സമൂഹമാധ്യമങ്ങളിലെ വ്യക്തി അധിക്ഷേപങ്ങള്‍ പുതുപ്പള്ളിയില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍, സൈബര്‍ ആക്രമണങ്ങള്‍ തള്ളി എല്‍.ഡി.എഫ്. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി നേരത്തേ തീരുമാനിച്ചതാണെന്നും മറ്റാരെങ്കിലും ചെയ്തത് എല്‍.ഡി.എഫിന്‍റെ ചുമലില്‍ വെക്കേണ്ടെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. പോരാട്ടം രാഷ്ട്രീയമാണെന്ന് തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍നിന്ന് വ്യതിചലിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം പാടില്ലാത്തതാണെന്ന് സി.പി.എം നേതാവും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജയും പറഞ്ഞു. വസ്ത്രധാരണം അവരുടെ സ്വകാര്യതയാണ്. സൈബര്‍ ആക്രമണം ആരാണ് നടത്തുന്നതെന്ന് അറിയില്ല. സി.പി.എം അങ്ങനെ ചെയ്തിട്ടില്ല. ഇത് സി.പി.എമ്മിന്‍റെ തലയില്‍ കെട്ടിവെക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തേ ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു സി.പി.എം പ്രചാരണത്തിന് തുടക്കമിട്ടതെങ്കിലും ഇത് തിരിച്ചടിയാകുമെന്ന് കണ്ടതോടെ അതിവേഗം പിൻമാറി. ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രചാരണത്തിനില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും അപഹസിക്കുന്ന ചര്‍ച്ച സഹതാപ പ്രചാരണങ്ങള്‍ക്ക് ഗുണമാകുമെന്ന് കണ്ടായിരുന്നു തീരുമാനം.

വികസനചര്‍ച്ചയിലൂടെ വൈകാരികതയെ പിന്നിലാക്കാൻ കഴിഞ്ഞതായും ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫ് വിലയിരുത്തിയിരുന്നു. ഇതിനിടെയാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ കേന്ദ്രീകരിച്ച്‌ വീണ്ടും ഇടത്കേന്ദ്രങ്ങളില്‍നിന്ന് ആരോപണങ്ങള്‍ ഉയര്‍ന്നത്. ഉമ്മൻ ചാണ്ടി മരിച്ചത് കുടുംബവും കോണ്‍ഗ്രസും യഥാസമയം ചികിത്സ നല്‍കാത്തതു കൊണ്ടെന്നായിരുന്നു മുതിര്‍ന്ന സി.പി.എം നേതാവ് എം.എം. മണിയുടെ പരാമര്‍ശം. ഇത് ആത്മഹത്യാപരമായെന്ന വിലയിരുത്തലിനിടെയാണ് അച്ചുഉമ്മനെതിരായ സൈബര്‍ അക്രമങ്ങള്‍.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഏതിര്‍പ്പ് വ്യക്തമാക്കിയിട്ടും അച്ചു അധിക്ഷേപം തുടരുന്നതില്‍ നേതൃത്വം അതൃപ്തിയിലുമാണ്. സതിയമ്മ ജോലി വിവാദം തിരിച്ചടിയായെന്ന സംശയവും എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ക്കുണ്ട്. ഉമ്മൻ ചാണ്ടിയെക്കുറിച്ച്‌ നല്ലതുപറഞ്ഞതിന് താല്‍ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടെന്ന തരത്തില്‍ ഇത് മണ്ഡലത്തില്‍ പ്രചരിപ്പിക്കാൻ യു.ഡി.എഫിനായെന്നാണ് ഇവരുടെ വിലയിരുത്തല്‍.

അതേസമയം, അച്ചുവിനെതിരായ ആക്ഷേപങ്ങള്‍ക്ക് മുഖ്യമന്ത്രിയുമായി ചേര്‍ത്താണ് യു.ഡി.എഫ് മറുപടി. ഉമ്മൻ ചാണ്ടിയുടെ പേരുപറഞ്ഞ് അച്ചു അവിഹിതമായൊന്നും നേടിയിട്ടില്ലെന്നും കള്ളപ്പണം നിക്ഷേപമില്ലെന്നും ഇവര്‍ പറയുന്നു. വീണ വിജയനെതിരായ മാസപ്പടി വിവാദം കത്തി നിൽക്കുന്ന സമയത്ത് അച്ചു ഉമ്മനെതിരായ വ്യക്തി അധിക്ഷേപങ്ങൾ മുഖ്യമന്ത്രിക്കും കുടുംബത്തിന് എതിരെ യുഡിഎഫിന് വീണുകിട്ടിയ ആയുധമാകുകയാണ്. സിപിഎം കേന്ദ്രങ്ങളുടെ കയ്യിലിരിപ്പ് കൊണ്ട് ആദ്യഘട്ടത്തിൽ യുഡിഎഫ് പോലും ഉയർത്താതിരുന്ന മാസപ്പടി വിവാദം പുതുപ്പള്ളിയിൽ ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക