കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച തിരുവനന്തപുരം നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുകേസിൽ രഹസ്യവിവരം നൽകിയ വ്യക്തിക്കു കസ്റ്റംസ് പാരിതോഷികമായി നൽകുന്നത് 45 ലക്ഷം രൂപ! രഹസ്യവിവരം കൈമാറുന്നവർക്കുള്ള ഇത്തരം പാരിതോഷികങ്ങളാണ് ഒട്ടേറെ വലിയ സ്വർണക്കടത്തുകേസുകൾ പിടികൂടാൻ കസ്റ്റംസിനെ സഹായിച്ചിട്ടുള്ളത്. ചില കേസുകളിൽ കാരിയർക്കു കിട്ടുന്ന കമ്മിഷനേക്കാൾ വലിയ തുകയാകും വിവരം നൽകുന്ന ഇൻഫോർമർക്ക് ലഭിക്കുന്നത്. എന്നാൽ കേരളത്തിൽ സ്വർണത്തിന്റെ നികുതിവെട്ടിപ്പ് തടയാൻ ജിഎസ്ടി വകുപ്പ് പ്രഖ്യാപിച്ച പാരിതോഷികത്തിന് ഒന്നര വർഷമായിട്ടും ആരും അർഹരായിട്ടില്ല.

10 ഗ്രാം സ്വർണം പിടികൂടാൻ സഹായിക്കുന്നവർക്ക് 1500 രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഒരു കിലോഗ്രാം സ്വർണം പിടികൂടിയാൽ വിവരം നൽകുന്നയാൾക്ക് ലഭിക്കുക 1.5 ലക്ഷം രൂപ. സ്വർണം, വെള്ളി എന്നിവയൊഴികെയുള്ള വസ്തുക്കളുടെ നികുതിവെട്ടിപ്പ് അറിയിക്കുന്നവർക്ക് ഖജനാവിലേക്ക് ലഭിക്കുന്ന തുകയുടെ 20 ശതമാനം വരെ പാരിതോഷികമായി ലഭിക്കും. വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ജിഎസ്ടി വകുപ്പ് ഉറപ്പ് നൽകുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പലരും വിവരങ്ങൾ നൽകുന്നുണ്ടെങ്കിലും അതൊന്നും നികുതിവെട്ടിപ്പ് പിടികൂടാൻ സഹായകരമായ വിവരങ്ങൾ അല്ലെന്നാണ് ജിഎസ്ടി വകുപ്പിന്റെ വിശദീകരണം. അതുകൊണ്ടാണ് ഒന്നര വർഷമായിട്ടും ഒരാൾക്കു പോലും പാരിതോഷികം നൽകാത്തത്. നികുതിവെട്ടിപ്പ് പിടികൂടാൻ നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർക്ക് പരമാവധി 2 ലക്ഷം രൂപ വരെ സമ്മാനം നൽകാനും വകുപ്പുണ്ട്. എന്നാൽ ഉദ്യോഗസ്ഥർക്കും ഈ പണം ലഭിച്ചിട്ടില്ല.

പിടികൂടിയത് കോടികളുടെ സ്വർണം

നികുതി വെട്ടിച്ചു സ്വർണം കടത്തുന്നതിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച ശേഷമുള്ള ഒന്നര വർഷത്തിനിടെ സംസ്ഥാനത്ത് 247 കിലോഗ്രാമോളം സ്വർണം രേഖകളില്ലാതെ വിൽപനയ്ക്ക് എത്തിച്ചതു ജിഎസ്ടി വകുപ്പ് പിടികൂടിയിട്ടുണ്ട്. 2019–20 സാമ്പത്തിക വർഷത്തിൽ രേഖകളില്ലാത്തതിന് പിടിച്ചെടുത്തത് 87 കിലോഗ്രാം സ്വർണമാണ്. 133 കേസുകളിലായാണ് ഇത്രയും സ്വർണം പിടിച്ചത്. 8.98 കോടി രൂപ പിഴയായി ഈടാക്കി.

2020 ഏപ്രിൽ മുതൽ 2021 ഒക്ടോബർ വരെയുള്ള കാലയളവിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നു നികുതിയടയ്ക്കാതെ വിൽപനയ്ക്കെത്തിച്ച 160 കിലോഗ്രാം സ്വർണം പിടികൂടി. 215 കേസുകളിലായാണ് ഇത്രയും സ്വർണം ജിഎസ്ടി വകുപ്പ് പിടികൂടിയത്. ഇതിൽ 144 കേസുകളിൽ നികുതിയും പിഴയും ഈടാക്കി സ്വർണം വിട്ടുനൽകി. 71 കേസുകളിൽ ആവശ്യമായ രേഖകളില്ലാതെ കടത്തിയ സ്വർണം പിടിച്ചെടുത്തു. 6.87 കോടി രൂപയാണ് അതുവഴി സർക്കാരിന് ലഭിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക