തിരുവനന്തപുരം: ഒരു ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും എം.പിയെ പരനാറിയെന്നും വിളിച്ച്‌ അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഇത് പറയാന്‍ എന്ത് യോഗ്യതയെന്ന് കുമ്മനം രാജശേഖരന്‍. പി.സി ജോര്‍ജ് വിഷയത്തിലാണ് അദ്ദേഹം പ്രതികരിച്ച്‌ രംഗത്ത് എത്തിയത്. ഒരു മുഖ്യമന്ത്രി ഉപയോഗിക്കാന്‍ പാടില്ലാത്ത പദപ്രയോഗങ്ങളാണ് അദ്ദേഹം ഉപയോഗിച്ചത്. ആ മുഖ്യമന്ത്രിയാണ് ഇപ്പോള്‍ പി.സി ജോര്‍ജിന്റെ പ്രസംഗത്തില്‍ കുറ്റമാരോപിക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി.

മത വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച്‌ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെതിരെയുള്ള പോലീസ് നടപടി ഏകപക്ഷീയവും പ്രതികാര ബുദ്ധിയോടെയുമുള്ളതാണെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരിക്കണം. ഒരേ നിയമം ചിലരെ മാത്രം ശിക്ഷിക്കാനുള്ള ചാട്ടവാറക്കാമെന്ന് മുഖ്യമന്ത്രി കരുതിയാല്‍ അതിനെതിരെ പ്രതിരോധം ഉണ്ടാകുമെന്നും കുമ്മനം രാജശേഖരന്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത കാലങ്ങളായി ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കുമെതിരെ നടക്കുന്ന വിവേചനങ്ങള്‍ക്കെതിരെ, വിമര്‍ശനം നടത്തി വരികയായിരുന്നു പി.സി ജോര്‍ജ്. ഇതില്‍ അസ്വസ്ഥത പൂണ്ട പിണറായി സര്‍ക്കാര്‍ ജോര്‍ജിനെ കുരുക്കാന്‍ പിന്നാലെ നടക്കുകയായിരുന്നുവെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുലര്‍ച്ചെ അഞ്ച് മണിക്ക് വീട്ടിലെത്തി ഒരു കൊടും കുറ്റവാളിയെ കൈകാര്യം ചെയ്യുന്ന മട്ടിലാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മറ്റു മതവിഭാഗങ്ങളെ അധിക്ഷേപിക്കുകയും അവരെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്ത നിരവധി മത നേതാക്കളുടെ പ്രസംഗം യുട്യൂബില്‍ ലഭ്യമാണ്. അതിലൊന്നും യാതൊരു അസ്വസ്ഥതയും തോന്നാത്ത പിണറായിയും കൂട്ടരും പി.സി ജോര്‍ജിന്റെ പിന്നാലെ നടക്കുന്നത് ഇരട്ടത്താപ്പാണെന്നും കുമ്മനം രാജശേഖരന്‍ വിമര്‍ശിച്ചു. നാട്ടില്‍ നടക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍, തന്റെ സ്വതസിദ്ധ ശൈലിയില്‍ പി.സി ജോര്‍ജ് ഹിന്ദു മഹാ സമ്മേളനത്തില്‍ പറഞ്ഞത് മത വിദ്വേഷമെങ്കില്‍ അതിലും തീവ്രതയോടെ ഹിന്ദു-ക്രിസ്ത്യന്‍ വിരോധം പ്രസംഗിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് മുമ്ബ് നടപടി എടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക