കോട്ടയം ബസേലിയോസ് കോളേജിൽ ഇന്ന് ഇരു വിഭാഗം വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായി. സംഘർഷത്തിൽ പരിക്കേറ്റവരിൽ ഒരാൾ കോളേജിലെ എസ്എഫ്ഐയുടെ പ്രധാന നേതാവായ അനന്തഗോപനാണ്. ഇയാൾ ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ സംഘർഷത്തേക്കാൾ കൗതുകം ഉണർത്തുന്ന മറ്റൊരു വിഷയമാണ് ഇപ്പോൾ ചർച്ചയാകുന്നത്. എസ്എഫ്ഐക്കാരെ അടിച്ചത് ആരാണ് എന്ന് അവർക്ക് തന്നെ ഒരു തീർച്ചയില്ല എന്നതാണ് വസ്തുത.

അടി നടന്ന് മിനിറ്റുകൾക്കകം പതിവ് ശൈലിയിൽ എസ്എഫ്ഐയുടെ പോസ്റ്റർ പുറത്തുവന്നു. ക്യാമ്പസിലെ ചിരവൈരികളായ കെഎസ്‌യുവിന് എതിരെയാണ് ആദ്യം ആരോപണം ഉന്നയിക്കപ്പെട്ടത്. പിന്നീട് കെഎസ്‌യു‌കാരുടെ തല്ലുകൊണ്ടു എന്ന് പറയുന്നത് അപമാനം ആകും എന്ന് കരുതിയിട്ടാണോ എന്നറിയില്ല മാറ്റം വരുത്തി പുതിയ പോസ്റ്റർ ഇറക്കി. ഇത്തവണ അടിച്ചത് ലഹരി സംഘം ആണെന്നാണ് ആരോപിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യ പോസ്റ്ററിൽ അടി കൊണ്ട് പൊട്ടിയ നേതാവിന്റെ തലയുടേത് എന്ന് തോന്നുന്ന ഫോട്ടോ ചേർത്തിട്ടുണ്ട്. പക്ഷേ ചിത്രത്തിൽ സൂക്ഷ്മമായി പരിശോധിച്ചാൽ മാത്രമേ പരിക്ക് കാണാൻ കഴിയൂ. ഒരു മുഴുത്ത പേൻ കടിച്ച അത്ര മാത്രമേ തലയ്ക്കുള്ള പരിക്ക് ഉള്ളൂ എന്നാണ് ഫോട്ടോ കണ്ടു വിലയിരുത്താൻ സാധിക്കുക. അതുകൊണ്ടാണ് എന്നറിയില്ല രണ്ടാമത്തെ ചിത്രത്തിൽ ഫോട്ടോ ഒന്ന് മാറ്റി പിടിച്ചു. ഇത്തവണ ചിതറി തെറിച്ചിരിക്കുന്ന ചോരത്തുള്ളികളുടെ ഗ്രാഫിക് ഇമേജാണ് പോസ്റ്ററിൽ ചേർത്തിരിക്കുന്നത്.

രാഷ്ട്രീയത്തിനതീതമായ മറ്റെന്തോ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്യാമ്പസിനുള്ളിൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും എസ്എഫ്ഐ നേതാവ് അനാവശ്യമായി വിഷയത്തിൽ പക്ഷം പിടിച്ചതിനെ തുടർന്ന് വാക്കേറ്റം ചെറിയ കയ്യാങ്കളിയായി മാറിയതാണ് എന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. തുടർന്ന് വിഷയത്തിന് ബോധപൂർവ്വം രാഷ്ട്രീയ പരിവേഷം ചാർത്തി കൊടുക്കാൻ നടന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ പോസ്റ്റർ പ്രചരണം എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഏതായാലും കലാലയ രാഷ്ട്രീയം കലാപ രാഷ്ട്രീയം ആകുന്നത് ഇപ്പോഴേ ദുർബലമായ ഉന്നത വിദ്യാഭ്യാസ രംഗത്തെ കൂടുതൽ തളർത്തുകയേ ഉള്ളൂ എന്ന് ഉറപ്പായും വിലയിരുത്താം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക