തിരുവനന്തപുരം: മാസപ്പടി കേസിലെ വിധി വരുമ്ബോള്‍ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്. തിങ്കളാഴ്ച പുലർച്ചെ നെടുമ്ബാശ്ശേരി വഴിയായിരുന്നു യാത്ര. യാത്ര സ്വകാര്യസന്ദർശനമാണെന്ന് കാണിച്ച്‌ യാത്രയ്ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി തേടിയിരുന്നു. മുഖ്യമന്ത്രിയുടെ മകനും കുടുംബവും ഗള്‍ഫിലാണുള്ളത്. മകനെ കാണാനാണ് യാത്രയെന്നാണ് സൂചന. ആരെല്ലാം മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകുമെന്നതും നിർണ്ണായകമാണ്.

മാസപ്പടി കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം കടുപ്പിക്കാൻ സാധ്യതയുണ്ട്. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ വിദേശ യാത്ര. ഓഫീസില്‍ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സാധാരണ സർക്കാർതന്നെ യാത്ര സംബന്ധിച്ച്‌ പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യ സന്ദർശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച്‌ ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും കൂടെ പോകുന്നുണ്ടോ എന്നത് വ്യക്തമല്ല. വീണയെ ഏതു സമയത്തും ഇഡി ചോദ്യം ചെയ്യാൻ സാധ്യതയുള്ള സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ യാത്രയുടെ വിശദാംശങ്ങള്‍ കേന്ദ്ര ഏജൻസി പരിശോധിക്കുന്നുണ്ട്. ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനായി മുഖ്യമന്ത്രിയുടെ പരിപാടി നിശ്ചയിച്ചിട്ടുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി എന്ന് മടങ്ങുമെന്ന വിവരം അറിവായിട്ടില്ല. മുഖ്യമന്ത്രിയുടെ ചുമതല മറ്റാർക്കും നല്‍കാതെയാണ് യാത്ര.

ഫലപ്രഖ്യാപനത്തിന് മുമ്ബ് മുഖ്യമന്ത്രി തിരിച്ചെത്തുമെന്ന സൂചനയാണ് സിപിഎം വൃത്തങ്ങള്‍ നല്‍കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമുള്ളതു കൊണ്ട് തന്നെ സർക്കാരിന്റെ നയപരമായ ഇടപെടലുകള്‍ക്ക് ചില തടസ്സങ്ങളുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്ര. മാതൃഭൂമിയാണ് മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്ര റിപ്പോർട്ട് ചെയ്യുന്നത്.

മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജിയില്‍ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. കേസ് കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാണ് മാത്യു കുഴല്‍നാടൻ എംഎല്‍എ ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനിടെയാണ് ഗള്‍ഫിലേക്ക് മുഖ്യമന്ത്രി പോകുന്നത് എന്നതും നിർണ്ണായകമാണ്. ലാവ് ലിൻ കേസും സുപ്രീംകോടതിയില്‍ ഈ ആഴ്ച അന്തിമ വാദം കേള്‍ക്കാൻ സാധ്യതയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക