തിരുവനന്തപുരം: ബ്ലോക്ക്, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെയും കെ.പി.സി.സിയുടെയും പുന:സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കേരളത്തിന്റെ ചുമതലക്കാരായ മൂന്ന് എ.ഐ.സി.സി സെക്രട്ടറിമാരെത്തുന്നു. എ.ഐ.സി.സി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ ഈ വിവരമറിയിച്ച്‌ കെ.പി.സി.സി പ്രസിഡന്റിന് കത്തയച്ചു. 24 മുതല്‍ 31 വരെ സെക്രട്ടറിമാര്‍ കേരളത്തിലുണ്ടാവും. ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണിത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പി. വിശ്വനാഥനും ,കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ ഐവാന്‍ ഡിസൂസയും ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ പി.വി. മോഹനനും പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തും. എം.എല്‍.എമാര്‍, എം.പിമാര്‍, മറ്റ് മുതിര്‍ന്ന നേതാക്കള്‍, ജില്ലാ ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍, പോഷകസംഘടനാ ഭാരവാഹികള്‍ എന്നിവരെയെല്ലാം കാണും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, മറ്റ് മുന്‍ കെ.പി.സി.സി പ്രസിഡന്റുമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായും വെവ്വേറെ കൂടിക്കാഴ് നടത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആഗസ്റ്റ് പതിനഞ്ചിനകം മൂന്ന് സെക്രട്ടറിമാരും ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന. അതിന്റെ അടിസ്ഥാനത്തിലാകും പുനഃസംഘടന. ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച്‌ മെറിറ്റടിസ്ഥാനത്തില്‍ പുനഃസംഘടന നടത്തുകയാണ് ലക്ഷ്യം. കെ.പി.സി.സിക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉള്‍പ്പെടെ പരമാവധി 51 ഭാരവാഹികള്‍ മതിയെന്ന് കെ. സുധാകരന്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ചേര്‍ന്ന ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചിരുന്നു. ഓണാവധിക്കാലത്ത് മിക്കവാറും കെ.പി.സി.സി പുനഃസംഘടന നടന്നേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക