക്കി. കര്‍ണാടയ്ക്കൊപ്പം തന്നെ തെലങ്കാനയിലും തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കനുഗൊലുവിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം തെലങ്കാനയിലാണെന്ന് പറയാം. കര്‍ണാടകയില്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടേറിയതായിരുന്നു. എന്നാല്‍ തെലങ്കാന അതിസങ്കീര്‍ണവും.

ബിജെപിക്ക് കൂടുതല്‍ വോട്ട് വിഹിതം ലഭിക്കുന്നത് കെസിആറിനെ അധികാരത്തില്‍ തുടരാൻ സഹായിക്കുമെന്ന് മനസിലാക്കിയ കനുഗൊലു ആദ്യം സംസ്ഥാനത്ത് ബിജെപിയെ ഒതുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. പിന്നീട് തെലങ്കാനയില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാതിരിക്കാൻ വൈഎസ്‌ആറിന്റെ മകള്‍ വൈഎസ് ശര്‍മിളുമായി ചര്‍ച്ച നടത്തി. തന്നെ അറസ്റ്റ് ചെയ്യാൻ തുനിഞ്ഞ കെസിആറിനെ വീഴ്ത്തുമെന്ന് ശര്‍മ്മിള പ്രതിജ്ഞയെടുത്തു. ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും മത്സരത്തില്‍ നിന്ന് പിൻമാറിയതോടെ കനുഗൊലുവിന്റെ പണി എളുപ്പമായി.

പിന്നീട് കോണ്‍ഗ്രസും ബിആര്‍എസും നേര്‍ക്ക് നേര്‍ പോരാട്ടം എന്ന നിലയിലായി സാഹചര്യം. ഒടുവില്‍ കോണ്‍ഗ്രസിനെ പോലും അത്ഭുതപ്പെടുത്തി കൊണ്ട് തെലങ്കാനയില്‍ കൂറ്റൻ വിജയവും പാര്‍ട്ടിക്ക് വേണ്ടി നേടിക്കൊടുത്തു. തെലങ്കാനയിലെ വിജയത്തോടെ കോണ്‍ഗ്രസിനുള്ളിലെ ഉറച്ച ശബ്ദമായി മാറാൻ കനുഗൊലുവിന് സാധിച്ചിട്ടുണ്ട്.

ഇനി കേരളം: കേരളമാണ് ഇനി കനുഗൊലുവിന്റെ അടുത്ത ലക്ഷ്യം. ഇതിനോടകം തന്നെ സംസ്ഥാനത്ത് പ്രത്യേക സര്‍വ്വേകള്‍ ഉള്‍പ്പെടെ കനുഗൊലുവിന്റെ നേതൃത്വത്തില്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം അദ്ദേഹം ഇടപെട്ടേക്കുമെന്നുമുള്ള സൂചനകള്‍ ഉണ്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി മികച്ച വിജയം നേടിയെടുക്കാൻ കനുഗൊലുവിന് സാധിച്ചാല്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുടെ നിലയിലേക്ക് കനുഗൊലു നടന്ന് കയറുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

ആരാണ് സുനില്‍ കനുഗൊലു?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രശാന്ത് കിഷോറിനൊപ്പം നേതൃസ്ഥാനത്തുണ്ടായിരുന്ന ആളായ കനുഗൊലു 2014 ലാണ് ഇന്ത്യയില്‍ എത്തുന്നത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളിനുവേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞത് സുനില്‍ കനുഗോലു ആയിരുന്നു. 2016ല്‍ ഡി എം കെയുടെ രാഷ്ട്രീയ പ്രചാരണത്തിന് നേതൃത്വം നല്‍കിയ സുനില്‍ പാര്‍ട്ടി അധ്യക്ഷൻ കെ കരുണാനിധിയുടെ പിൻഗാമിയെന്ന നിലയില്‍ എം കെ സ്റ്റാലിന്റെ പ്രതിച്ഛായ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക