തിരുവനന്തപുരം: അടുത്ത മാസവും ശമ്ബളവും പെൻഷനും മുടങ്ങില്ല. നവകേരള സദസ്സുമായി യാത്ര ചെയ്യുന്ന പിണറായി സര്‍ക്കാരിന് മോദി സര്‍ക്കാരിന്റെ സമ്മാനം. അടുത്ത ജനുവരി മുതല്‍ മാര്‍ച്ച്‌ വരെ കടമെടുക്കാൻ അനുവാദമുള്ള 3,800 കോടി രൂപ ആവശ്യമെങ്കില്‍ അതിനു മുൻപ് എടുക്കാൻ സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. വലിയ ആശ്വാസമാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം കേരളത്തിന് നല്‍കുന്നത്. ഇതോടെ തല്‍കാലം ട്രഷറി പൂട്ടുന്നതും ഒഴിവാക്കാം.

നവകേരള സദസ്സിനിടെ ജീവനക്കാരുടെ ശമ്ബളം മുടങ്ങുമോ എന്ന ആശങ്ക സര്‍ക്കാരിന് ഉണ്ടായിരുന്നു.ഡിസംബര്‍ വരെ 52 കോടി രൂപ മാത്രമാണു സംസ്ഥാനത്തിനു കടമെടുക്കാൻ ബാക്കിയുണ്ടായിരുന്നത്. ദൈനംദിന ചെലവുകള്‍ക്ക് ഈ പണം തികയില്ലെന്ന് ഉറപ്പായതിനാല്‍ മുൻകൂട്ടി കടമെടുപ്പിന് ഏതാനും മാസമായി അനുമതി തേടുകയായിരുന്നു. അനുമതി ലഭിച്ച 3,800 കോടിയില്‍ 1,500 കോടി രൂപ ഈ മാസം 28നു കടമെടുക്കും. ബാക്കി അടുത്ത മാസം എടുക്കാനാണ് ആലോചന. അതുകൊണ്ട് ഡിസംബര്‍ മാസം പ്രശ്‌നമില്ലാതെ പിടിച്ചു നില്‍ക്കാം. അതിന് ശേഷം വീണ്ടും കേന്ദ്രത്തെ സമീപിച്ച്‌ എന്തെങ്കിലും കൂടി നേടിയെടുക്കാനാകും ശ്രമം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജിഎസ്ഡിപിയുടെ ഒരു ശതമാനം കൂടി കടമെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. ഇത് അനുവദിക്കുമെന്നാണു പ്രതീക്ഷ. അങ്ങനെയെങ്കില്‍ 10,000 കോടി രൂപയെങ്കിലും അധികം ലഭിക്കും. ഇതുവഴി സാമ്ബത്തിക വര്‍ഷാവസാനത്തെ ചെലവുകള്‍ നിറവേറ്റാം. ഇതിന്റെ സൂചനയാണ് 3800 കോടി നേരത്തെ കടമെടുക്കാൻ നല്‍കിയ അനുമതി എന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങളുള്ളപ്പോള്‍ കേരളത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കില്ലെന്നാണ് പിണറായി സര്‍ക്കാരിന്റെ പ്രതീക്ഷ.

കേരളത്തിന്റെ സാമ്ബത്തിക പ്രതിസന്ധിയില്‍ തുറന്ന പോരുമായി കേന്ദ്രവും സംസ്ഥാനവും നേര്‍ക്കുനേര്‍ വന്നിരുന്നു. ധന പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാര്‍ എന്ന വാദമുയര്‍ത്തി പ്രതിരോധിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ സംസ്ഥാനത്തിന്റെ ധൂര്‍ത്ത് കേന്ദ്രത്തിന്റെ തലയില്‍ അടിച്ചേല്‍പ്പിക്കരുത് എന്നാണ് ബിജെപി നേതാക്കളുടെ വാദം.

സാമ്ബത്തിക പ്രതിസന്ധിയുടെ മുഴുവൻ ഉത്തരവാദി കേന്ദ്രമാണെന്നും അര്‍ഹിച്ച വിഹിതം തടഞ്ഞുവെക്കുകയാണെന്നുമായിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വാദം. സാമ്ബത്തിക പ്രതിസന്ധി ചര്‍ച്ചയാവുമ്ബോഴൊക്കെയും സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധം ഇങ്ങനെ തന്നെയായിരുന്നു. എന്നാല്‍ കണക്കുകള്‍ നിരത്തി മന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന വാദവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തിയതോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തുറന്ന പോരിന് കളമൊരുങ്ങി.

ധന പ്രതിസന്ധിക്കിടെ കേരളീയവും, നവ കേരള സദസ്സും ഉള്‍പ്പെടെ അനാവശ്യ ചെലവുകള്‍ എന്ന വാദം പ്രതിപക്ഷം നേരത്തേ ഉയര്‍ത്തിയതാണ്. ഇതിനെ പ്രതിരോധിക്കാൻ സര്‍ക്കാര്‍ എല്ലാം കേന്ദ്രത്തിന് മുകളില്‍ വെക്കുകയാണെന്നാണ് ബിജെപി നേതാക്കളുടെ വാദം. സാമൂഹ്യക്ഷേമ പെൻഷനായി 521 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്.

എന്നാല്‍ കുടിശിക ഉള്‍പ്പെടെ കേന്ദ്രം 604.14 കോടി രൂപ കഴിഞ്ഞമാസം കൈമാറി എന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാം ഗഡുവിന് അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നും കേന്ദ്രമന്ത്രിയുടെ ആരോപണം.യുഡിഎഫും സാമ്ബത്തിക പ്രതിസന്ധിയെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ഒരുങ്ങുകയായിരുന്നു. അതുകൊണ്ട് തന്നെ ഡിസംബറിലെ ചെലവുകള്‍ സര്‍ക്കാരിന് മുന്നില്‍ തലവേദനയുമായി. ഇതിനിടെയാണ് കേന്ദ്രം, സംസ്ഥാനത്തിന് അനുകൂലമായി പുതിയ നിര്‍ദ്ദേശം നല്‍കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക