ഇടതുപക്ഷ ജീർണ്ണതകൾ തുറന്നുകാട്ടി പാലാ നഗരസഭയിൽ വീണ്ടും കയ്യാങ്കളി. ഇത്തവണ സിപിഎം സംഘടനാ പ്രതിനിധിയായ ഹെൽത്ത് സൂപ്പർവൈസറെ പൊതിരെ തല്ലിയത് കേരള കോൺഗ്രസിന്റെ മുതിർന്ന കൗൺസിലറും, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഷാജു തുരുത്തനാണ്. ഭരണനിർവഹണവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമാണ് കയ്യാങ്കളിക്ക് പിന്നിൽ എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മർദ്ദനം മുനിസിപ്പൽ കോമ്പൗണ്ടിനുള്ളിൽ; പരാതി ലഭിച്ചില്ലെങ്കിൽ പോലും പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കേണ്ട വിഷയം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുനിസിപ്പൽ കോമ്പൗണ്ടിനുള്ളിൽ വച്ച് ഔദ്യോഗിക ജോലി നിർവഹണത്തിന് ഇടയിലാണ് നഗരസഭ ഹെൽത്ത് സൂപ്പർവൈസറെ നഗരസഭയിലെ ഭരണപക്ഷ കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയ നേതാവ് മർദ്ദിച്ചത്. ആളുകൾ കണ്ടു നിൽക്കെയാണ് മർദ്ദനം ഉണ്ടായത്. ജീവനക്കാർ ഇപ്പോൾ നഗരസഭയ്ക്കുള്ളിൽ പ്രതിഷേധിക്കുകയാണ്. പരാതി ലഭിച്ചില്ലെങ്കിൽ പോലും പോലീസ് കേസെടുത്തു അന്വേഷിക്കേണ്ട വിഷയമാണിത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും, കരുതിക്കൂട്ടി ആക്രമിക്കുകയും ചെയ്ത കുറ്റകൃത്യമായതിനാൽ തന്നെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുക്കേണ്ടതാണ്.

കേരള കോൺഗ്രസ് നീക്കം സിപിഎം ചെയർപേഴ്സനെ അപകീർത്തിപ്പെടുത്താൻ?

ചരിത്രത്തിലാദ്യമായി സിപിഎമ്മിന് നഗരസഭ അധ്യക്ഷ പദവി വിട്ടുകൊടുത്തതിൽ പിന്നെ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗവും സിപിഎമ്മും തമ്മിൽ പാലാ നഗരസഭയ്ക്കുള്ളിൽ പ്രശ്നങ്ങൾ അധികരിച്ചിരിക്കുകയാണ്. ഇരുവശത്തെയും കൗൺസിലർമാർ തമ്മിൽ വാടാ പോടാ വിളിയും മുഷ്ടി ചുരുട്ടലും കൗൺസിൽ യോഗങ്ങളിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ ഇടതുമുന്നണിയിലെ ഘടകകക്ഷികൾ തമ്മിലുള്ള പ്രശ്നങ്ങൾ ഇപ്പോൾ ഉദ്യോഗസ്ഥരുടെ ജീവനും സുരക്ഷയ്ക്കും വെല്ലുവിളിയാകുന്ന കാഴ്ചയാണ് ഉണ്ടാകുന്നത്.

നഗരസഭയിലെ മാലിന്യ നീക്കത്തിന് വേണ്ടി താൽക്കാലികമായി പുതിയ ജീവനക്കാരെ നിയമിക്കണമെന്ന സിപിഎം ചെയർപേഴ്സന്റെ ആവശ്യം ജോസ് കെ മാണി വിഭാഗത്തിലെ കൗൺസിലർമാരുടെ എതിർപ്പിനെ തുടർന്ന് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ വോട്ടിനിട്ട് തള്ളുകയായിരുന്നു. ഇതിന് പിന്നാലെ ശുചീകരണ ഉൽപ്പന്നങ്ങൾ വാങ്ങണമെന്ന ഹെൽത്ത് സൂപ്പർവൈസറുടെ ആവശ്യവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിരാകരിച്ചതാണ് പ്രശ്നങ്ങളുടെ ആരംഭം. ഓണക്കാലം അടുത്തതോടെ ഭരണസമിതിയെ കൂടെ നിൽക്കുന്നവർ തന്നെ മാലിന്യ നീക്കം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിരോധത്തിൽ ആക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന ഈ സംഭവവികാസങ്ങൾ എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ആരംഭം ജോസ് കെ മാണിയെ തോൽപ്പിച്ച അടിയിൽ നിന്ന്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരള കോൺഗ്രസ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലും, സിപിഎം പാർലമെന്ററി പാർട്ടി ലീഡർ ബിനു പുളിക്കകണ്ടവും തമ്മിലുള്ള കയ്യാങ്കളിയോടെയാണ് പാലാ നഗരസഭ കുപ്രസിദ്ധി നേടിത്തുടങ്ങിയത്. അന്ന് തൊട്ട് ഇന്നുവരെ ഭരണപക്ഷം ഒറ്റക്കെട്ടാണെന്ന് സിപിഎം കേരള കോൺഗ്രസ് നേതാക്കൾ ആണ ഇടുമ്പോഴും നഗരസഭയിലെ ജനപ്രതിനിധികൾ തമ്മിലുള്ള പോർവിളി ഇടവേളകളില്ലാതെ തുടരുകയാണ്. ഈ രീതിയിൽ മുന്നോട്ടു പോയാൽ ഇതിന് ശമനം വരുമെന്നും പ്രതീക്ഷിക്കുക വയ്യ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക