ഒരു പതിറ്റാണ്ട് കാലമായി കേരള ഹൈക്കോടതി അഭിഭാഷകനായി തുടരുന്ന തിരുവനന്തപുരത്ത് വഞ്ചിയൂർ സ്വദേശി മനു ജി രാജനെതിരെ പൊലീസ് കേസെടുത്തു. വ്യാജ എല്‍എല്‍ബി സർട്ടിഫിക്കറ്റ് ഉണ്ടാക്കി ഹൈക്കോടതിയില്‍ എൻറോള്‍ ചെയ്തതിനാണ് മനു ജി രാജനെതിരെ കേസെടുത്തിരിക്കുന്നതെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ചൊവ്വാഴ്ച എറണാകുളം സെൻട്രല്‍ പൊലീസാണ് മനുവിനെതിരെ കേസെടുത്തത്.

സമാനമായ കേസില്‍ ആലപ്പുഴ ജില്ലാ കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന വനിതാ അഭിഭാഷക കഴിഞ്ഞ വർഷം അറസ്റ്റിലായിരുന്നു. തിരുവനന്തപുരം കൻ്റോണ്‍മെൻ്റ് പൊലീസ് സ്റ്റേഷനിലാണ് മനുവിനെതിരെ ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. എന്നാല്‍ കൊച്ചിയിലെ ബാർ കൗണ്‍സിലില്‍ എൻറോള്‍ ചെയ്തതിനാലാല്‍ എറണാകുളം സെൻട്രല്‍ സ്റ്റേഷനിലേയ്ക്ക് കേസ് മാറ്റുകയായിരുന്നു. ബിഹാറിലെ മഗധ് സർവകലാശാലയുടെ പേരില്‍ വ്യാജ എല്‍എല്‍ബി സർട്ടിഫിക്കറ്റ് ഉണ്ടാക്കി 2013ലാണ് മനു ജി രാജൻ കേരള ബാർ കൗണ്‍സിലില്‍ എൻറോള്‍ ചെയ്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാറാനല്ലൂർ സ്വദേശി സച്ചിൻ എ ജി നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജനുവരി ആറിന് കൻ്റോണ്‍മെൻ്റ് പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്ബ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നുവെന്ന് സച്ചിൻ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൻ്റെ ഭാഗമായി അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ (എസിപി) ബന്ധപ്പെട്ട സർവകലാശാലയെ സമീപിച്ചിരുന്നു. മനു സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് മഗധ് സർവകലാശാലയുടെ പരീക്ഷാ കണ്‍ട്രോളർ സ്ഥിരീകരിച്ചതായാണ് വിവരം.

2003ല്‍ തിരുവനന്തപുരം ലോ കോളേജിലെ വിദ്യാർത്ഥിയായിരുന്നു മനുവെന്ന് സച്ചിൻ പറയുന്നു. “എന്നാല്‍ കോഴ്സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കെഎസ്‌യു അംഗമായി വിദ്യാർത്ഥി രാഷ്ട്രീയത്തിലിറങ്ങിയ മനു കേരള സർവകലാശാല സെനറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2023ല്‍ കേരള സർവകലാശാല ബിരുദ സർട്ടിഫിക്കറ്റ് നല്‍കി. എന്നാല്‍ ബിരുദം നേടിയതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഗവർണർക്ക് കത്തെഴുതിയിട്ടുണ്ട്. ക്ലയിൻ്റുകള്‍ക്കായി അദ്ദേഹം ഇപ്പോഴും കോടതിയില്‍ ഹാജരാകുന്നുണ്ടെന്നും” സച്ചിൻ കൂട്ടിച്ചേർത്തു.

വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി ബാർ കൗണ്‍സില്‍ എൻറോള്‍മെൻ്റ് കമ്മിറ്റി ചെയർമാൻ പ്രമോദ് എസ് കെ പറഞ്ഞു. “വിഷയം ശ്രദ്ധയില്‍പ്പെട്ടതിന് തൊട്ടുപിന്നാലെ ഞങ്ങള്‍ അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് മഗധ് സർവകലാശാലയ്ക്ക് കത്തയച്ചിരുന്നു. അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണ്. മനു പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനായതിനാല്‍ പ്രാഥമിക അന്വേഷണം പൂർത്തിയായാല്‍ മാത്രമേ നടപടിയുണ്ടാകൂവെന്നും” അദ്ദേഹം പറഞ്ഞു.പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി എറണാകുളം സെൻട്രല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക