ആകാശത്ത് അജ്ഞാത വസ്തുവിന്റെ സാന്നിധ്യത്തെ തുടർന്ന് മണിപ്പൂരിലെ ഇംഫാൽ എയർപോട്ടിൽ വിമാനങ്ങൾ മണിക്കൂറുകളോം വൈകി. ചില വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ആശങ്ക ഉയർത്തി ഇംഫാൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് മുകളിലെ ആകാശത്ത് അജ്ഞാത വസ്തു പ്രത്യക്ഷപ്പെട്ടത്. എയർ ട്രാഫിക് കൺട്രോൾ അധികൃതരാണ് വിമാനത്താവളത്തിന് മുകളിൽ അജ്ഞാത വസ്തു പൊങ്ങിക്കിടക്കുന്നത് കണ്ടത്.

ആകാശത്ത് കണ്ട വസ്തു എന്താണെന്ന് തിരിച്ചറിയാനാകാത്തതിനെ തുടർന്ന് വിമാനത്താവളത്തിൽ വിമാനങ്ങൾ മണിക്കൂറുകളോളം വൈകി. നിയന്ത്രിത വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് രണ്ട് ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചു വിടുകയും മറ്റ് മൂന്ന് വിമാനങ്ങൾ മൂന്ന് മണിക്കൂറോളം വൈകുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നഗ്ന നേത്രങ്ങൾ കൊണ്ട് ദൃശ്യമാകുന്നതായിരുന്നു ‘അജ്ഞാത വസ്തു’ (UFO-Unidentified flying object) എന്ന് വിമാനത്താവള അധികൃതർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. നാല് മണിവരെ ഇത് ആകാശത്ത് ദൃശ്യമായിരുന്നുവെന്നും പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

വിമാനത്താവളത്തിൽ നിന്നും ഉച്ചയ്ക്ക് 2.20 ന് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റാണ് ആകാശത്ത് നീങ്ങിക്കൊണ്ടിരുന്ന വസ്തുവിനെ ആദ്യം കണ്ടെതെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ആറ് മണിവരെ വിമാനങ്ങൾ താത്കാലികമായി നിർത്തിവെക്കുകയായിരുന്നു.

ആകാശത്ത് നാല് മണിവരെ ദൃശ്യമായിരുന്ന വസ്തു പിന്നീട് അപ്രത്യക്ഷമാകുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഷില്ലോങ്ങിലെ ഇന്ത്യൻ എയർഫോഴ്‌സ് ഈസ്റ്റേൺ കമാൻഡിനെ വിവരം അറിയിച്ചതായി അധികൃതർ വ്യക്തമാക്കി.

വടക്ക് നാഗാലാ‌ൻഡ്, തെക്ക് മിസോറം, പടിഞ്ഞാറ് അസം എന്നിങ്ങനേയും കിഴക്ക് മ്യാൻമറുമായി അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ്‌ മണിപ്പൂർ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക