സി.പി.എമ്മിലെ വിഭാഗീയതയുടെ തുടക്കക്കാരൻ വി.എസ്.അച്യുതാനന്ദനെന്ന് എം.എം.ലോറൻസ്. വ്യക്തിപ്രഭാവം വർധിപ്പിക്കാൻ അച്യുതാനന്ദൻ പ്രത്യേകം സ്ക്വാഡ് പോലെ ആളുകളെ നിയോഗിച്ചെന്ന് ലോറൻസ് ആത്മകഥയിൽ കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസിന് എ.കെ.ജി സെന്ററിലെ ഇ.എം.എസിന്റെ സാന്നിധ്യം ഇഷ്ടമല്ലായിരുന്നെന്നും ലോറൻസ് വെളിപ്പെടുത്തുന്നു. ഓർമച്ചെപ്പ് തുറക്കുമ്പോൾ എന്ന ആത്മകഥ നാളെയാണ് പുറത്തിറങ്ങുന്നത്.

സി.പി.എമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളാണ് എം.എം.ലോറൻസിന്റെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയെ ശ്രദ്ധേയമാക്കുന്നത്. പാലക്കാട് സമ്മേളനത്തിൽ വെട്ടിനിരത്തപ്പെട്ട സി.ഐ.ടി.യു പക്ഷത്തിലെ പ്രമുഖനായിരുന്ന ലോറൻസ്, വി.എസിനോടുള്ള തന്റെ വൈരം തുറന്നു പറയുകയാണ് ആത്മകഥയിലെ വിഭാഗീയത എന്ന അധ്യായത്തിൽ. സി.പി.ഐ, നക്സലൈറ്റ് ആശയഭിന്നിപ്പുകൾക്ക് ശേഷമുള്ള പാർട്ടിയിലെ വിഭാഗീയത തുടങ്ങുന്നത് എറണാകുളത്താണെന്ന് ലോറൻസ് പറയുന്നു. അച്യുതാനന്ദൻ, എ.പി.വർക്കിയെ വിഭാഗീയത ഉണ്ടാക്കാനുപയോഗിക്കുകയായിരുന്നു. പാർട്ടി നേതൃത്വത്തിലുണ്ടായിരുന്ന മറ്റുചിലരെയും ഉപയോഗിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇക്കാര്യം ഒരിക്കൽ പാർട്ടി കോൺഗ്രസിൽ ഇ.കെ.നായനാർ തുറന്നുപറഞ്ഞു. അക്കാലത്ത് വിശ്രമാർഥം തിരുവനന്തപുരത്ത് താമസിച്ചിരുന്ന ജനറൽ സെക്രട്ടറി ഇ.എം.എസ് എന്നും എ.കെ.ജി സെന്ററിൽ എത്തിയിരുന്നത് വി.എസ്.അച്യുതാനന്ദന് അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. തന്റെ അപ്രമാദിത്വം ഇടിഞ്ഞാലോ എന്നായിരുന്നു വി.എസിന്റെ സംശയം. കോഴിക്കോട് സമ്മേളനത്തിൽ സൂര്യന് ചൂടും പ്രകാശവും കുറഞ്ഞ് കരിക്കട്ടയാകുന്നതുപോലെ ഇ.എം.എസും ആകും എന്ന് ഒരംഗം പ്രസംഗിച്ചു എന്ന് ലോറൻസ് വെളിപ്പെടുത്തുന്നു. തുടർന്നാണ് ഇവർ ഇ.എം.എസിനെ കറുത്തസൂര്യൻ എന്ന് വിളിച്ചുതുടങ്ങിയതും പാർട്ടിയിൽ പക്ഷം ഉടലെടുത്തതും. കോഴിക്കോട് സമ്മേളനത്തിൽ വി.എസിനെ വോട്ടെടുപ്പിൽ നായനാർ തോൽപ്പിച്ചതിന്റെ ഉള്ളുകളികളും ലോറൻസ് തുറന്നു പറയുന്നു. കോഴിക്കോട് സമ്മേളനത്തിനുശേഷം തനിക്കെതിരെന്ന് തോന്നുന്നവരെ തിരഞ്ഞുപിടിച്ച് പ്രതികാരം ചെയ്യാൻ വി.എസ്. കരുക്കൾ നീക്കി.

ആലപ്പുഴ സമ്മേളനത്തിൽ പി.കെ.ചന്ദ്രാനന്ദനെതിരെ വി.എസ് തിരിഞ്ഞപ്പോൾ താൻ മറുപടി നൽകി. കൊല്ലം സമ്മേളനത്തിൽ സംസ്ഥാനകമ്മറ്റിയിലേക്ക് നടന്ന വോട്ടെടുപ്പിന്റെ വോട്ടുകൾ എണ്ണിയപ്പോൾ തനിക്ക് വോട്ട് ചെയ്ത ബാലറ്റ് മറുഭാഗത്തേക്ക് ഇടുന്നത് പോളിങ് ഏജന്റായ വി.എൻ വാസവൻ കണ്ടുപിടിച്ചതു കൊണ്ടുമാത്രമാണ് രക്ഷപെട്ടതെന്ന് ലോറൻസ് വെളിപ്പെടുത്തി. 98ൽ പാലക്കാട് സമ്മേളനത്തിൽ തന്നെ ഉൾപ്പടെ 16 പേരെ പ്ലാൻ ചെയ്ത് തോൽപ്പിച്ചു. ആരോഗ്യപ്രശ്നങ്ങളെ മുൻനിർത്തി 11 പേരെ ഒഴിവാക്കാനും തീരുമാനിച്ചു. ഇക്കൂട്ടത്തിൽ ഉൾപ്പെട്ട ഒ. ഭരതൻ, എഴുനേറ്റുനിന്ന് തനിക്ക് ആരോഗ്യപ്രശ്നമുണ്ടെന്ന് ആരുപറഞ്ഞെന്ന് ചടയൻ ഗോവിന്ദനോട് ചോദിച്ചു. പാർട്ടി അങ്ങനെ തീരുമാനിച്ചു എന്നു കണ്ടാൽ മതിയെന്നായിരുന്നു ചടയന്റെ മറുപടി. ആരോഗ്യപരമായി ആരെയെങ്കിലും ഒഴിവാക്കണമെങ്കിൽ അതിൽ ആദ്യ പേരുകാരൻ അർബുദ ബാധിതനായിരുന്ന ചടയൻ ഗോവിന്ദൻ ആയിരുന്നെന്നും ലോറൻസ് തുറന്നടിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക