ജാമ്യം അനുവദിച്ച പ്രതിയെ മഫ്തിയിലെത്തിയ പൊലീസ് കോടതിയില്‍ കയറി കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ നെടുമങ്ങാട് കോടതി ഹാളില്‍ അഭിഭാഷകരും പൊലീസും തമ്മില്‍ സംഘർഷം. ഇരുവിഭാഗവും നേർക്കുനേർ നിലയുറപ്പിച്ചതോടെ മൂന്ന് മണിക്കൂറോളം കോടതിയും പരിസരവും സംഘർഷഭരിതമായി. കസ്റ്റഡിയില്‍ എടുത്ത പ്രതിയെ വൈകിട്ട് 6.30ന് മുമ്ബ് ഹാജരാക്കണമെന്ന് മജിസ്‌ട്രേറ്റ് അന്ത്യശാസനം നല്‍കിയെങ്കിലും പൊലീസ് വഴങ്ങിയില്ല.

ഇതേതുടർന്ന് പ്രത്യേക സിറ്റിംഗ് നടത്തി പൊലീസുകാർക്കെതിരെ കേസ് എടുത്ത ശേഷമാണ് കോടതി പിരിഞ്ഞത്. അടിപിടിക്കേസില്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി (രണ്ട്) ജാമ്യം നല്‍കിയ വട്ടിയൂർക്കാവ് സ്റ്റേഷനിലെ ക്രൈം 135/24 കേസിലെ ഒന്നാം പ്രതി സായികൃഷ്ണയെ ആണ് നടപടി ക്രമങ്ങള്‍ പൂർത്തിയാകും മുമ്ബ് രണ്ട് പൊലീസുകാർ ബലം പ്രയോഗിച്ച്‌ കസ്റ്റഡിയില്‍ എടുത്തത്. വട്ടിയൂർക്കാവ് സ്റ്റേഷനിലെ ഷാഡോ പൊലീസ് ഉച്ചകഴിഞ്ഞ് 3.59 ഓടെയാണ് നെടുമങ്ങാട് കോടതിയില്‍ എത്തിയത്.
ബോണ്ടില്‍ ഒപ്പ് വയ്ക്കുന്നതിനായി കോടതി വരാന്തയില്‍ നില്‍ക്കുമ്ബോള്‍ പിടികൂടിയ പ്രതിയെ ഇടനാഴിയിലൂടെ പൊലീസ് വലിച്ചിഴയ്ക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതുതടഞ്ഞ പ്രതിഭാഗം അഭിഭാഷകൻ അലിഫ് കാസിമിനെ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. പിടിച്ചുതള്ളുന്നതിനിടെ ചുമരില്‍ ഇടിച്ച്‌ തലയ്ക്ക് പരിക്കേറ്റ അഭിഭാഷകൻ സർക്കാർ ആശുപത്രിയില്‍ ചികിത്സ തേടി. അഭിഭാഷകർ കൂട്ടത്തോടെ പ്രതിഷേധിച്ച്‌ എത്തിയതോടെ, കോടതി മന്ദിരത്തിന് മുന്നില്‍ എ.സി.പിയും ഡിവൈ.എസ്.പിയും അടക്കം വൻ പൊലീസ് സംഘവും നിലയുറപ്പിച്ചു. സബ് ഡിവിഷനിലെ എല്ലാ സ്റ്റേഷനുകളില്‍ നിന്നും പൊലീസ് വണ്ടികളും എത്തി.

കോടതിയെ അപമാനിച്ചതിലും അഭിഭാഷകനെ മർദിച്ചതിലും പ്രതിഷേധിച്ച്‌ തിങ്കളാഴ്ച മുതല്‍ കോടതി നടപടികള്‍ ബഹിഷ്കരിക്കുമെന്ന് ബാർ അസോസിയേഷൻ ഭാരവാഹികള്‍ അറിയിച്ചു. മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസ് ഭാഷ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക