കോഴിക്കോട്‌ : സ്വര്‍ണക്കടത്ത്‌ കേസില്‍ കസ്‌റ്റംസ്‌ അറസ്‌റ്റ്‌ ചെയ്‌ത അര്‍ജുന്‍ ആയങ്കി ഉള്‍പ്പെട്ട ക്വട്ടേഷന്‍ സംഘത്തിന്‌ ജയിലില്‍ നിന്നു നിര്‍ദേശം നല്‍കുന്നത്‌ ടി.പി. കേസ്‌ പ്രതി കൊടി സുനിയും സംഘവും. ക്വട്ടേഷന്‍ സംഘത്തിന്റെ ഏകോപനച്ചുമതല കൂത്തുപ്പറമ്ബ്‌-പാനൂര്‍ മേഖല കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന നേതാവിനാണ്‌. ഇയാള്‍ക്ക്‌ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനുമായി ബന്ധമുണ്ടെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ഷാഫി പറമ്ബിലും ആരോപിച്ചു.
തടവില്‍ കഴിയുന്ന കൊടി സുനി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്ന പരാതി ഉയര്‍ന്നിരുന്നെങ്കിലും നടപടിയുണ്ടായില്ല. പാര്‍ട്ടി ക്വട്ടേഷനില്‍ ഏര്‍പ്പെടുന്ന തടവുകാര്‍ക്ക്‌ ജയിലില്‍ ലഭിക്കുന്ന പരിഗണന ഉപയോഗിച്ചാണ്‌ കൊടി സുനിയുടെ പ്രവര്‍ത്തനം.

സുനിയുടെ നിര്‍ദേശമനുസരിച്ച്‌ സ്വര്‍ണക്കടത്തിന്‌എസ്‌കോര്‍ട്ട്‌ പോകുന്നതും ടി.പി. വധക്കേസില്‍ ഉള്‍പ്പെട്ടവര്‍ തന്നെ. വിയ്യൂർ ജയിലിലായിരിക്കേ കൊടി സുനി കവര്‍ച്ച ആസൂത്രണം ചെയ്‌തതിന്‌ പോലീസിന്‌ തെളിവ്‌ ലഭിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെട്ട കാക്ക രഞ്‌ജിത്‌ അടക്കമുള്ളവര്‍ അറസ്‌റ്റിലായെങ്കിലും സുനിയ്‌ക്കെതിരേ ചെറുവിരല്‍ അനക്കാനായിട്ടില്ല.
കൊടി സുനിയുടെ സ്വര്‍ണക്കടത്ത്‌ ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന യുവാവ്‌ കൊലപാതക കേസില്‍ ജയിലില്‍ കഴിയവെ കാമുകിയുമായി മണിക്കൂറുകളോളം ഫോണില്‍ സല്ലപിച്ചത്‌ വിവാദമായിരുന്നു. ചൊക്ലി സ്വദേശിയുടെ പേരിലെടുത്ത ഈ സിം കാര്‍ഡ്‌ ഉപയോഗിച്ചായിരുന്നു കൊടി സുനി പുറത്തെ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചതെന്ന്‌ പോലീസ്‌ കണ്ടെത്തുകയും ജയില്‍ എ.ഡി.ജി.പി.യ്‌ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊടി സുനി അടക്കമുള്ള കൊടും ക്രിമിനലുകളും രണ്ടാം നിര ക്വട്ടേഷന്‍ സംഘങ്ങളുമായി ഏകോപന ചുമതലയുള്ള നേതാവിനെ ഒതുക്കാന്‍ പാര്‍ട്ടി ഔദ്യോഗിക നേതൃത്വം ഏറെ ശ്രമിച്ചിട്ടും സാധിച്ചില്ല.
ടി.പി. കേസിലെ പ്രതികളടക്കം ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമായി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്ബോഴും തള്ളാനും കൊള്ളാനും വയ്യാത്ത അവസ്‌ഥയിലാണ്‌ നേതൃത്വം. നേതാക്കളുമായുള്ള രഹസ്യ ഇടപാടുകളെകുറിച്ചുള്ള വിശദവിവരങ്ങള്‍ ഇവര്‍ക്കറിയാവുന്നതുകൊണ്ട്‌ തന്നെ പുറമെ തള്ളിയാലും സംരക്ഷിക്കുമെന്നും ഇവര്‍ക്കറിയാം. പാര്‍ട്ടിയുമായി ബന്ധമുള്ള അഭിഭാഷകരും നിയമസഹായവും ഇവര്‍ക്ക്‌ അതത്‌ അവസരങ്ങളില്‍ ലഭ്യമാകുന്നുണ്ട്‌.

കവര്‍ച്ച നടത്തുന്ന കള്ളക്കടത്ത്‌ സ്വര്‍ണം സ്‌ഥിരമായി വാങ്ങുന്ന കൊല്ലം സ്വദേശി രാജേഷ്‌ ഖന്നയ്‌ക്ക്‌ കൊടി സുനിയുമായി ബന്ധമുണ്ടെന്നും പോലീസ്‌ കണ്ടെത്തിയിരുന്നു. രാജേഷ്‌ ഖന്നയ്‌ക്ക്‌ വേണ്ടി സ്‌ഥിരമായി ഹാജരാകാറുള്ളത്‌ കണ്ണൂരില്‍നിന്നുള്ള അഭിഭാഷകന്റെ ജൂനിയര്‍ അഭിഭാഷകനുമായിരുന്നു. അര്‍ജുന്‍ ആയങ്കിക്കുവേണ്ടി രംഗത്തെത്തിയതും മുന്‍ എസ്‌.എഫ്‌.ഐ. നേതാവ്‌ കൂടിയായ അഭിഭാഷകനാണ്‌. ദുബായില്‍ നിന്നയച്ച സ്വര്‍ണം തട്ടിയെടുക്കാനാണ്‌ അര്‍ജുന്‍ ആയങ്കി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയതെന്ന്‌ വ്യക്‌തമായിട്ടും പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കാതിരുന്നത്‌ ഉന്നതതലങ്ങളില്‍ നിന്നുള്ള ഇടപെടല്‍ മൂലമാണെന്ന്‌ ആരോപണമുണ്ട്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക