ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി ലോക്‌സഭ മണ്ഡലത്തിലേക്ക് യുവനേതാവ് ജെയ്ക് സി തോമസിനെ പരിഗണിക്കാൻ പാര്‍ട്ടി വൃത്തങ്ങളില്‍ തീരുമാനം. ജെയിക്കിന് സ്ഥാനാർത്ഥിത്വം കൊടുത്താൽ അത് കൃത്യമായ സാമുദായിക പരിഗണനകൾ കൂടി കണക്കിലെടുത്താണെന്ന് വിലയിരുത്താം. നിലവിൽ ചാലക്കുടി എംപിയായ ബെന്നി ബഹനാൻ യാക്കോബായ സമുദായ അംഗമാണ്. ഇതേ സമുദായത്തിൽ നിന്ന് തന്നെയുള്ള വ്യക്തിയാണ് ജെയ്ക് സി തോമസും. ഒപ്പം ഒന്നാം പിണറായി സര്‍ക്കാരിലെ മികച്ച മന്ത്രിമാരായി അറിയപ്പെടുന്ന ഡോ. ടി എം തോമസ് ഐസക്ക്, കെ കെ ശൈലജ എന്നിവരെയടക്കം മത്സരരംഗത്തിറക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്. ഇവര്‍ക്കൊപ്പം ടി വി രാജേഷ്, ചിന്താ ജെറോം, വി വസീഫ് തുടങ്ങിയ യുവാക്കളെയും മത്സരിപ്പിച്ചേക്കും.

2024ൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുകയാണെങ്കിൽ ജെയ്ക് സി തോമസിന് അത് പൊതുതെരഞ്ഞെടുപ്പ് രംഗത്തെ നാലാം അങ്കമായിരിക്കും, അതും വെറും 34 വയസ്സിനുള്ളിൽ. നാല് മത്സരങ്ങൾ എന്നതിലുപരി സംസ്ഥാനത്തെ ഒരു പ്രബല പാർട്ടിയുടെ സ്ഥാനാർത്ഥിയായി എട്ടു വർഷങ്ങൾക്കിടയിൽ നാല് തവണ മത്സരിക്കുക എന്നത് ഒരു അപൂർവത തന്നെയാണ്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ തന്റെ ഇരുപത്തിയഞ്ചാം വയസ്സിലാണ് 2016ൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ ജെയ്ക് ആദ്യമായി മത്സരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് 2021ലും ഉമ്മൻചാണ്ടിയുടെ എതിരാളിയായി പുതുപ്പള്ളിയിൽ തന്നെ മത്സരിച്ചു. 2023ൽ ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനെതിരെയും എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത് ജെയ്ക് തന്നെയാണ്. മൂന്നു തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടെങ്കിലും മൂന്നു തെരഞ്ഞെടുപ്പുകളിൽ നിന്ന് നേടിയെടുത്ത രാഷ്ട്രീയ പരിചയവും ചെറുപ്പവും കേരള രാഷ്ട്രീയത്തിൽ ഒരുപാട് ദൂരം മുന്നോട്ടു പോകുവാൻ ഈ ചെറുപ്പക്കാരനെ സഹായിക്കുമെന്നതിൽ സംശയമില്ല

നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കണം എങ്കിൽ ഇന്ത്യയിലെ നിയമമനുസരിച്ച് ഏറ്റവും കുറഞ്ഞ പ്രായം 25 വയസ്സാണ്, അങ്ങനെയിരിക്കെ 33 വയസ്സാകുമ്പോഴേക്കും നാലു പൊതു തിരഞ്ഞെടുപ്പുകളിൽ പ്രധാന പാർട്ടിയുടെ അല്ലെങ്കിൽ മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുക എന്നത് ഒരുതരത്തിൽ വലിയ അംഗീകാരവും അനുഭവവുമാണ്.

ശൈലജയെ കണ്ണൂരിലൊ വടകരയിലോ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ശൈലജ പ്രതിനീധീകരിക്കുന്ന കൂത്തുപറമ്ബ് മണ്ഡലം വടകര ലോകസഭ മണ്ഡലത്തിലാണ്. സംഘടനാ ചുമതലയുമായി പത്തനംതിട്ടയിലുളള തോമസ് ഐസക്കിനെ അവിടെയോ നഗര മണ്ഡലമായ എറണാകുളത്തോ മത്സരിപ്പിക്കണമെന്ന ചര്‍ച്ചയും പാര്‍ട്ടിവൃത്തങ്ങളില്‍ സജീവമാണ്.ലീഗ് ശക്തി ദുര്‍ഗങ്ങളില്‍ അട്ടിമറി വിജയം നേടിയിട്ടുളള കെ ടി ജലീലിനെ പൊന്നാനിയില്‍ മത്സരിപ്പിക്കണം എന്നതും ചര്‍ച്ചയിലുണ്ട്.

കാസര്‍കോട് മണ്ഡലത്തില്‍ ടി.വി.രാജേഷ്, പത്തനംതിട്ടയില്‍ രാജു എബ്രഹാം എന്നിവരുടെ പേരുകളും സജീവമായി കേള്‍ക്കുന്നുണ്ട്.മുതിര്‍ന്നവര്‍ക്കൊപ്പം ഡിവൈഎഫ്‌ഐ നേതാവ് വി വസീഫ്, യുവ വനിതാ നേതാവ് ചിന്താ ജെറോം എന്നിവരെയും ലോകസഭയിലേക്ക് പരിഗണിക്കും എന്നാണ് സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക