ശനിയാഴ്ച രാവിലെ മുതൽ ഹമാസ് നടത്തുന്ന ആക്രമണത്തിന് ഇസ്രയേൽ നടത്തുന്ന തിരിച്ചടി യുദ്ധത്തിനു വഴിമാറിയതിനു പിന്നാലെ, ഇസ്രയേലിൽ നിന്ന് പിടികൂടി ബന്ദികളാക്കിയവരെ വധിക്കുമെന്ന ഭീഷണിയുമായി ഹമാസ് രംഗത്ത്. മുൻകുട്ടി മുന്നറിയിപ്പു നൽകാതെ ഗാസ മുനമ്പിലെ സാധാരണക്കാരെ ഉന്നമിട്ട് ബോംബാക്രമണം നടത്തുന്നതിന് എതിരെയാണ് ഭീഷണി. മുന്നറിയിപ്പില്ലാതെ നടത്തുന്ന ഓരോ ആക്രമണത്തിനും പകരം ഓരോ ബന്ദിയുടെ ജീവനെടുക്കുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്.

എന്തു വിലകൊടുത്തും ഗാസ പൂർണമായും പിടിച്ചെടുക്കുമെന്ന പ്രഖ്യാപനത്തോടെ ഇസ്രയേൽ സൈനിക നീക്കം ശക്തമാക്കിയ സാഹചര്യത്തിലാണ് ഹമാസിന്റെ ഭീഷണി. ഇസ്രയേലി തടവുകാരെ സുരക്ഷിതരാക്കി ഇസ്ലാമിന് അനുസൃതമായാണ് സംഘം പ്രവർത്തിക്കുന്നതെന്ന് ഹമാസ് വക്താവ് അബു ഉബൈദ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, സാധാരണക്കാരെ കൊലപ്പെടുത്തി ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്. മുപ്പതിലധികം ഇസ്രയേലുകാരെ ബന്ദികളാക്കിയതായി പലസ്തീനിലെ ഇസ്ലാമിക് ജിഹാദ് സായുധ സംഘവും അവകാശപ്പെട്ടു. ഈ ബന്ദികളുടെ ജീവന്റെ കാര്യത്തിൽ എന്തെങ്കിലും പരിഗണനയുണ്ടെങ്കിൽ, ഗാസയിലെ സാധാരണക്കാരെ ഉന്നമിട്ടുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഹമാസും ഇസ്രയേലും നടത്തുന്ന നേർക്കുനേർ പോരാട്ടത്തിൽ ഇരു പക്ഷത്തുമായി ഇതുവരെ വൻ ആൾനാശമാണ് ഉണ്ടായിട്ടുള്ളത്. ഇസ്രയേലിന്റെ ഭാഗത്ത്കൊല്ലപ്പെട്ടവരുടെ എണ്ണം 900 കടന്നു. 2,600 പേർക്കു പരുക്കേറ്റതായാണ് ഔദ്യോഗിക വിവരം. ഗാസയിൽ ഇസ്രയേൽ നടത്തിയ തിരിച്ചടിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700ഓളമായി. 3726 പേർക്ക് പരുക്കുണ്ടെന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരം.

ഇസ്രയേലിൽ കൊല്ലപ്പെട്ടവരിൽ യുഎസ്, ഇറ്റലി, യുക്രെയ്ൻ, തായ്ലൻഡ് പൗരൻമാരുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് 11 യുഎസ് പൗരൻമാർ കൊല്ലപ്പെട്ടെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയത്.ഗാസ പിടിച്ചടക്കുന്നതിനായി കരയുദ്ധത്തിലേക്കു കടക്കുന്ന ഇസ്രയേൽ, അതിനായി മൂന്നു ലക്ഷത്തോളം സൈനികരെ സജ്ജരാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇതിനു മുന്നോടിയായി ഇസ്രയേൽ സൈന്യം ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയ്ക്കു മേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തി. ഗാസ മുനമ്പിൽ വൈദ്യുതിയും ഭക്ഷണവും ഇന്ധനവും തടഞ്ഞുകൊണ്ടാണ് പൂർണ ഉപരോധം ഏർപ്പെടുത്തിയത്.

ഇസ്രയേലിൽ നിന്ന് പിടികൂടിയ സൈനികരും സാധാരണക്കാരുമായി 130ഓളം പേരെ ബന്ദികളാക്കിയിട്ടുണ്ടെന്നാണ് ഹമാസിന്റെ അവകാശവാദം. ഇവരെ മോചിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അതിനിടെ, ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നാലു ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഹമാസ് പിടികൂടിയ ഇസ്രയേലികളിൽ അധികവും ഇപ്പോഴും ഗാസയിൽ തുടരുന്നുണ്ടെന്നാണ് വിവരം. അതിനിടെയാണ്, ഇസ്രയേലിന്റെ ആക്രമണത്തിൽ ബന്ദികൾ കൊല്ലപ്പെട്ടെന്ന വെളിപ്പെടുത്തൽ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക