പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് മൊബൈല്‍ ഫോണ്‍ ക്യാമറയിലെങ്കിലും പകര്‍ത്തി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കൈമാറി പാരിതോഷികം നേടാമെന്ന ഉത്തരവിനോട് മികച്ച പ്രതികരണം. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇത്തരം നിരവധി ദൃശ്യങ്ങളാണ് ലഭിക്കുന്നത്. മാലിന്യം തള്ളിയവരില്‍ നിന്ന് ഈടാക്കുന്ന പിഴയില്‍ നിന്ന് 2,500 രൂപ വരെ പാരിതോഷികം ലഭിക്കും.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ തിരിച്ചറിയുന്നതിനും നിയമനടപടി സ്വീകരിക്കുന്നതിനും വിശ്വസനീയമായ വിവരങ്ങള്‍ അടങ്ങുന്ന ഫോട്ടോ, വീഡിയോ, സ്ഥലം, സമയം സഹിതം തെളിവ് നല്‍കണം. കുറ്റക്കാരില്‍ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനം അല്ലെങ്കില്‍ പരമാവധി 2500 രൂപ വരെയാണ് പാരിതോഷികം ലഭിക്കുക. പൊതു ഇടങ്ങള്‍, സ്വകാര്യ സ്ഥലങ്ങള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങി നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറ്റംചെയ്ത ആളിനെയോ വാഹനമോ തിരിച്ചറിയാൻ കഴിയുംവിധം വ്യക്തമായ വിഡിയോയോ ഫോട്ടോയോ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. ഇതിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും വാട്സ് ആപ്പ് നമ്ബര്‍, ഇ മെയില്‍ ഐ.ഡി എന്നിവ പ്രസിദ്ധീകരിക്കും. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യുന്ന ആളിന്റെ വിവരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

നടപടിക്രമം: കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം നടപടി സ്വീകരിക്കണം. കുറ്റക്കാരില്‍ നിന്ന് പിഴ ഈടാക്കിയാല്‍ 30 ദിവസത്തിനകം നിയമലംഘനം റിപ്പോര്‍ട്ട് ചെയ്ത ആളിന് പാരിതോഷികം നല്‍കണം. പണം ബാങ്ക് അക്കൗണ്ട് വഴിയോ ഇലക്‌ട്രോണിക്സ് ട്രാൻസ്ഫര്‍ വഴിയോ മാത്രമേ നല്‍കാവൂ. ഇതിന്റെ രേഖകള്‍ പെര്‍ഫോമൻസ് ഓഡിറ്റിന് ഹാജരാക്കുകയും വേണം.

ലക്ഷ്യം: മാലിന്യമുക്ത കേരളം , ആരോഗ്യകരമായ അന്തരീക്ഷം എന്നിവയാണ് മുഖ്യ ലക്ഷ്യം. പരിസ്ഥിതിക്ക് ദോഷവും പൊതുജനങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്ന നിയമവിരുദ്ധ മാലിന്യ നിക്ഷേപം റിപ്പോര്‍ട്ട് ചെയ്യുന്നതിന് പൗരന്മാരെ പ്രോത്സാഹിപ്പിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക