തിരുവനന്തപുരം: നാളെ മുതല്‍ നിയമസഭാ സമ്മേളനം തുടങ്ങുമ്ബോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലേക്കാണ്. വിവാദങ്ങള്‍ നിറഞ്ഞ ഇക്കാലയളവില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കാര്യമായൊന്നും മിണ്ടിയിട്ടില്ല. മാധ്യമങ്ങളെ കണ്ടിട്ടു തന്നെ അഞ്ച് മാസങ്ങളോളമായി. ഒരുകാലത്ത് ദിവസവും വാര്‍ത്തസമ്മേളനം വിളിച്ചിരുന്ന ആ പഴയ പിണറായി അല്ല ഇപ്പോഴത്തേത്. അതിനൊന്നും അദ്ദേഹത്തിന് ഇപ്പോള്‍ താല്‍പ്പര്യമില്ല.

തനിക്ക് ഇഷ്ടമുള്ളപ്പോള്‍ പ്രതികരിക്കും എന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ശൈലി. അതുകൊണ്ട് തന്നെ വിവാദങ്ങളില്‍ ഒന്നും മിണ്ടാതിരിക്കുന്ന പിണറായിയെ കൊണ്ട് ഉരിയാടിക്കാൻ തന്നെ തീരുമാനിച്ചാണ് പ്രതിപക്ഷം നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന് എത്തുന്നത്. 12 ദിവസം മാത്രമേ ചേരുന്നുള്ളൂവെങ്കിലും നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനം അറിയാൻ കാത്തിരിക്കുന്നത് ഒട്ടേറെ വിവാദ വിഷയങ്ങളിലെ സര്‍ക്കാര്‍ നിലപാടാണ്. കഴിഞ്ഞ 6 മാസമായി പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്നതല്ലാതെ വാര്‍ത്താ സമ്മേളനങ്ങളിലോ സംവാദങ്ങളിലോ പങ്കെടുക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടുകളാണ് ഇതില്‍ മുഖ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മിത്ത് വിവാദം, പൊലീസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, തുടര്‍ച്ചയായ ഗുണ്ടാ ആക്രമണങ്ങള്‍, സാമ്ബത്തിക പ്രതിസന്ധി, മൈക്ക് വിവാദം, ഏക വ്യക്തിനിയമം തുടങ്ങിയവയൊക്കെ നിയമസഭയില്‍ അടിയന്തര പ്രമേയങ്ങളായോ ചോദ്യങ്ങളായോ സബ്മിഷനായോ വരും. മിക്ക വിഷയങ്ങളിലും മുഖ്യമന്ത്രിയാണു മറുപടി പറയേണ്ടി വരിക. മുഖ്യമന്ത്രിയെക്കൊണ്ടു പ്രതികരിപ്പിക്കാനുള്ള വേദി ഇപ്പോള്‍ നിയമസഭ മാത്രമായിരിക്കുകയാണെന്നാണു പ്രതിപക്ഷത്തിന്റെ ചിന്ത. തുടര്‍ച്ചയായി അടിയന്തരപ്രമേയ നോട്ടിസ് സ്പീക്കര്‍ തള്ളുന്നതും പ്രതിപക്ഷ പ്രതിഷേധം സഭാ ടിവി കാണിക്കാത്തതുമടക്കമുള്ള വിഷയങ്ങളാണു കഴിഞ്ഞ നിയമസഭാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയത്. ഈ രണ്ടു വിഷയങ്ങളിലും പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കുന്ന നിലപാടാണു സ്പീക്കര്‍ ഇക്കുറി സ്വീകരിക്കുക എന്നു വ്യക്തമായിട്ടുണ്ട്.

റോഡ് ക്യാമറയും ആലുവയില്‍ 5 വയസ്സുകാരി കൊല്ലപ്പെട്ടതും പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തും ആഭ്യന്തര വകുപ്പിന് നാഥനില്ലാതായതും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ പ്രതികാര ബുദ്ധിയോടെ കേസെടുക്കുന്നതും അടക്കം സഭയില്‍ എത്തും.മിത്ത് വിവാദം എങ്ങനെ നിയമസഭയില്‍ അവതരിപ്പിക്കണമെന്ന കാര്യത്തില്‍ യുഡിഎഫ് ഇതുവരെ തീരുമാനെടുത്തിട്ടില്ല. സ്പീക്കര്‍ എ.എൻ.ഷംസീറും സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനും വിവാദം തണുപ്പിക്കാൻ ശ്രമിക്കുന്നതിനാല്‍ നിയമസഭയില്‍ വിഷയം ഉയര്‍ത്തിക്കാട്ടേണ്ടതുണ്ടോ എന്ന സംശയം യുഡിഎഫിനുണ്ട്.

രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി വിധി കോണ്‍ഗ്രസിന്റെ ഊര്‍ജം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതു സഭയിലും പ്രതിഫലിക്കും. ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കേരളത്തിൽ എന്നും സൃഷ്ടിച്ച അലയൊലിയും കോൺഗ്രസിന് പുത്തൻ ഉണർവ്വ് സമ്മാനിച്ചിട്ടുണ്ട്. അതേസമയം സഭയില്‍ 53 വര്‍ഷം തുടര്‍ച്ചയായി എംഎല്‍എ ആയി പ്രവര്‍ത്തിച്ച ഉമ്മൻ ചാണ്ടിയില്ലാതെയാണു 15ാം കേരള നിയമസഭയുടെ 9ാം സമ്മേളനം നാളെ ആരംഭിക്കുന്നത്. നാളെ ഉമ്മൻ ചാണ്ടിക്കും മുൻ സ്പീക്കര്‍ വക്കം പുരുഷോത്തമനും ചരമോപചാരം അര്‍പ്പിച്ച്‌ സഭ പിരിയും. മുൻനിരയില്‍നിന്ന് ഉമ്മൻ ചാണ്ടിയുടെ ഇരിപ്പിടം മാറ്റി സീറ്റുകള്‍ പുനഃക്രമീകരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക