തിരുവനന്തപുരം: ഇന്ത്യ ഏകോപനസമിതിയില്‍ നിന്ന് സിപിഎം വിട്ടു നില്‍ക്കുന്നത് കേരളത്തില്‍ ആയുധമാക്കാൻ കോണ്‍ഗ്രസ്. ബിജെപിയെ സഹായിക്കാനാണ് ഇന്ത്യ ഏകോപനസമിതിയില്‍ അംഗമാകേണ്ടെന്ന് സിപിഎം തീരുമാനിച്ചതെന്നും നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ ബിജെപിക്ക് ഒരേയൊരു ബദല്‍ കോണ്‍ഗ്രസ് എന്ന പ്രചാരണമാകും കേരളത്തില്‍ മുന്നോട്ട് വയ്ക്കുക. ബിജെപിയെ എതിര്‍ക്കാൻ ഒരു ഐക്യനിര രൂപപ്പെട്ട് വരുമ്ബോള്‍ അതിന്‍റെ ഒരു പ്രധാന ഏകോപനസമിതിയില്‍ നിന്ന് സിപിഎം വിട്ട് നില്‍ക്കുന്നത് ബിജെപിയെ സഹായിക്കാനാണെന്ന പ്രചാരണം കേരളത്തില്‍ കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കും.

പിണറായി വിജയൻ പ്രതിയായ ലാവലിൻ കേസ് സിബിഐ അഭിഭാഷകന്റെ നിലപാട് മൂലം നിരവധി തവണ സുപ്രീംകോടതിയിൽ മാറ്റിവയ്ക്കേണ്ടി വന്നതും, മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ മാസപ്പടി ആരോപണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്താത്തതും കള്ളപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ സംസ്ഥാന നടത്തുന്ന അന്വേഷണത്തിൽ വെള്ളം ചേർക്കുന്നതും എല്ലാം കോൺഗ്രസ് ഈ സഹകരണത്തിന് തെളിവുകളായി നിരത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സി പി എം നിലപാട്

ഇന്ത്യ ഐക്യനിരയിലെ എല്ലാ പാര്‍ട്ടികളെയും ഏകോപനസമിതി പ്രതിനിധീകരിക്കുന്നില്ല എന്ന് വിലയിരുത്തിയാണ്, സിപിഎം പ്രതിനിധിയെ ഏകോപനസമിതിയിലേക്ക് അയക്കേണ്ടതില്ലെന്ന് ദില്ലിയില്‍ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചത്. ബിജെപിയെ താഴെയിറക്കാൻ പ്രതിപക്ഷ ഐക്യനിര ആവശ്യമാണ്. എന്നാല്‍ സീറ്റ് വിഭജനത്തിനും തെരഞ്ഞെടുപ്പ് സഹകരണത്തിനും ഒരു കേന്ദ്രീകൃതസമിതി വേണ്ട. ഓരോ സംസ്ഥാനങ്ങളുടെയും സാഹചര്യം അനുസരിച്ച്‌ തീരുമാനമെടുക്കണം. ഇതാണ് പിബിയുടെ നിലപാട്.

കോൺഗ്രസ് സ്ഥാനാർഥി നിർണയം സർവ്വേകളുടെ അടിസ്ഥാനത്തിൽ; നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണ രംഗത്തിറങ്ങും

സര്‍വേകളുടെ അടിസ്ഥാനത്തില്‍ വിജയസാധ്യത മാത്രം മുൻനിര്‍ത്തിയാകും ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണയം. കര്‍ണാടകയില്‍ മൂന്ന് തട്ടുകളിലായി സര്‍വേകള്‍ നടത്തി സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത് പോലെ, സുനില്‍ കനുഗോലു അടക്കമുള്ള തെരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ സര്‍വേകളുടെ അടിസ്ഥാനത്തില്‍ വിജയസാധ്യത മാത്രം കണക്കിലെടുത്താകും സ്ഥാനാര്‍ഥി നിര്‍ണയം. രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തില്‍ നിന്ന് മത്സരിക്കുക കൂടി ചെയ്താല്‍ കോണ്‍ഗ്രസിന് മികച്ച വിജയമുറപ്പെന്നും കേരളത്തിലെ നേതാക്കള്‍ പ്രവര്‍ത്തകസമിതിയില്‍ പറഞ്ഞു. എത്രയും പെട്ടെന്ന് സ്ഥാനാര്‍ഥി നി‍ര്‍ണയം പൂര്‍ത്തിയാക്കി, നേരത്തേ തന്നെ പ്രചാരണം തുടങ്ങാനാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക