ഗാസയിലെ സാധാരണ മനുഷ്യർക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ മനുഷ്യത്വരഹിതമാണെന്നതിൽ സംശയമില്ല. അതേസമയം ഒക്ടോബർ ഏഴാം തീയതി ഇസ്രയേലിന്മേൽ ഹമാസ് അഴിച്ചുവിട്ട ആക്രമണം തീവ്രവാദി ആക്രമണം ആണ് എന്നതും യാഥാർത്ഥ്യമാണ്. ഈ രണ്ടു സത്യങ്ങളും ഒരുപോലെ വോട്ട് ബാങ്കുകളെ ഭയപ്പെടാതെ തുറന്നു പറയാൻ ആർജ്ജവമുള്ള കേരളത്തിലെ ഏക രാഷ്ട്രീയ നേതാവായി ശശി തരൂർ മാറുമ്പോൾ അത് കേരളത്തിന് ശുഭസൂചന തന്നെയാണ്.

നിഷ്പക്ഷമായി കാര്യങ്ങളെ വിലയിരുത്തുവാനും അഭിപ്രായങ്ങൾ തുറന്നു പറയുവാനുമുള്ള ആർജ്ജവമാണ് ഒരു രാഷ്ട്രീയ നേതാവിനും ഭരണകർത്താവിനും വേണ്ടത്. അത് മറ്റാരെക്കാളും തനിക്കുണ്ടെന്ന് ശശി തരൂർ തെളിയിച്ചു കഴിഞ്ഞു. ഏതെങ്കിലും സ്വകാര്യമായ അഭിമുഖത്തിൽ അല്ല തരൂർ തന്റെ നിലപാടുകൾ വ്യക്തമാക്കിയത് മറിച്ച് പതിനായിരങ്ങളെ അണിനിരത്തി മുസ്ലീം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിനാണ് എന്നുള്ളത് അദ്ദേഹത്തിൻറെ പ്രതികരണത്തിന്റെ ആർജ്ജവം വർധിപ്പിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭാവി മുഖ്യമന്ത്രി പദത്തിലേക്ക് ഉറച്ച ചുവടുവയ്പ്പ്

മുൻപൊന്നും ഇല്ലാത്ത വിധം ജാതിമത വിശ്വാസങ്ങളുടെ പേരിൽ കേരളം വിഭജിക്കപ്പെട്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ജാതി മത വർഗ്ഗ വർണ്ണ രാഷ്ട്രീയത്തിനെ തച്ചുടച്ച് കേരളത്തിലെ മുന്നോട്ടു നയിക്കാൻ പ്രാപ്തിയുള്ള നേതൃത്വം ആണ് ഇന്ന് സംസ്ഥാനത്തിന് ആവശ്യം. കേരളത്തിൽ ഒരു ഭാവിയുണ്ടെന്ന് നമ്മുടെ യുവജനങ്ങൾക്ക് പ്രത്യാശയുണ്ടാക്കുവാനും തരൂരിനല്ലാതെ മറ്റൊരാൾക്ക് ഇപ്പോൾ കഴിയും എന്ന് തോന്നുന്നില്ല.

സംസ്ഥാനത്തിനു മുഴുവൻ സ്വീകാര്യനായ ഒരു നേതൃമുഖം ഇല്ലാത്തതാണ് കോൺഗ്രസ് ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇതിനുള്ള ഏക പരിഹാരമായി ശശി തരൂർ മാറുകയാണ്. ഹമാസിനെ കുറിച്ചുള്ള ശശി തരൂരിന്റെ നിലപാടുകൾ മുസ്ലിം ലീഗ് നേതൃത്വത്തെ ഒട്ടും അമ്പരപ്പിച്ചിട്ടുണ്ടാവില്ല കാരണം കോൺഗ്രസ് പ്രവർത്തകസമിതിയിലും ഇത് അദ്ദേഹം വ്യക്തമാക്കിയത് നേരത്തെ തന്നെ വാർത്തയായിരുന്നു. അതുകൊണ്ടുതന്നെ അന്യമതസ്ഥർക്ക് മുസ്ലിം വിഭാഗങ്ങളുമായുള്ള അകൽച്ചയ്ക്ക് കാരണം തീവ്ര വിഭാഗക്കാരാണെന്ന തിരിച്ചറിവുള്ള മുസ്ലിംലീഗിന് മറ്റു മതവിഭാഗങ്ങളുമായുള്ള തങ്ങളുടെ ബന്ധം മെച്ചപ്പെടുത്താനുള്ള ഒരു മികച്ച പാലം കൂടിയാണ് ശശി തരൂർ. തരൂരിന്റെ നേതൃത്വത്തിൽ യുഡിഎഫിനെ തിരികെ ഭരണത്തിൽ എത്തിക്കാം എന്നുള്ളതാണ് ലീഗ് കാണുന്ന മറ്റൊരു മികച്ച സാധ്യത.

ഇസ്രായേലിനെയും ഹമാസിനെയും ഒരുപോലെ വിമർശിക്കുന്ന തരൂർ നിഷ്പക്ഷമതികളുടെ കയ്യടി വാങ്ങുകയാണ് എന്നതിൽ സംശയമില്ല. ഇരു പക്ഷത്തേയും അനുകൂലിക്കുന്ന വിവിധ തീവ്ര നിലപാടുകാർ മാത്രമാണ് അദ്ദേഹത്തിനെ വിമർശിക്കുന്നത് എന്നതുകൊണ്ട് അദ്ദേഹത്തിന്റെ ജന സ്വീകാര്യതയിൽ ഒരിടിവും സംഭവിക്കുകയില്ല. തരൂരിനെപ്പോലെ ഒരാൾ വന്നാൽ മാത്രമേ കേരളത്തിനിനി രക്ഷയുള്ളൂ എന്നാണ് പിണറായി ഭരണത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ പറയുന്നത്. അതുകൊണ്ടുതന്നെ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ കേരളത്തിൻറെ ഭാവി മുഖ്യമന്ത്രി ശശി തരൂർ തന്നെയാകുമെന്ന് ഉറപ്പിച്ചു പറയാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക