സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി. അടുത്ത 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ പ്രവചനം.

ശക്തമായ മഴയില്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. സംസ്ഥാനത്താകെ കാറ്റിലും മഴയിലും 36 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഹരിപ്പാട്, കായംകുളം മേഖലകളിലാണ് വീടുകള്‍ തകര്‍ന്നത്. 24 അംഗ എൻ.ഡി.ആര്‍.എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം വെച്ചൂരിലും പൂഞ്ഞാറിലും വീടുകള്‍ ഇടിഞ്ഞുവീണതായി റിപ്പോര്‍ട്ടുകളുണ്ട്. തിരുവനന്തപുരം മുതലപ്പുഴയില്‍ മത്സ്യബന്ധന വള്ളം അപകടത്തില്‍പ്പെട്ടു. വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മറിഞ്ഞ വള്ളം കരയ്ക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. പത്തനംതിട്ട കോട്ടാങ്ങലില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. ഒൻപതാം വാര്‍ഡിലെ ജോസഫിന്റെ വീട്ടുപരിസരത്തെ കിണറാണ് ഇടിഞ്ഞത്.

കൊച്ചിയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. സമീപത്തെ ഓടകളില്‍ നിന്നും ശുചിമുറിയില്‍ നിന്നുമടക്കം ഒഴുകിവരുന്ന മലിനജലമാണ് സ്റ്റാൻഡില്‍ കെട്ടിക്കിടക്കുന്നത്. ഒറ്റദിവസത്തെ മഴയാണ് പ്രദേശത്തെ ആകെ വെള്ളത്തില്‍ മുക്കിയിരിക്കുന്നത്. സ്റ്റാൻഡിലെ കടകളിലേക്കുംം മലിനജലം കയറുന്ന സാഹചര്യമുണ്ട്.

തൃശൂര്‍ പെരിങ്ങാവ് ചേരൂര്‍ റോഡില്‍ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണു. ഇതോടെ തൃശൂരില്‍ വൈദ്യുത പോസ്റ്റുകളും ലൈനുകളും തകരാറിലായി. പ്രദേശത്ത് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ സഹകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് കര്‍ശന വിലക്കുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക