തുടര്‍ച്ചയായി 10 വര്‍ഷം അധികാരത്തിലേറിയ നരേന്ദ്ര മോദിയുടെ എന്‍ഡിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രതിപക്ഷ ഐക്യം അതിശക്തമാകണമെന്ന് കണക്കുകള്‍. ‘എന്‍ഡിഎ’യെ നേരിടാന്‍ ‘ഇന്ത്യാ മുന്നണി’ എത്തിയതോടെ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന പോര് തീരുമാനമായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യാ മുന്നണി തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞുവെങ്കിലും പ്രതിപക്ഷ സഖ്യത്തെ നയിക്കുന്ന കോണ്‍ഗ്രസ് പ്രതാപത്തിലേക്ക് മടങ്ങിവരാതെ ഇന്ത്യാ മുന്നണി അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ക്ലച്ച്‌ പിടിക്കില്ല എന്നാണ് കണക്കുകള്‍ പറയുന്നത്. നിലവില്‍ 50 സീറ്റുകള്‍ മാത്രമുള്ള കോണ്‍ഗ്രസ് 150നടുത്ത് സീറ്റ് നേടിയില്ലെങ്കില്‍ ഇന്ത്യാ മുന്നണി ഒരു പ്രതീക്ഷയും വയ്‌ക്കേണ്ട. എന്നാൽ 100 സീറ്റുകൾ നേടുക എന്നത് പോലും കോൺഗ്രസിനെ സംബന്ധിച്ച് ഇപ്പോൾ വലിയ വെല്ലുവിളിയാണ്.

ഇന്ത്യ മുന്നണിയിലെ വലിയ പാർട്ടികൾ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ 50 സീറ്റുകളുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ഇന്ത്യാ മുന്നണിയില്‍ കരുത്തുറ്റതും കൂടുതല്‍ സംസ്ഥാനങ്ങളില്‍ സാന്നിധ്യമുള്ളതുമായ പാര്‍ട്ടി. മറ്റ് പാര്‍ട്ടികള്‍ക്ക് എല്ലാം കൂടിയുള്ളത് 93 സീറ്റുകളാണ്. ഇവയില്‍ മിക്കതും പ്രാദേശിക പാര്‍ട്ടികളാണ് എന്നതിനാല്‍ അവയ്‌ക്ക് സീറ്റ് നില ഉയര്‍ത്തുക വലിയ വെല്ലുവിളിയും ഏറെക്കുറെ അസാധ്യവുമാണ്.

കോണ്‍ഗ്രസിന് പുറമെ ലോക്‌സഭയില്‍ രണ്ടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെ(24 സീറ്റ്), തൃണമൂല്‍ കോണ്‍ഗ്രസ്(23), ജെഡിയു(16) എന്നിവ പ്രാദേശിക പാര്‍ട്ടികളാണ്. ഡിഎംകെയ്‌ക്ക് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ത‍ൃണമൂലിന് പശ്ചിമബംഗാളിലും ജനതാദള്‍ യുണൈറ്റഡിന് ബിഹാറിലുമേ കരുത്തുറ്റ സാന്നിധ്യമുള്ളൂ. ബംഗാളിലെ 42 ഉം ബിഹാറിലെ 40 ഉം തമിഴ്‌നാട്ടിലെ 39 ഉം സീറ്റുകള്‍ ഇന്ത്യാ മുന്നണി തൂത്തുവാരിയാലും ആകെ 121 എംപിമാരെയെ ഈ പാര്‍ട്ടികള്‍ക്ക് ഇന്ത്യാ മുന്നണിയിലേക്ക് ചേര്‍ക്കാനാകൂ.

സമാജ് വാദിയും, എൻസിപിയും, ശിവസേനയും കാഴ്ചവയ്ക്കേണ്ടത് അത്ഭുതപ്രകടനം

ശിവസേനയും എന്‍സിപിയും മഹാരാഷ്‌ട്രയിലും എസ്‌പി യുപിയിലും കൂടുതല്‍ സീറ്റ് പിടിക്കാതെ ഇന്ത്യാ മുന്നണിക്ക് നിലനില്‍ക്കാനാവില്ല. ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള(80) യുപിയില്‍ പ്രധാനപാര്‍ട്ടിയായിരുന്ന എസ്‌പിക്ക് നിലവില്‍ മൂന്ന് അംഗങ്ങള്‍ മാത്രമേയുള്ളൂ എന്നതാണ് വലിയ തിരിച്ചടികളിലൊന്ന്. യുപിയിലെ സീറ്റ് നില വര്‍ധിപ്പിക്കാതെ ഇന്ത്യാ മുന്നണിക്ക് മുന്നോട്ടുപോകാനാവില്ല എന്ന് വ്യക്തം. യുപി പിടിച്ചാല്‍ ഇന്ത്യ പിടിക്കാം എന്ന ആപ്തവാക്യം കാലങ്ങളായി ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളുടെ ഭാഗമാണ്.

കോൺഗ്രസ് നൂറിൽ എത്തണമെങ്കിൽ ?

കർണാടകയും കേരളവും കോൺഗ്രസിന് അനുകൂല സാഹചര്യങ്ങൾ ഉള്ള സംസ്ഥാനങ്ങളാണ്. ഈ രണ്ടു സംസ്ഥാനങ്ങളിൽ നിന്നും സംയുക്തമായി നാൽപതിലധികം സീറ്റുകൾ നേടിയെടുക്കേണ്ടത് കോൺഗ്രസിനെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും നിന്നായി ആകെയുള്ള 65 സീറ്റുകളിൽ 35ൽ അധികം സീറ്റുകൾ നേടിയാലും കർണാടകയും കേരളവും ഈ സംസ്ഥാനങ്ങളും കൂടി ചേർന്ന് കോൺഗ്രസിന് 75 സീറ്റുകളെ ആകുകയുള്ളൂ. ഈ മൂന്ന് സംസ്ഥാനങ്ങളിലും വളരെ മികച്ച പ്രകടനം നടത്തിയാൽ പോലും കോൺഗ്രസിന് അങ്ങേയറ്റം പ്രതീക്ഷിക്കാവുന്ന 50 സീറ്റുകളാണ് അങ്ങനെ കണക്കാക്കിയാലും സീറ്റെണ്ണം 90ൽ നിൽക്കും. സഖ്യകക്ഷികളുടെ പിന്തുണയോടെ യുപിയിലും, മഹാരാഷ്ട്രയിലും, തമിഴ്നാട്ടിലും, ബംഗാളിലും പഞ്ചാബിലും, ആസാമിലും ഇതിന് പുറമേ സ്വന്തം നിലയിൽ ഹിമാചലും, ഗുജറാത്തും, തെലുങ്കാനയും ചേർത്ത് കോൺഗ്രസ് ചുരുങ്ങിയത് 15 മുതൽ 25 സീറ്റുകൾ എങ്കിലും നേടിയാൽ മാത്രമേ പാർട്ടിക്ക് ലോക്സഭയിൽ 100 സീറ്റുകൾ എന്ന സംഖ്യക്ക് അപ്പുറം ഉയർന്ന് വരുവാൻ സാധിക്കുകയുള്ളൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക