വ്യാജരേഖ തയാറാക്കി സര്‍കാര്‍ ജോലി സ്വന്തമാക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യുവതി അറസ്റ്റില്‍. വാളത്തുങ്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആര്‍ രാഖി(25) യാണ് അറസ്റ്റിലായത്. ഈസ്റ്റ് പൊലീസ് ആണ് യുവതിയെ അറസ്റ്റുചെയ്തത്. ഇവര്‍ കൊണ്ടുവന്ന റാങ്ക് ലിസ്റ്റ് അഡൈ്വസ് മെമോ, നിയമന ഉത്തരവ് എന്നിവ വ്യാജമെന്ന് പൊലീസും പി എസ് സിയും അറിയിച്ചു. കരുനാഗപ്പള്ളി താലൂക് ഓഫിസിലാണ് വ്യാജ രേഖകളുമായി യുവതി ജോലിക്കെത്തിയത്.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത്:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശനിയാഴ്ച രാവിലെ കരുനാഗപ്പള്ളി താലൂക് ഓഫിസില്‍ ഭര്‍ത്താവിന്റെ കുടുംബത്തോടൊപ്പം എത്തിയ രാഖി റവന്യു വകുപ്പില്‍ ജോലി ലഭിച്ചതായുള്ള പി എസ് സിയുടെ അഡൈ്വസ് മെമോ, കരുനാഗപ്പള്ളി താലൂക് ഓഫിസില്‍ എല്‍ഡി ക്ലാര്‍കായി ജോലിയില്‍ പ്രവേശിക്കാനുള്ള അപോയ്‌മെന്റ് ലെറ്റര്‍ എന്നിവ സഹിതമാണ് എത്തിയത്. രേഖകള്‍ പരിശോധിച്ച താലൂക് ഓഫിസ് അധികൃതര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് രേഖകള്‍ സ്വീകരിക്കാതെ പറഞ്ഞയയ്ക്കുകയായിരുന്നു.

കരുനാഗപ്പള്ളി തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്കും പിന്നീട് കരുനാഗപ്പള്ളി പൊലീസിലും പരാതി നല്‍കി. പിന്നീട് രാഖിയും കുടുംബവും കൊല്ലത്തെ പി എസ് സി റീജനല്‍ ഓഫിസിലെത്തി റാങ്ക് ലിസ്റ്റില്‍ ആദ്യം പേരുണ്ടായിരുന്നുവെന്നും അഡൈ്വസ് മെമോ പോസ്റ്റില്‍ ലഭിച്ചെന്നുമുള്ള അവകാശവാദം ഉന്നയിച്ചു. പുറത്തിറങ്ങി മാധ്യമങ്ങളോട് പി എസ് സി ഉദ്യോഗസ്ഥര്‍ റാങ്ക് ലിസ്റ്റ് തിരുത്തിയ വിവരം അറിയിക്കുമെന്നും പറഞ്ഞു ബഹളമുണ്ടാക്കി. പി എസ് സി റീജനല്‍ ഓഫിസര്‍ ആര്‍ ബാബുരാജ്, ജില്ലാ ഓഫിസര്‍ ടിഎ തങ്കം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നു തെളിഞ്ഞു.

രാഖി കുറ്റം സമ്മതിച്ചതായും സര്‍കാര്‍ ജോലി ലഭിക്കാത്തതിലെ മാനസിക സംഘര്‍ഷത്തില്‍ ചെയ്തതാണെന്ന് അവര്‍ പറഞ്ഞതായും പൊലീസ് പറഞ്ഞു. ഭര്‍ത്താവിനും കുടുംബത്തിനും രേഖകള്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് അറിവില്ലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.സെക്രടേറിയേറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ 102- ാം റാങ്ക് ഉണ്ടെന്നും രാഖി പറഞ്ഞിരുന്നു. എന്നാല്‍ സെക്രടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ എഴുതി എന്ന് രാഖി പറഞ്ഞ ദിവസം സെന്ററായ സ്‌കൂളില്‍ പരീക്ഷ നടന്നിട്ടില്ല എന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ശനിയാഴ്ച നടന്ന സിവില്‍ പൊലീസ് ഓഫിസര്‍ എക്‌സാമിന് സ്‌ക്വാഡ് ജോലിക്കു പോകേണ്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കാന്‍ നടത്തിയ ശ്രമമായിട്ടും സംഭവത്തെ സംശയിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക