ന്യൂഡൽഹി : പെഗാസസ് സോഫ്റ്റ്‌വെയര്‍ ഇന്ത്യന്‍ സര്‍ക്കാരിനു നല്‍കിയോയെന്ന ചോദ്യത്തിനു മറുപടി പറയാതെ ഇസ്രയേൽ കമ്പനി എന്‍എസ്ഒ. ഏതൊക്കെ രാജ്യങ്ങള്‍ പെഗാസസ് ഉപയോഗിക്കുന്നുവെന്നു പറയാനാകില്ലെന്നു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ എന്‍എസ്ഒയുടെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരുമായി ഏതെങ്കിലും തരത്തിലുള്ള കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ, പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വാങ്ങിയിട്ടുണ്ടോ എന്നീ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ എന്‍എസ്ഒ തയാറായില്ല. പെഗാസസ് ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പേരുകള്‍ രഹസ്യമാണ്. അതിനാല്‍ ഏതെങ്കിലും രാജ്യം ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന് പറയാനാകില്ലെന്നായിരുന്നു പ്രതികരണം.
കഴിഞ്ഞദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ട രാജ്യങ്ങളുടെ പട്ടിക തെറ്റാണെന്നും എന്‍എസ്ഒ അവകാശപ്പെട്ടു. എന്നാല്‍ ഏത് രാജ്യത്തിന്‍റെ പേരാണ് തെറ്റായി നല്‍കിയതെന്ന് വ്യക്തമാക്കിയില്ല. പെഗാസസുമായി ബന്ധമുണ്ടോയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കണമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു. ബിജെപി ഭാരതീയ ചാരവൃത്തി പാര്‍ട്ടിയായെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഒരു ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് പാര്‍ലമെന്‍റിന്‍റെ ഐടി സമിതി ചെയര്‍മാന്‍ ശശി തരൂര്‍ ആവശ്യപ്പെട്ടു.