ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറുനാടൻ മലയാളിയുടെ ഉടമയായ ഷാജൻ സ്കറിയ ദുരുപയോഗം ചെയ്യുന്നതായി ഡല്‍ഹി ഹൈക്കോടതി. ലുലു ഗ്രൂപ്പിനും ചെയര്‍മാൻ എം എ യൂസഫലിക്കുമെതിരായ അപകീര്‍ത്തികരമായ ഉള്ളടക്കം അടങ്ങിയ എല്ലാ വീഡിയോകളും വാര്‍ത്തകളും പിൻവലിക്കാൻ ഷാജൻ സ്കറിയയോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. ഷാജൻ സ്കറിയക്ക് ഹൈക്കോടതി സമൻസ് അയച്ചു.

ഫലപ്രദമായ ജനാധിപത്യത്തിൻ്റെ അവിഭാജ്യ ഘടകമാണ് മൗലിക അവകാശമായ അഭിപ്രായ സ്വാതന്ത്ര്യം. എന്നാല്‍ ഇത് മറ്റൊരു വ്യക്തിയെ അപമാനിക്കുന്നതിനോ വ്യക്തിഹത്യ നടത്തുവാനോ അവരുടെ സ്വാതന്ത്ര്യത്തിനെ അവഹേളിക്കുന്നതിനോ ഉള്ള അവകാശം അല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രാജ്യത്തിൻ്റെ ഉന്നത ഭരണഘടനാ സ്ഥാനങ്ങളില്‍ ഇരിക്കുന്ന വ്യക്തികളെ തെറ്റായ ആരോപണങ്ങള്‍ വാര്‍ത്തയിലൂടെ പ്രക്ഷേപണം ചെയ്ത് അവഹേളിക്കുന്നതായും കോടതി നിരീക്ഷിച്ചു. തനിക്കും ലുലു ഗ്രൂപ്പിനും എതിരായ അപകീര്‍ത്തികരവും സ്വകാര്യത ലംഘിക്കുന്നതും ജീവിക്കുവാനുള്ള അവകാശം ഹനിക്കുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഷാജൻ സ്കറിയയെയും അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെയും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള യൂസഫലിയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ സുപ്രധാനമായ ഉത്തരവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലുലു ഗ്രൂപ്പിനും എം എ യൂസഫലിക്കുമെതിരായ അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ അടങ്ങിയ എല്ലാ വീഡിയോകളും പിൻവലിക്കാൻ ഷാജൻ സ്കറിയക്ക് 24 മണിക്കൂര്‍ സമയമാണ് ഡല്‍ഹി ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. ഈ നിര്‍ദ്ദേശം പാലിക്കാൻ മറുനാടൻ മലയാളി തയ്യാറായില്ലെങ്കില്‍ മറുനാടൻ ചാനല്‍ സസ്പെൻഡ് ചെയ്യാനും അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനും യൂട്യൂബിനും ഗൂഗിളിനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യുന്നതില്‍ നിന്ന് ഷാജൻ സ്കറിയയെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്.

വിവിധ കോടതികള്‍ വിലക്കിയിട്ടും യൂസഫലിക്കും ലുലു ഗ്രൂപ്പിനുമെതിരായ വ്യാജ വാര്‍ത്തകള്‍ ഷാജൻ സ്കറിയ പ്രസിദ്ധീകരിക്കുന്നുവെന്ന് യൂസഫലിക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനും മുൻ അറ്റോര്‍ണി ജനറലുമായിരുന്ന മുകുള്‍ റോത്തഗി ആരോപിച്ചു. എന്നാല്‍ ഡല്‍ഹി ഹൈക്കോടതിക്ക് യൂസഫലിയുടെ ഹര്‍ജി പരിഗണിക്കാൻ നിയമപരമായ അവകാശം ഇല്ലെന്നായിരുന്നു ഷാജൻ സ്കറിയയുടെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ചന്ദ്രധാരി സിംഗ് ഷാജൻ സ്കറിയക്കെതിരെ രൂക്ഷ വിമര്‍ശനത്തോടെയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക