ന്യൂഡൽഹി: അധോലോക കുറ്റവാളിയും മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിനും ഡി കമ്പനിക്കുമെതിരെ ദേശീയ അന്വേഷണ ഏജൻസി നടപടി ശക്തമാക്കി. ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് എൻഐഎ അറിയിച്ചു. ഇയാളുടെ അടുത്ത അനുയായിയായ ഛോട്ടാ ഷക്കീലിനെ കുറിച്ച് വിവരം നൽകിയാൽ 20 ലക്ഷം രൂപ ലഭിക്കും.

ദാവൂദ് സംഘത്തിലെ അനീസ് ഇബ്രാഹിം, ജാവേദ് ചിക്ന എന്ന ജാവേദ് പട്ടേൽ, ടൈഗർ മേമൻ എന്ന ഇബ്രാഹിം മുഷ്താഖ് അബ്ദുൾ റസാഖ് മേമൻ എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ വീതം എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെല്ലാം പാക്കിസ്ഥാനിൽ ഒളിച്ചിരിക്കുകയാണെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്താരാഷ്ട്ര തീവ്രവാദ ശൃംഖലയായ ഡി കമ്പനി നിരവധി ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് എൻഐഎ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ആയുധക്കടത്ത്, മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, ഇന്ത്യൻ കറൻസിയുടെ കള്ളനോട്ടടിപ്പ്, അധോലോക സംഘങ്ങൾ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഡി കമ്പനി ഉൾപ്പെട്ടിട്ടുണ്ടെന്ന് എഫ്ഐആർ പറയുന്നു.

കൂടാതെ, യുഎൻ നിരോധിത ഭീകര സംഘടനകളായ ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, അൽ-ഖ്വയ്ദ എന്നിവയുമായി ബന്ധവും സഹകരണവും ഉണ്ടെന്ന് എൻഐഎ പറയുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഹവാല ശൃംഖല നിയന്ത്രിക്കുന്നതും ദാവൂദാണെന്ന് അന്വേഷണ ഏജൻസി വെളിപ്പെടുത്തി. 257 പേരുടെ മരണത്തിനിടയാക്കിയ 1993ലെ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരൻ ദാവൂദ് ഇബ്രാഹിമാണ്. വർഷങ്ങളായി ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക