സിപിഐ മന്ത്രിമാര്‍ക്ക് എതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഐഎം അനുകൂല കര്‍ഷക സംഘം. നെല്ലിന്റെ വില നല്‍കാതെ കര്‍ഷകരെ കണ്ണീരു കുടിപ്പിക്കുന്ന താന്തോന്നിത്തവും തോന്ന്യാസവും ഇടതു മുന്നണിയില്‍ വേണ്ടെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിനെ മുന്നണിയുടെ നയം പഠിപ്പിക്കണമെന്നും കേരള കര്‍ഷകസംഘം ആവശ്യപ്പെട്ടു. വാഴക്കുല വെട്ടി അതുമായി നവമാധ്യമങ്ങളില്‍ പടം ഇട്ടതുകൊണ്ടൊന്നും കൃഷിക്കാരനാകില്ലെന്നും അവരുടെ ബുദ്ധിമുട്ട് അറിയില്ലെന്നും കൃഷിമന്ത്രി പി പ്രസാദിന് ആ പണി അറിയില്ലെങ്കില്‍ മാറിപ്പോകണമെന്നും കര്‍ഷക സംഘം വിമര്‍ശനം ഉന്നയിച്ചു.

നെല്ലിന്റെ വില ആവശ്യപ്പെട്ടു കേരള കര്‍ഷകസംഘം പാലക്കാട് സപ്ലൈകോ പാഡി മാര്‍ക്കറ്റിങ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ഭക്ഷ്യ, കൃഷി മന്ത്രിമാര്‍ക്ക് എതിരെ നേതാക്കള്‍ രൂക്ഷമായി പ്രതികരിച്ചത്. നെല്ലിന്റെ വില വര്‍ദ്ധിപ്പിക്കാതെ കര്‍ഷകര്‍ സപ്ലൈകോ ഉദ്യോഗസ്ഥരെ തെരുവില്‍ കാണേണ്ടി വരുന്നതിനു മുന്‍പ് മര്യാദയ്ക്കു പണം നല്‍കണം. ഇല്ലെങ്കില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് ഓഫിസുകള്‍ പ്രവര്‍ത്തിക്കില്ല.- നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭക്ഷ്യ സിവില്‍ സപ്ലൈസ്, കൃഷി വകുപ്പുകള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സല്‍പേരിന് കളങ്കം വരുത്തുന്നു. 400 കോടി കടമെടുത്ത്, കടമെടുക്കും എന്നൊക്കെ പറയാന്‍ തുടങ്ങി കാലമെത്രയായി. എന്നിട്ടും നെല്ലിന്റെ വില വര്‍ധിച്ചില്ല. ധനമന്ത്രി പണം നല്‍കിയിട്ടല്ല മുന്‍പും നെല്ലിന്റെ വില നല്‍കിയിരുന്നത്. സഹകരണ ബാങ്കുകളില്‍ നിന്നുള്‍പ്പെടെയാണ് തുക നല്‍കിയിരുന്നത്. കേരള ബാങ്ക് കൂടുതല്‍ പലിശ ചോദിച്ചെന്ന് സപ്ലൈകോ സര്‍ക്കാരിനെയും വകുപ്പു മന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിച്ചു. കൂടുതല്‍ തുകയ്ക്ക് ഇതര ബാങ്കുകളില്‍ നിന്നു വായ്പ എടുത്തതിന് എന്ത് ഉപഹാരം കിട്ടി എന്നത് അന്വേഷിക്കേണ്ടി വരും. ഇതുവഴി സര്‍ക്കാരിന് കോടിക്കണക്കിനു രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നും കര്‍ഷക സംഘം നേതാക്കള്‍ ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക