ഉത്തരാഖണ്ഡ്: നീണ്ടപത്തു ദിവസത്തെ ആശങ്കയ്ക്കൊടുവിൽ ഉത്തർകാശിയിൽനിന്ന് ആശ്വാസവും പ്രതീക്ഷയും നൽകുന്ന വാർത്തയും ദൃശ്യങ്ങളും. സിൽകാരയിലെ ദേശീയപാതയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽകുടുങ്ങിയ 41 തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നു. തുരങ്കത്തിനുള്ളിലേക്ക് എൻഡോസ്കോപ്പിക് ഫ്ളെക്സി ക്യാമറ എത്തിച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്. തുരങ്കത്തിൽ കുടുങ്ങിയവരുമായി രക്ഷാപ്രവർത്തകസംഘം സമ്പർക്കം പുലർത്താൻ നടത്തിയ ശ്രമങ്ങളാണ് വിജയം കണ്ടത്. വീഡിയോ ദൃശ്യങ്ങൾ വാർത്താ ഏജൻസികൾ പുറത്തുവിട്ടു.

ആദ്യ വഴിത്തിരിവുണ്ടായതായും 53 മീറ്റർ നീളമുള്ള പൈപ്പ് തകർന്ന തുരങ്കത്തിന്റെ അവശിഷ്ടങ്ങളുടെ മറുവശത്തേക്ക് എത്തിക്കാൻ കഴിഞ്ഞതായും എൻ.എച്ച്.ഐ.ഡി.സി.എൽ. ഡയറക്ടർ അൻഷു ഖാൽകോ തിങ്കളാഴ്ച പറഞ്ഞിരുന്നു. കുടുങ്ങിയ തൊഴിലാളികൾക്ക് തങ്ങളെ കേൾക്കാൻ സാധിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. തൊഴിലാളികൾ സുരക്ഷിതരായി തുടരുന്നുവെന്ന് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. രക്ഷാപ്രവർത്തനം ഫലം കാണുന്നതിനും തൊഴിലാളികൾ സുരക്ഷിതരായി പുറത്തുവരുന്നതിനുമായി കാത്തിരിക്കുകയാണ് നാടും കുടുംബങ്ങളും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നവംബർ 12 ഞായറാഴ്ച പുലർച്ചെ 5.30- നായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടാവുന്നത്. ഉത്തരാഖണ്ഡിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം ഭാഗികമായി തകർന്നു. നാലര കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്റെ 150 മീറ്റർ ഭാഗമാണ് തകർന്നുവീണത്. 41 ജീവനുകൾ തുരങ്കത്തിനുള്ളിൽ കുടുങ്ങി. രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും പ്രതീക്ഷിച്ചപ്പോലെ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ സാധിച്ചില്ല. 10-ാം ദിവസവും തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ തന്നെ… തൊഴിലാളികളുടെ കുടുംബാംഗങ്ങൾ ആശങ്കയോടെ പ്രദേശത്ത് തുടർന്നു.

ടണലിനുള്ളിൽ തകർന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ ഡ്രിൽ ഉപയോഗിച്ച് ദ്വാരം ഉണ്ടാക്കി സ്റ്റീൽ പൈപ്പ് കടത്തിവിടാനും ഇതുവഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താനും ആദ്യശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതിനിടയിൽ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായത് ആശങ്ക പരത്തി. തുരങ്കത്തിൽ പെട്ടവർക്ക് പനി ഉൾപ്പെടെയുള്ള ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ടതും പരിഭ്രാന്തിക്ക് കാരണമായി. യു.എസ്. നിർമിത ഡ്രില്ലിങ് ഉപകരണമായ ‘അമേരിക്കൻ ആഗർ’ എത്തിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും മെഷിൻ സ്തംഭിച്ചത് പ്രവർത്തനത്തെ ബാധിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്കുള്ളിൽ 24 മീറ്റർ തുരന്നതിനുശേഷമാണ് യന്ത്രത്തിന് കേടുപാടുകൾ സംഭവിച്ച് പ്രവർത്തനം നിലച്ചത്. ശനിയാഴ്ച മധ്യപ്രദേശിലെ ഇന്ദോറിൽനിന്ന് 22 ടൺ വരുന്ന പുതിയ ഡ്രില്ലിങ് മെഷീൻ എത്തിച്ച് രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. അഞ്ചാമത്തെ ഉരുക്കുകുഴൽ സ്ഥാപിക്കുന്നതിനിടെ ഉഗ്രശബ്ദമുണ്ടായതോടെ വീണ്ടും മണ്ണിടിയുന്നുവെന്ന ആശങ്കയെത്തുടർന്ന് രക്ഷാപ്രവർത്തനം നിർത്തിവച്ചു. തുടർന്ന് മുകൾ ഭാഗത്തുനിന്ന് 1000 മീറ്റർവരുന്ന ബദൽപാത തുരക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രക്ഷാപ്രവർത്തനത്തിന് അഞ്ചിന കർമപദ്ധതി ആവിഷ്കരിച്ച് പ്രവർത്തനം തിങ്കളാഴ്ച മുതൽ കൂടുതൽ ഊർജ്ജിതമാക്കി.

കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും ഞായറാഴ്ച ടണൽ തകർന്ന സ്ഥലം സന്ദർശിച്ചിരുന്നു. അതിപരിസ്ഥിതിലോല മേഖലയായതിനാൽ രക്ഷാപ്രവർത്തനം വെല്ലുവിളി നിറഞ്ഞതാണെന്നും തൊഴിലാളികളെ പുറത്തെത്തിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും പരീക്ഷിക്കുമെന്ന് നിതിൻ ഗഡ്കരി ഉറപ്പു നൽകി. മെഷീനുകൾ കൃത്യമായി പ്രവർത്തിച്ചാൽ രണ്ട് രണ്ടര ദിവസംകൊണ്ട് തൊഴിലാളികളെ മുഴുവൻ പുറത്തെത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക