കൊച്ചി: മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിധി നാളെ. ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിച്ച ശേഷം തുറന്ന കോടതിയില്‍ നാളെ രാവിലെ വിധി പറയുമെന്ന് ജസ്റ്റിസ് എന്‍ നാഗരേഷ് അറിയിച്ചു. കേന്ദ്ര നടപടി മരവിപ്പിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഒരു ദിവസത്തേക്കു നാളെ വരെ നീട്ടി.

ദേശീയ സുരക്ഷാ കാരണങ്ങളാലാണു ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തതെന്നു വ്യക്തമാക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസക്തമായ ഫയലുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞ സിറ്റിങ്ങില്‍ കോടതി കേന്ദ്രത്തിനു നിര്‍ദേശം നല്‍കിയിരുന്നു. മീഡിയവണ്‍ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്, ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണു കോടതിയുടെ പരിഗണനയിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തങ്ങള്‍ക്ക് സുരക്ഷാ അനുമതി ലഭിച്ച 10 വര്‍ഷത്തിനിടയില്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായി ഒരിക്കല്‍ പോലും പരാതിയില്ലെന്നു ചാനലിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. ലൈസന്‍സ് അപേക്ഷ പുതുക്കുമ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യമില്ലെന്നും അദ്ദേഹം വാദിച്ചു.

ജനുവരി 31നാണു കേന്ദ്ര വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിന്റെ സംപ്രേഷണം വിലക്കിയത്. സുരക്ഷാ കാരണങ്ങളാല്‍ ലൈസന്‍സ് പുതുക്കാനാവില്ലെന്നു സര്‍ക്കാര്‍ ചാനല്‍ മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. ഇതിനെതിരായി ചാനല്‍ മാനേജ്‌മെന്റ് അന്നു തന്നെ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി രണ്ടു ദിവസത്തേക്കു സ്റ്റേ ചെയ്തു. ഫെബ്രുവരി രണ്ടിനു ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി ഇടക്കാല ഇത്തരവിന്റെ കാലാവധി ഇന്നുവരെ നീട്ടിയിരുന്നു.

സുരക്ഷാ കാരണങ്ങളാലാണു ചാനലിന്റെ ലൈസന്‍സ് റദ്ദാക്കിയതെന്നും വിശദാംശങ്ങള്‍ പരസ്യമായി വെളിപ്പെടുത്താനാകില്ലെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ് മനു കഴിഞ്ഞ സിറ്റിങ്ങില്‍ കോടതിയെ അറിയിച്ചിരുന്നു. കോടതി നിര്‍ദേശിച്ചാല്‍ ബന്ധപ്പെട്ട ഫയലുകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. ലൈസന്‍സ് പുതുക്കി നല്‍കാത്തു നയപരമായ കാര്യമാണെന്നും കോടതി ഇടപെടല്‍ പാടില്ലെന്നുമായിരുന്നു കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തത്.

ദേശീയ സുരക്ഷ ഉള്‍പ്പെടുന്ന വിഷയങ്ങളില്‍ മുന്‍കൂര്‍ അറിയിപ്പ് ലഭിക്കാന്‍ അപേക്ഷകന് അവകാശമില്ലെന്ന് നിരീക്ഷിച്ച്‌ കേബിള്‍ ടിവി ലൈസന്‍സുകള്‍ റദ്ദാക്കുന്നതു ശരിവച്ച 2019 ലെ സുപ്രീം കോടതി വിധിയെ കഴിഞ്ഞ സിറ്റങ്ങില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പരാമര്‍ശിച്ചു. ഇടക്കാല ഉത്തരവ് നീട്ടരുതെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, മുന്‍കൂര്‍ നോട്ടിസ് നല്‍കാതെ ലൈസന്‍സ് റദ്ദാക്കാന്‍ ദേശീയ സുരക്ഷ ഒരു കാരണമല്ലെന്ന് മീഡിയവണ്ണിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എസ് ശ്രീകുമാര്‍ വാദിച്ചു. ദേശീയ സുരക്ഷ മാത്രം ചൂണ്ടിക്കാട്ടി വിവരങ്ങള്‍ മറച്ചുവക്കാന്‍ സര്‍ക്കാരിനു കഴിയില്ലെന്ന് പെഗസസ് കേസിലെ സുപ്രീം കോടതി വിധിയെ പരാമര്‍ശിച്ച്‌ അദ്ദേഹം പറഞ്ഞു. അനുരാധ ഭാസിന്‍ കേസിലെ സുപ്രീം കോടതി വിധിയും പരാമര്‍ശിച്ച അദ്ദേഹം പത്രസ്വാതന്ത്ര്യത്തെ ഭരണകൂടം മാനിക്കണമെന്നും പറഞ്ഞു. മീഡിയ വണ്ണിനു സുരക്ഷാ അനുമതി 2010-ല്‍ ലഭിച്ചതാണെന്നും പുതുക്കാന്‍ അപേക്ഷിച്ചപ്പോള്‍ മാത്രമാണ് പ്രശ്നം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 29 വരെയായിരുന്നു ചാനലിന്റെ ലൈസന്‍സ് കാലാവധി. ഇതിനിടെ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന്, ദേശീയ സുരക്ഷ കണക്കിലെടുത്ത് ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ട് ജനുവരി അഞ്ചിനു ചാനലിനു കേന്ദ്രം കാരണം നോട്ടീസ് നല്‍കി. ഈ നോട്ടീസിന് മറുപടിയായി, തങ്ങളെ കേള്‍ക്കാതെ നടപടിയുമായി മുന്നോട്ടുപോകരുതെന്ന് കമ്പനി അഭ്യര്‍ത്ഥിച്ചിരുന്നതായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മീഡിയ വണ്‍ ബോധിപ്പിച്ചിരുന്നു.

2020ലും മീഡിയ വണ്‍ വിലക്ക് നേരിട്ടിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതില്‍ കേബിള്‍ ടെലിവിഷന്‍ നിയമലംഘനമുണ്ടെന്ന് ആരോപിച്ച്‌ 48 മണിക്കൂര്‍ നേരത്തേക്കായിരുന്നു വിലക്ക്. അന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനലും വിലക്ക് നേരിട്ടിരുന്നു. അന്ന് മാപ്പ് പറയില്ലെന്നു വ്യക്തമാക്കിയ മീഡിയ വണ്ണിന്, കോടതിയെ സമീപിക്കാനിരിക്കെ വിലക്ക് നീക്കിയെന്ന അറിയിപ്പ് ലഭിക്കുകയായിരുന്നു. മാര്‍ച്ച്‌ ആറിന് വൈകിട്ട് 7.30 മുതല്‍ നിര്‍ത്തിവച്ച സംപ്രേഷണം ഏഴിനു രാവിലെയാണ് പുനഃരാരംഭിക്കാന്‍ കഴിഞ്ഞത്. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ചാനലാണ് മീഡിയ വണ്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപം വെള്ളിപറമ്പിലാണ് ചാനലിന്റെ ആസ്ഥാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക