തിരുവനന്തപുരം: മാത്യു കുഴല്‍നാടൻ എംഎല്‍എയ്‌ക്കെതിരെ വിജിലൻസ് കേസെടുക്കാൻ സാധ്യത. കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച്‌ സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി എൻ മോഹനൻ ആരോപണം ഉന്നയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാനുള്ള നീക്കം.

ആരോപണം സംബന്ധിച്ച വിശദാംശങ്ങള്‍ വിജിലൻസ് ശേഖരിച്ച്‌ തുടങ്ങിയിട്ടുണ്ട്. മുഴുവൻ വിവരങ്ങളും ശേഖരിച്ച ശേഷം ആകും കേസെടുക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കുക. അതേസമയം സര്‍ക്കാരിന്‍റെ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും നീതിക്കുവേണ്ടി ഏതറ്റം വരെയും പോകുമെന്നും മാത്യു കുഴല്‍നാടൻ പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിന ഇന്ന് സെക്രട്ടേറിയറ്റിന് മുൻപില്‍ നടത്തുന്ന സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെയോ ഉദ്യോഗസ്ഥരെയോ വിമര്‍ശിച്ചാല്‍ സര്‍ക്കാരിന്‍റെ കയ്യിലുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ അവരെ വേട്ടയാടാൻ ശ്രമിക്കുന്നു. സര്‍ക്കാരിന്‍റെ തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്ന മുഴുവൻ ആളുകളെയും വേട്ടയാടും. താന്‍ അതില്‍ ഭയപ്പെടുന്നില്ലെന്നും അതില്‍ ചഞ്ചലപ്പെടാൻ ഉദ്ദേശിക്കുന്നില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

‘സര്‍ക്കാരിന്‍റെ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സംസ്ഥാനത്തെ അന്വേഷണ ഏജൻസികള്‍ നിങ്ങളുടെ കയ്യിലും കേന്ദ്രത്തിന്‍റെ അന്വേഷണ ഏജൻസികള്‍ നിങ്ങളുടെ സുഹൃത്തായ നരേന്ദ്ര മോദിയുടെ കയ്യിലുമാണ്. എല്ലാ അധികാരങ്ങളും ഉപയോഗിച്ച്‌ കഴിയുന്നത്ര നിങ്ങള്‍ എന്നെ വേട്ടയാടിയാലും മുന്നോട്ടുവച്ച കാല്‍ ഞാൻ പിന്നോട്ട് വയ്ക്കുന്ന പ്രശ്‌നമില്ല. ഇനിയങ്ങോട്ട് യുദ്ധത്തിന്‍റെ നാളുകളാണ്’ -അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ നടത്തുന്ന കൊള്ളക്കെതിരെ ശക്തമായി നീങ്ങുമെന്ന് ഹര്‍ഷിനയുടെ സാന്നിധ്യത്തില്‍ പ്രഖ്യാപിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021 മാര്‍ച്ച്‌ 18 ന് ഇടുക്കി രാജകുമാരി സബ് രജിസ്‌ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വസ്‌തുവിനും റിസോര്‍ട്ടിനും മാത്യു കുഴല്‍നാടനും രണ്ട് ബിസിനസ് പങ്കാളികളും വിലയായി കാണിച്ചിരിക്കുന്നത് 1.92 കോടി രൂപയാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ നല്‍കിയ സത്യവാങ്മൂലത്തില്‍ 3.5 കോടിയുടെ ഭൂമി സ്വന്തമായി ഉണ്ടെന്നാണ് മാത്യു കുഴല്‍നാടൻ നല്‍കിയിരിക്കുന്നത്.ഇത് നികുതി തട്ടിപ്പാണെന്നും ഭൂമിയുടെ യഥാര്‍ഥ വില ഏഴു കോടിയാണെന്നും നികുതി തട്ടിപ്പിനായി വില കുറച്ചു കാണിച്ചതാണെന്നും മോഹനൻ ആരോപിച്ചിരുന്നു. അഭിഭാഷകനായി ജോലി തുടങ്ങി 12 വര്‍ഷം കൊണ്ടുണ്ടായ വലിയ വരുമാന വര്‍ധന സംശയകരമാണെന്നും ഇത് അന്വേഷിക്കണമെന്നുമാണ് സിപിഎം ഉയര്‍ത്തുന്ന ആവശ്യം. ഇതേതുടര്‍ന്നാണ് കേസെടുക്കാനുള്ള പരിശോധന വിജിലൻസ് ആരംഭിച്ചത്.

മാസപ്പടി വിവാദത്തിലടക്കം സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരം ആരോപണം മാത്യു കുഴല്‍നാടൻ നിയമസഭയിലും പുറത്തും ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി വിവാദവും പ്രതിപക്ഷ നേതാവടക്കം സഭയില്‍ ഉന്നയിക്കാതിരുന്നിട്ടും മാത്യു കുഴല്‍നാടൻ സഭയില്‍ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം മാത്യു കുഴല്‍നാടനെതിരെ ശക്തമായ നീക്കം തുടങ്ങിയത്.

ഹര്‍ഷിനയ്‌ക്ക് പിന്തുണ: ഹര്‍ഷിനക്ക് ലഭിക്കാതെ പോയ നീതി ലഭിക്കുന്നതുവരെ അവരോടൊപ്പം നിലകൊള്ളുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കഴിഞ്ഞ 10 വര്‍ഷത്തോളമായി ഇത്രയും വലിയ അനീതിയും ഇത്രയും വലിയ വേദനയും കേരളത്തിലെ ഒരു സ്ത്രീക്ക് അനുഭവിക്കേണ്ടിവന്നു. നീതിക്കുവേണ്ടി സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സമീപനം എന്താണെന്ന് നാം കണ്ടതാണ്. നീതി ഉറപ്പാക്കേണ്ട സര്‍ക്കാര്‍ നീതി നിഷേധിച്ചവര്‍ക്കൊപ്പം നില്‍ക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചു.

‘വ്യക്തമായിട്ടുള്ള ചികിത്സ പിഴവ് ഉണ്ടായി എന്നുള്ളത് ഒരു സംശയവും ഇല്ലാതെ പറയാൻ കഴിയുന്ന കാര്യമാണ്. അതി ഗുരുതരമായ ചികിത്സ പിഴവാണുണ്ടായത്. കുറ്റക്കാരെ സംരക്ഷിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നത് കൊണ്ടാണ് ഇതുവരെ കുറ്റക്കാരെ കണ്ടെത്താനാകാത്തത്. ഇരട്ട നീതിയാണ് ഇവിടെ ഉള്ളത്. സെക്രട്ടേറിയറ്റ് മുമ്ബില്‍ തന്നെ ദിവസേന അനേകായിരങ്ങള്‍ സമരവുമായി എത്തുന്നു. അവര്‍ക്ക് ലഭിക്കേണ്ട നീതി നിഷേധിക്കപ്പെടുന്നതാണ് അതിന് കാരണം’ -മാത്യു കുഴല്‍നാടൻ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുൻപില്‍ ഹര്‍ഷീന ആരംഭിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്‌ത മാത്യു കുഴല്‍നാടൻ എംഎല്‍എ ഹര്‍ഷിനക്ക് എല്ലാ പിന്തുണയും ഉറപ്പ് നല്‍കിയാണ് മടങ്ങിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക