തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ടി വന്നത് കൊണ്ടെന്ന സിപിഎം നേതാവ് അഡ്വ. കെ അനില്‍കുമാറിന്റെ പ്രസ്താവന വിവാദമായി. അദ്ദേഹത്തെ തള്ളി മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎല്‍എയും രംഗത്തെത്തി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ യുക്തിവാദ സംഘടനയായ എസന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ് – 23- നാസ്തിക സമ്മേളനത്തിലാണ് അനില്‍കുമാര്‍ വിവാദ പരാമര്‍ശം നടത്തിയത്.

‘മലപ്പുറത്ത് നിന്ന് വരുന്ന പുതിയ പെണ്‍കുട്ടികളെ കാണൂ നിങ്ങള്‍. തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടായെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് ഈ കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ട് തന്നെയാണ്, വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായി തന്നെയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് സ്വതന്ത്രചിന്ത വന്നതില്‍ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല. പട്ടിണി കിടക്കുന്ന സമൂഹത്തിലെ എല്ലാവരും മതരഹിതരാണെങ്കില്‍ ആ സമൂഹം പുരോഗമന സമൂഹമാണെന്ന് സിപിഎം വിശ്വസിക്കുന്നില്ല. മുസ്ലിം സ്ത്രീകള്‍ പട്ടിണി കിടക്കുന്നില്ലെങ്കില്‍ അതിന് നന്ദി പറയേണ്ടത് എസെന്‍സിനോടല്ല, മാര്‍ക്സിസ്റ്റ് പാര്‍ടിയോടാണ്’, എന്നായിരുന്നു അനില്‍കുമാര്‍ പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അനില്‍ കുമാറിനെ തള്ളി രംഗത്തെത്തിയ കെ ടി ജലീല്‍, ഒരു വ്യക്തിയുടെ അബദ്ധം ഒരു പാര്‍ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണെന്ന് ഫേസ്ബുകില്‍ കുറിച്ചു. തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമേ അല്ല. കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല. പര്‍ദയിട്ട മുസ്ലിം സഹോദരിയെ വര്‍ഷങ്ങളായി തിരുവനന്തപുരം കോര്‍പറേഷനില്‍ കൗണ്‍സിലറാക്കിയ പാര്‍ടിയാണ് സിപിഎം. സ്വതന്ത്രചിന്ത എന്നാല്‍ തട്ടമിടാതിരിക്കലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതിനെ പഴിചാരി കമ്യൂണിസ്റ്റ് പാര്‍ടിയെ പ്രതിക്കൂട്ടിലാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും കെ ടി ജലീല്‍ വ്യക്തമാക്കി. എഎം ആരിഫ് എംപിയുടെ മാതാവ് ഒരാഴ്ച മുമ്ബ് മരിച്ചപ്പോള്‍ തന്റെ ഉമ്മയുടെ മയ്യത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കിയത് ആരിഫാണെന്നും മതാചാരപ്രകാരം ജീവിക്കുന്ന ലക്ഷക്കണക്കിന് സഖാക്കള്‍ ഉള്ള നാടാണ് കേരളമെന്നും ജലീല്‍ കുറിച്ചു.

സാമൂഹ്യ മാധ്യമങ്ങളിലും അനില്‍ കുമാറിനെതിരെ വിമര്‍ശനം ഉയര്‍ന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുള്ള കാലത്തോളം മുസ്ലിം സ്ത്രീകളില്‍ തട്ടമിടല്‍ കുറഞ്ഞ് വരുമെന്നോ ഞങ്ങള്‍ കുറക്കുമെന്നോ അനില്‍ കുമാര്‍ പറയാതെ പറയുന്നത് മതനിഷേധികളുടെ കൊടിയും പാര്‍ടിയുടെ കൊടിയും ഒന്നാണെന്ന അടിമ നയം ഊട്ടിയുറപ്പിക്കുന്നതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജെനറല്‍ സെക്രടറി പിഎംഎ സലാം പ്രതികരിച്ചു.സിപിഎമുകാരുടെ ഉള്ളിലിരിപ്പ് എന്താണെന്ന് വ്യക്തമാക്കുന്ന സംഭവമാണ് നാസ്തിക സമ്മേളനത്തിലെ അനില്‍ കുമാറിന്റെ പ്രസംഗമെന്ന് മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ കെപിഎ മജീദ് വിമര്‍ശിച്ചു. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്ന് പറഞ്ഞ അതേ സിപിഎമാണ് ഇപ്പോള്‍ കുട്ടികളൊക്കെ തട്ടം ഉപേക്ഷിക്കുകയാണെന്ന വിചിത്രമായ കണ്ടുപിടുത്തം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലിം സ്ത്രീകളുടെ തലയിലെ തട്ടം അനില്‍കുമാറിനെയോ അദ്ദേഹത്തിന്റെ പാര്‍ടിയെയോ അസ്വസ്ഥപ്പെടുത്തുന്നത് എന്തിനെന്നു മനസിലാകുന്നില്ലെന്ന് എഴുത്തുകാരന്‍ മുഹമ്മദലി കിനാലൂര്‍ പ്രതികരിച്ചു. തട്ടമഴിച്ചെങ്കിലേ പുരോഗമനമാകൂ എന്നുണ്ടോ? മലപ്പുറത്തെ സിപിഎമിന്റെ രാഷ്ട്രീയപ്രവര്‍ത്തനം എന്തിനാണ് മുസ്ലിം സ്ത്രീയുടെ തലയില്‍ കൈവെക്കുന്നത്? ഒരു മതവിശ്വാസി സമൂഹം എന്ന നിലയ്ക്ക് മുസ്ലിം സ്ത്രീകള്‍ തലയില്‍ ധരിക്കുന്ന തട്ടം അഴിപ്പിക്കുകയാണോ, അതല്ല ആ തലമറ വസ്ത്രം നിലനിര്‍ത്താനുള്ള മതസ്വാതന്ത്ര്യത്തിനൊപ്പം നില്‍ക്കുകയാണോ സിപിഎം ചെയ്യേണ്ടത്? ഹിജാബ് നിരോധനത്തില്‍ ഉള്‍പ്പെടെ പാര്‍ടി കൈക്കൊണ്ട നിലപാട് ശരിയായില്ല എന്നാണോ അനില്‍കുമാര്‍ പറഞ്ഞതില്‍ നിന്ന് വായിച്ചെടുക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

മലപ്പുറത്ത സിപിഎമിന് ഇത്രയും നടക്കുമെങ്കില്‍, പയ്യന്നൂരില്‍ എന്താണ് നടക്കാത്തതെന്നും ആ പയ്യന്നൂരില്‍ വെച്ചാണ് സിപിഎമിന്റെ മന്ത്രി ജാതീയമായി അപമാനിക്കപ്പെട്ടതെന്നും അവിടെയൊന്നും പോയി അനില്‍കുമാറിന് ആരേയും പരിഷ്‌കരിക്കേണ്ടേയെന്നും ആക്റ്റിവിസ്റ്റ് വി ആര്‍ അനൂപ് ചോദിച്ചു. ഹര്‍കിഷന്‍ സിംഗ് സുര്‍ജിതിന്റെ തലപ്പാവ് മരണംവരെ അഴിപ്പിക്കാന്‍ സാധിക്കാത്തവര്‍ക്കെങ്ങെനെയാ മലപ്പുറത്തെ മുസ്ലിം പെണ്‍ കുട്ടികളുടെ തട്ടത്തില്‍ തൊടാന്‍ കഴിയുകയെന്ന് പ്രഭാഷകന്‍ വഹാബ് സഖാഫി മമ്ബാട് വിമര്‍ശിച്ചു. മലപ്പുറത്തെ പെണ്ണുങ്ങളെക്കാള്‍ മുസ്ലിം സ്ത്രീകള്‍ ഹിജാബ് പാലിക്കുന്നത്, പാര്‍ടിക്ക് കൂടുതല്‍ സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന കണ്ണൂരും കാസര്‍കോടുമാണെന്നും തെക്കുള്ളവര്‍ കൂടുതല്‍ തുറന്നിടുന്നത് കാണാമെന്നും ഇതൊന്നും ഒരു പാര്‍ടിയുടെയും സ്വാധീനം കാരണമല്ലെന്നും സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍ കുറിച്ചു. മറ്റ് നെറ്റിസന്‍സും രൂക്ഷ പ്രതികരണമാണ് നടത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക