മുസ്‌ലിംലീഗ് ദേശീയ കമിറ്റിയുടെ ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്ററിന് വേണ്ടി സംസ്ഥാന കമിറ്റി പ്രഖ്യാപിച്ച തുക സമാഹരണം വമ്ബിച്ച വിജയമായി. ജൂലൈ ഒന്ന് മുതല്‍ 31 വരെ നീണ്ടുനിന്ന കാംപയിനിലൂടെ 26.77 കോടി രൂപയാണ് സമാഹരിച്ചത്. ഇതില്‍ 9.82 കോടി രൂപ മലപ്പുറം ജില്ലയുടെ സംഭാവനയാണ്. കോഴിക്കോട് നിന്ന് 5.10 കോടി രൂപയും കണ്ണൂരില്‍ നിന്ന് 3.97 കോടി രൂപയും കാസര്‍കോട് നിന്ന് 2.76 കോടി രൂപയും ലഭിച്ചു.

മണ്ഡലാടിസ്ഥാനത്തില്‍ വേങ്ങരയാണ് ഒന്നാം സ്ഥാനത്ത് (1.16 കോടി രൂപ). മുൻസിപ്പാലിറ്റിയില്‍ പാനൂര്‍ (32.62 ലക്ഷം), പഞ്ചായതില്‍ എആര്‍ നഗര്‍ (31 ലക്ഷം) എന്നിവ മുന്നിലെത്തി. സമ്ബൂര്‍ണമായും ഓണ്‍ലൈനിലൂടെ നടന്ന തുക സമാഹരണം അത്യാവേശത്തോടെയാണ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. പ്രവര്‍ത്തകര്‍ക്കൊപ്പം നേതാക്കളും എണ്ണയിട്ട യന്ത്രം പോലെ 31 ദിനരാത്രങ്ങള്‍ പ്രവര്‍ത്തിച്ചു. അവസാന ദിനങ്ങളില്‍ തുക സമാഹരണത്തിന് വേഗത കൂടുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജില്ലാ കമിറ്റികളുടെ നേതൃത്വത്തില്‍ മണ്ഡലം, പഞ്ചായത്, മുനിസിപല്‍, ശാഖാ കമിറ്റികള്‍ പ്രത്യേകം കാംപയിനുകളും ഗൃഹസമ്ബര്‍ക്ക പരിപാടികളും നടത്തി. നിശ്ചിത സമയത്തിനുള്ളില്‍ നിശ്ചയിക്കപ്പെട്ട സംഖ്യ പൂര്‍ത്തീകരിക്കാത്ത കമിറ്റികള്‍ക്കെതിരെ സംഘടനാ നടപടിയുണ്ടാകുമെന്ന് സംസ്ഥാന കമിറ്റി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുക സമാഹരണത്തില്‍ പങ്കാളികളായവരെ നേതാക്കള്‍ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

ഈ മുന്നേറ്റം ഓരോരുത്തരുടെയും വിയര്‍പ്പിന്റെ ഫലമാണെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സാധാരണക്കാരായ പ്രവര്‍ത്തകരും മുസ്ലിംലീഗിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട പൊതുസമൂഹവും ഈ കാംപയിൻ വലിയ രീതിയില്‍ വിജയിപ്പിക്കാൻ രംഗത്തുണ്ടായിരുന്നു. പ്രവര്‍ത്തകരും പൊതുസമൂഹവും എത്രത്തോളം ഈ സംഘടനയെ സ്‌നേഹിക്കുന്നു എന്ന് തെളിയിക്കപ്പെട്ട ദിവസങ്ങളാണ് കടന്നുപോയത്. ഈ വിശ്വാസം കാത്തുസൂക്ഷിക്കാൻ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക