കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് അടിച്ച്‌ തകര്‍ത്ത കേസില്‍ പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് കീഴടങ്ങി. കായംകുളം കോടതിയിലാണ് ജെയ്ക് സി തോമസ് കീഴടങ്ങിയത്. 2016 ലാണ് കായംകുളം കട്ടച്ചിറയിലെ വെള്ളാപ്പള്ളി എഞ്ചിനിയറിംഗ് കോളേജില്‍ എസ്‌എഫ്‌ഐ സമരം നടന്നത്. അന്ന് എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്നു ജെയ്ക് സി തോമസ്. കോളേജ് അടിച്ചു തകര്‍ത്ത കേസിലെ പ്രതിയാണ് ജെയ്ക് സി തോമസ്. കോളേജ് മാനേജ്മെന്റിന്റെ പീഡനത്തിനെതിരെയായിരുന്നു എസ്‌എഫ്‌ഐയുടെ അന്നത്തെ സമരം.

അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വികസനം പ്രധാന ചര്‍ച്ചയാക്കുകയാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസും യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും. വികസന വിഷയങ്ങളില്‍ പരസ്യസംവാദത്തിന് ഇരുവരും പരസ്പരം വെല്ലുവിളിച്ചു. പുതുപ്പള്ളിയുടെ വികസനം ചര്‍ച്ചയാക്കണമെന്ന് ഇടതുസ്ഥാനാര്‍ത്ഥി വീണ്ടും ആവശ്യപ്പെട്ടതോടെ പിണറായിയുടെ ഭരണത്തെക്കുറിച്ച്‌ ചര്‍ച്ചയ്ക്ക് തയ്യാറുണ്ടോയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി തിരിച്ചടിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനിടെ,ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ലിജിൻ ലാലിനെ പ്രഖ്യാപിച്ചു. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ് നിലവില്‍ ലിജിൻ ലാല്‍. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും ലിജിൻ ലാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 മുതല്‍ ബിജെപി കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു ലിജിൻ ലാല്‍. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക