ഗൂഗിള്‍ മാപ്പ് നോക്കി രാത്രി യാത്ര ചെയ്താല്‍ മരണമുണ്ടാകുമെന്ന് 2019ല്‍ പ്രവചിച്ച കുറിപ്പ് പങ്കുവച്ച്‌ മുരളി തുമ്മാരുകുടി. അപകടം കഴിയുമ്ബോഴാണ് കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. അപരിചിത വഴികളില്‍ വഴി ചോദിക്കാന്‍ വണ്ടി നിര്‍ത്താതെ ഭൂപടത്തിന്റെ സഹായത്തോടെ ഗൂഗിള്‍ മാപ്പ് യാത്ര സുഗമമാക്കുമ്ബോള്‍, അത് ചില ദോഷങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്.

ഗതാഗത തടസം ഒഴിവാക്കാന്‍ എളുപ്പമുള്ള വഴികള്‍ നിര്‍ദേശിക്കുന്ന ഗൂഗിളിന്റെ പലരെയും കുഴപ്പത്തിലാക്കിയിട്ടുള്ളത് നമ്മള്‍ കേട്ടതാണ്. അത്തരം ഒരു അനുഭവമാണ് ഐക്യരാഷ്ട്രസഭാ ദുരന്തനിവാരണ വിഭാഗം ചെയര്‍മാന്‍ മുരളി തുമ്മാരുകുടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചത്. പ്രസക്ത ഭാഗങ്ങള്‍ ചുവടെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗൂഗിൾ മാപ്പ് നോക്കി രാത്രി യാത്ര ചെയ്താൽ മരണമുണ്ടാകുമെന്ന് പ്രവചിച്ചത് രണ്ടായിത്തി പത്തൊമ്പതിലാണ് എന്തു ചെയ്യാം. അപകടം കഴിയുമ്പോഴാണ് കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ദുഃഖം മുരളി തുമ്മാരുകുടി

Posted by Muralee Thummarukudy on Sunday, 1 October 2023

നഗര ഹൃദയം ട്രാഫിക്കില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ ആളുകള്‍ ഇടവഴികള്‍ തേടുകയാണ്, പ്രത്യേകിച്ചും വിമാനത്താവളത്തിലേക്ക് പോകേണ്ടവര്‍. ഗൂഗിള്‍ മാപ്പ് ആ പണി എളുപ്പമാക്കുന്നു. ഏതു വഴിയും ആരും ഉപയോഗിക്കുന്നതില്‍ നിയമപരമായി ഒരു തെറ്റുമില്ല. പക്ഷെ ഒട്ടും പരിചയമില്ലാത്ത വഴികളില്‍ കൂടി ആളുകള്‍ ഗൂഗിളിന്റെ സഹായത്തോടെ വണ്ടി ഓടിച്ചു വരുമ്ബോള്‍ അപകട സാധ്യത കൂടുന്നു.വഴിയോട് ഡ്രൈവര്‍മാരും, കൂടി വരുന്ന ട്രാഫിക്കിനോട് നാട്ടുകാരും പരിചയപ്പെട്ടിട്ടില്ല. നിലവില്‍ കാറുകള്‍ മാത്രമാണ് ഗൂഗിളിലേക്ക് തിരിഞ്ഞിരിക്കുന്നത്. വലിയ വാഹനങ്ങള്‍ കൂടി ഗൂഗിള്‍ മാപ്പില്‍ എത്തുന്നതോടെ അപകട സാധ്യത പലമടങ്ങാവും. കേരളത്തില്‍ അങ്ങോളമിങ്ങോളം ഗൂഗിള്‍ മാപ്പ് പുതിയ ബൈ പാസ്സുകളും കുറുക്കു വഴികളും ഉണ്ടാക്കിക്കൊണ്ടിരിക്കയാണ്.

ആ വഴിയില്‍ ഉള്ളവരും വാഹനം ഓടിക്കുന്നവരും ഈ മാറ്റം മനസ്സിലാക്കിയിട്ടില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എങ്കിലും ഇക്കാര്യം ശ്രദ്ധിക്കണം, കൂടുതല്‍ വാഹനങ്ങള്‍ ഒരു വഴി വരുന്നുണ്ടെങ്കില്‍ കൂടുതല്‍ സൈന്‍ ബോര്‍ഡുകളും, വളവും തിരിവും തിരിച്ചറിയാനുള്ള റിഫ്‌ളക്ടറുകളും, വഴി അവസാനിക്കുന്ന സ്ഥലം ഉണ്ടെങ്കില്‍ അവിടെ എന്തെങ്കിലും പ്രതിരോധവും ഉണ്ടാക്കി വെക്കണം. ഇല്ലെങ്കില്‍ അപകടങ്ങളുണ്ടാകും, വാഹനങ്ങള്‍ പാടത്തും തോട്ടിലും വീഴും, ആളുകളുടെ ജീവന്‍ പോകും. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച്‌ യാത്ര ചെയ്യുന്നവര്‍ ഇടവഴികളിലേക്ക് കയറുമ്ബോള്‍ കൂടുതല്‍ ശ്രദ്ധയോടെ വണ്ടി ഓടിക്കണം. രാത്രി ആയാല്‍ ഗൂഗിള്‍ മാപ്പ് വേണ്ടെന്ന് വെക്കുന്നതാണ് കൂടുതല്‍ ബുദ്ധി.

ഇതൊന്നും സാങ്കേതിക വിദ്യയുടെ കുറ്റമല്ല. നേരിട്ടുള്ള വഴികളില്‍ ഗതാഗതം സുഗമമാക്കുകയാണ് ശരിക്കും ചെയ്യേണ്ടത്. പക്ഷെ, വഴി വാണിഭക്കാരുടെ ചിന്താഗതിയാണ് നമ്മുടെ നഗരങ്ങളിലെ പ്രമുഖ കച്ചവടക്കാര്‍ക്ക് പോലും. പരമാവധി വാഹനങ്ങള്‍ അവരുടെ മുന്‍പില്‍ കൂടെ കടന്നു പോകുന്നതാണ് ശരിയായ ബിസിനസ്സ് തന്ത്രം എന്നാണ് അവരുടെ ചിന്ത. അതുകൊണ്ട് കടക്ക് മുന്നിലൂടെ ട്രാഫിക്ക് കുറയുന്ന എല്ലാ പരിഷ്‌കാരങ്ങളും അവര്‍ എതിര്‍ത്ത് തോല്‍പ്പിക്കുന്നു.

ലോക്കല്‍ രാഷ്ട്രീയത്തിലെ മൂവേഴ്സും ഷെക്കേഴ്‌സും ഒക്കെ തന്നെ ഇത്തരം കച്ചവടക്കാരായതിനാല്‍ അതിനെതിരെ ശക്തമായ സ്റ്റാന്‍ഡ് എടുക്കാന്‍ ലോക്കല്‍ രാഷ്ട്രീയക്കാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ കഴിയുന്നുമില്ല. ഇത്, കേരളത്തിലെ നഗര വികസനത്തിന്റെ ട്രാജഡി ആണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഇക്കഴിഞ്ഞ ദിവസമാണ് പറവൂരിന് സമീപം കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിച്ചത് ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം.

എറണാകുളത്തു നിന്നും കൊടുങ്ങല്ലൂര്‍ക്കു പോകുന്ന വാഹനങ്ങള്‍ സാധാരണ വരാപ്പുഴ വഴി പറവൂര്‍-കൊടുങ്ങല്ലൂര്‍ ദേശീയപാതയെയാണ് ആശ്രയിക്കാറ്. ഇവിടെ പല ഭാഗത്തും റോഡ് തകര്‍ന്നുകിടക്കുന്നതിനാല്‍ പറവൂരില്‍ നിന്നും ചേന്ദമംഗലം വടക്കുംപുറം ഗോതുരുത്ത് വഴി കുര്യാപ്പിള്ളി ലേബര്‍ കവലയില്‍ എത്തിയും പോകാറുണ്ട്. ഞായറാഴ്ച രാത്രി അപകടത്തില്‍പ്പെട്ട കാര്‍ ഗോതുരുത്ത് കടല്‍വാതുരുത്ത് ഹോളിക്രോസ് പള്ളിയുടെ കടവിലാണ് മുങ്ങിത്താഴ്ന്നത്. ദേശീയപാത വഴി കുര്യാപ്പിള്ളി ലേബര്‍ കവലയില്‍ എത്തിയ ശേഷം ഇടത്തോട്ട് വണ്‍വേ റോഡിലേക്ക് തിരിയേണ്ടതിനു പകരം വലത്തേട്ട് കുര്യാപ്പിള്ളി ഗോതുരുത്തിലേക്ക് തിരിഞ്ഞതോടെയാണ് വഴിതെറ്റിയതെന്ന് അപകടത്തില്‍ രക്ഷപ്പെട്ട യുവതി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക