പാര്‍ട്ടിക്കുള്ളില്‍ പരസ്‌പര വിശ്വാസം നഷ്‌ടപ്പെട്ടുവെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസൻ. ഐക്യം നഷ്‌ടപ്പെടാൻ കാരണക്കാരായവരുമായി ഇനി ചര്‍ച്ച നടത്തിയിട്ട് കാര്യമില്ലെന്നും ഹൈക്കമാൻഡിന് മാത്രമേ അത് പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളൂവെന്നും ഹസൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.താരിഖ് അൻവര്‍ മാത്രമല്ല ഹൈക്കമാൻഡെന്നും എന്നാല്‍ താരിഖ് അൻവര്‍ വിളിച്ചാല്‍ ചര്‍ച്ചയ്ക്ക് പോകുമെന്നും ഹസൻ വ്യക്‌തമാക്കി.

പാര്‍ട്ടിയില്‍ ഗൗരവമേറിയ ഒരു പ്രശ്‌നമുണ്ട്. സുല്‍ത്താൻ ബത്തേരിയില്‍ ഉണ്ടാക്കിയ ഐക്യത്തിന് മങ്ങലേറ്റു. സുല്‍ത്താൻ ബത്തേരിയില്‍ നടന്ന കെപിസിസി ലീഡര്‍ഷിപ്പ് മീറ്റില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്‌തതാണ്. ഐക്യത്തോടെ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം എന്നായിരുന്നു തീരുമാനം. അന്ന് ഒരു സമവായ കമ്മിറ്റി രൂപീകരിച്ചിരുന്നു. തര്‍ക്കമുള്ള ബ്ലോക്കുകള്‍ ചര്‍ച്ച ചെയ്യുമ്ബോള്‍ മുൻ കെപിസിസി അധ്യക്ഷൻമാരോട് ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആ ചര്‍ച്ച നടന്നില്ല. അതോടെ ഐക്യത്തിന് മങ്ങലേറ്റു. പരസ്‌പര വിശ്വാസം നഷ്‌ടപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അത് വീണ്ടെടുക്കണമെന്ന് വളരെ നിര്‍ബന്ധമുണ്ട്. കൂട്ടായ നീക്കത്തിലൂടെ നൂറ് ശതമാനം വിജയം നേടണമെന്നും എംഎം ഹസൻ വ്യക്‌തമാക്കി. ഐക്യം പുനഃസ്ഥാപിക്കാൻ ഹൈക്കമാൻഡിന് മാത്രമേ കഴിയൂ. പുനഃസംഘടനയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നില്ല. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ചര്‍ച്ചകള്‍ നടത്താതെയുള്ള നാടകീയ പ്രഖ്യാപനങ്ങളാണ്.

ചര്‍ച്ച നടന്നിരുന്നുവെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. തന്നോടും രമേശ് ചെന്നിത്തലയോടും ചര്‍ച്ച ചെയ്യണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ല. കെ സുധാകരനെതിരെയോ വി ഡി സതീശനെതിരെയോ ഒരു നീക്കവും തങ്ങള്‍ നടത്തിയിട്ടില്ല. സതീശന് എതിരായ വിജിലൻസ് അന്വേഷണവും പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക