ഒറ്റ മഴ പെയ്താൽ പാലാ നഗരത്തിന്റെ പ്രധാന വീഥികൾ എല്ലാം ഇപ്പോൾ തോടായി മാറുകയാണ്. ശരിയായ രീതിയിൽ വെള്ളം ഒഴുകി പോകാൻ നഗരത്തിൽ ക്രമീകരണങ്ങൾ ഇല്ലാത്തതിനാൽ ആണ് ഇത്തരത്തിൽ സംഭവിക്കുന്നത്. പ്രധാന റോഡുകൾക്ക് ഇരുവശവും ഇരിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ഒരു ദിവസം ശക്തമായ മഴ പെയ്താൽ തന്നെ വെള്ളം കയറും. ഇതിനെക്കുറിച്ച് നിരവധിതവണ ആക്ഷേപങ്ങൾ ഉയർന്നെങ്കിലും പരിഹാരം കാണുവാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
പാല കൊട്ടാരംപറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡ്, സെന്റ് തോമസ് സ്കൂളിന് മുൻവശം, കെഎസ്ആർടിസി സ്റ്റാൻഡിനു മുൻവശം, പാലാ വൈക്കം റോഡിലെ ആർ വി ജംഗ്ഷൻ, ചെത്തിമറ്റം മൂന്നാനി റോഡ് എന്നിവിടങ്ങളിൽ പ്രശ്നങ്ങൾ അതി രൂക്ഷമാണ്. വാഹനങ്ങൾ വെള്ളക്കെട്ടിൽ നിന്നു പോകുന്നതും സ്ഥിരം സംഭവമാണ്. നഗരത്തിലെ ഓടകളുടെ ശുചീകരണ ചുമതലകയുള്ള നഗരസഭ ഈ വിഷയത്തോട് തീർത്തും മുഖം തിരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
ടൂറും തമ്മിലടിയും തീർന്നിട്ട് ഭരിക്കാൻ നേരമില്ല:
പ്രതിപക്ഷത്തു നിന്നും ഘടകകക്ഷികളിൽ നിന്നും അംഗങ്ങളെ തങ്ങളുടെ പക്ഷത്തേക്ക് ചേർത്ത് നഗരസഭയിൽ മൃഗീയ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ബദ്ധപ്പാടിലാണ് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. ചീഫ് വിപ്പിന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിട്ടുണ്ട് പ്രതിമാസം പതിനായിരങ്ങൾ പൊതു ഖജനാവിൽ നിന്ന് ശമ്പളം കൈപ്പറ്റി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കേരള കോൺഗ്രസ് പാർട്ടിയുടെ മണ്ഡലം പ്രസിഡന്റ് ബിജു പാലൂപടവനാണ് ഈ നീക്കങ്ങൾക്കൊക്കെ ചുക്കാൻ പിടിക്കുന്നതും നഗരസഭയിൽ സമാന്തര ഭരണം നടത്തുന്നതും. ടൂർ ഒക്കെ കഴിഞ്ഞ് സമയം കിട്ടുമ്പോൾ ഒക്കെ പരസ്പരം തെറി വിളിക്കുന്നതും നഗരസഭയിലെ ഭരണപക്ഷ അംഗങ്ങളുടെ മറ്റൊരു നേരം പോക്കാണ്. തെറിവിളിക്കാൻ സഹപ്രവർത്തകരെ കിട്ടിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ തല്ലുക മുതലായ കലാപരിപാടികളും മുതിർന്ന കൗൺസിലർമാർ നടത്താറുണ്ട്.
ഉദ്ഘാടന മാമാങ്കങ്ങളും, പ്രഖ്യാപനങ്ങളും മുറപോലെ നടക്കുന്നുണ്ടെങ്കിലും, നഗരസഭയിലെ ഓടയിൽ നിന്ന് വേസ്റ്റ് കോരാനോ, സ്ട്രീറ്റ് ലൈറ്റുകളുടെ ബൾബുകൾ മാറാനോ, റോഡ് മെയിന്റനൻസ് നടത്താനോ ഭരണകക്ഷി അംഗങ്ങൾക്ക് താല്പര്യമില്ല. കെഎം മാണി സ്മാരക കൊട്ടാരമറ്റം ബസ് ടെർമിനൽ വീണ്ടും ചോർന്നൊലിക്കുകയാണ്. പബ്ലിക് ടോയ്ലറ്റുകൾ എല്ലാം അതീവ ശോചനീയാവസ്ഥയിൽ ആണ്. ഗവൺമെൻറ് ആശുപത്രിയുടെ സ്ഥിതിയും അധോഗതിയാണ്.
നഗര ചരിത്രത്തിലാദ്യമായി സിപിഎമ്മിന് ഒരു ചെയർപേഴ്സനെ ലഭിച്ചിട്ട് നാട്ടുകാർക്ക് പോയിട്ട് പാർട്ടിക്കാർക്ക് പോലും ഒരു പ്രയോജനവുമില്ല. ഭരണകക്ഷിയിലെ സഹ കൗൺസിലർമാരുമായി കൂടിച്ചേർന്ന് ഏസിയിലിരുന്ന് ഏഷണി പറയുക എന്നതാണ് ചെയർപേഴ്സന്റെ നഗര ഭരണ നിർവഹണം. ഈ ഏഷണി സദസ്സുകളിൽ നടക്കുന്ന പ്രധാന കലാപരിപാടി മുനിസിപ്പൽ യോഗങ്ങളുടെ മിനുറ്റ്സ് തിരുത്തുക, കൗൺസിൽ യോഗ തീരുമാനങ്ങൾ അട്ടിമറിച്ച് ജനങ്ങളെ ദ്രോഹിക്കുക, ജോസ് കെ മാണിയെ പുകഴ്ത്തുക, സ്ഥലം എംഎൽഎയെ തെറി പറയുക എന്നിവയാണ്.