കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ നടന്നത് ആസൂത്രിത നീക്കമെന്ന് പൊലീസ്. ആംപ്ലിഫയറില്‍ നിന്ന് മൈക്കിലേക്കുള്ള കേബിള്‍ ബോധപൂര്‍വം ചവിട്ടിപ്പിടിച്ചെന്ന് വിലയിരുത്തല്‍. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്നാണ് എഫ്‌ഐആറിലുള്ളത്. എന്നാല്‍ എഫ്‌ഐആറില്‍ ആരെയും പ്രതിയാക്കിയിട്ടില്ല.

മുഖ്യമന്ത്രി പ്രസംഗിക്കുമ്ബോള്‍ മൈക്കില്‍ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്നമുണ്ടാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. മൈക്ക്, ആംപ്ലിഫയര്‍, കേബിള്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ഇലട്രിക്കല്‍ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തും. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂര്‍വമാണോ അതോ സാങ്കേതിക പ്രശ്നമാണോ എന്നാണ് പരിശോധിക്കുക. പരിശോധനയ്ക്ക് ശേഷം മൈക്ക്, ആംപ്ലിഫയര്‍, കേബിള്‍ എന്നിവ വിട്ട് കൊടുക്കുമെന്നും പൊലീസ് വിശദീകരിച്ചു.ഇതിനിടെ, മൈക്ക് കേടായതിന് കേസെടുത്ത നടപടിയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. സാങ്കേതിക പ്രശ്നത്തിന് പൊലീസ് സ്വമേധയാ കേസെടുത്തത് ശരിയായില്ലെന്നാണ് കോണ്‍ഗ്രസ് പക്ഷം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ചത് അനാദരവായി കാണേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു. മൈക്കിനെ അറസ്റ്റ് ചെയ്യണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുമ്ബോള്‍ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിനാണ് പൊലീസ് കേസെടുത്തത്. കന്റോണ്‍മെന്‍റ് പൊലീസാണ് സ്വമേധയാ കേസെടുത്തത്.

കേരളാ പൊലീസ് ആക്‌ട് പ്രകാരമാണ് കേസ്. 118 E KPA ആക്‌ട് പ്രകാരം (പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷയില്‍ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞു കൊണ്ട് ചെയ്യല്‍) ആണ് കേസെടുത്തിരിക്കുന്നത്. അയ്യങ്കാളി ഹാളില്‍ കഴിഞ്ഞ ദിവസമായിരുന്നു കെപിസിസി സംഘടിപ്പിച്ച അനുസ്മരണ പരിപാടി നടന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക